മയിലാടുംകുന്ന്: അദ്ധ്യായം ഒന്ന്

World of Letters

മയിലാടുംകുന്ന്: അദ്ധ്യായം ഒന്ന്


പൊന്നോണപ്പൂക്കാലം വന്നു. മലനാടിന്റെ മനം കുളിർപ്പിക്കുന്ന മാദകമായ വസന്തകാലം. നാട്ടുംപുറത്തെങ്ങും ആഹ്ലാദത്തിന്റെ ഒച്ചകളേ കേൾക്കാ​നുള്ളു. മഞ്ഞയും ചെമപ്പും കലർന്ന പുള്ളികളോടുകൂടിയ പച്ചിച്ച പാവാട ഉടുത്ത് ഉത്സവത്തിനു പോവാൻ ഒരുങ്ങുന്ന കർഷകകുമാ​രിയെക്കൂട്ട് മയിലാടുംകുന്നു നിലകൊണ്ടു. ആ കുന്നിൻമുകളിലത്തെ മുതുക്കൻ ആഞ്ഞിലിമരത്തിന്റെ ശിഖരങ്ങളാകട്ടെ, ഇളം​നീലാകാശത്തിൽ വിതറപ്പെട്ട വെള്ളപ്പട്ടിന്റെ കഷണങ്ങൾപോലത്തെ ലോല മേഘങ്ങളെ കൈയെത്തിപ്പിടിക്കാൻ ഓങ്ങുന്നതുപോലെ തോന്നി. ആ വൃക്ഷത്തിന്റെ അരികിലായി ഒരു കൊച്ചു വാളൻപുളി നിൽക്കുന്നു, തള്ളപ്പശുവിന്റെ അടുത്തുനിൽക്കുന്ന കിടാവിനെപ്പോലെ. അതിന്റെ താഴത്തെ ശിഖരത്തിൽ ഒരു കൊച്ച് ഊഞ്ഞാൽ തൂങ്ങുന്നു.

‘മുറുക്കെപ്പിടിച്ചോണേ ലിസാ!' ജോയി ഒരു മുന്നറിയിപ്പു നൽകി.

‘ഉം,' ലിസാ മൂളി. ഊഞ്ഞാലിന്റെ കയറിൽ അവൾ മുറുക്കെപ്പിടിച്ചു. അവളുടെ പിഞ്ചുവിരലുകൾ നോവുന്നുണ്ടായിരുന്നു.

‘വൺ–ടൂ–ത്രീ–ശർർർ.' ജോയി അവന്റെ സകല ആയവും എടുത്ത് ഊഞ്ഞാൽ ഉന്തിവിട്ടു.


Related Articles