അനുദിനം ലോകജനതയെ ഒന്നടങ്കം കാർന്നുതിന്നുന്ന ലഹരി ഉപയോഗം എന്ന മഹാവിപത്ത് നമ്മുടെ നാടിനെയും പിടികൂടിയിരിക്കയാണ്. അതിൽ പണ്ഡിതനും പാമരനും പിച്ചക്കാരനും പണക്കാരനും സ്ത്രീയും പുരുഷനും യുവാക്കളും യുവതികളുമെല്ലാം ലഹരിക്ക് അടിപ്പെട്ടുപോകുന്ന ദാരുണമായ അവസ്ഥയിലൂടെയാണ് നമ്മുടെ നാടും രാജ്യവും കടന്നുപോകുന്നത്. അപകടകരമായ ഒരവസ്ഥയാണിത്. ലഹരിമരുന്ന് വ്യാപാരം നിയന്ത്രിക്കുന്ന സംഘടിത മാഫിയ സംഘങ്ങൾ ലോകവ്യാപകമായുണ്ട്. അതിന്റെ കണ്ണികൾ ഇവിടെ കേരളത്തിലും സജീവമായുണ്ട്. ലഹരിക്ക് അടിമപ്പെടുന്നതിലൂടെ മാരകമായ രോഗാവസ്ഥയിലേക്കാണ് മിക്കവരും ചെന്നെത്തുന്നത്. അവരെ ചേർത്തുപിടിച്ചു മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ആത്മീയ ചൈതന്യമുള്ള പി.വൈ.പി.എ. പോലുള്ള സംഘടനകൾ മുന്നോട്ടുവരണം.
ഇന്ന് നമ്മുടെ നാട്ടിൽ വിദ്യാർത്ഥികളും യുവാക്കളും ലഹരി ഉപയോഗത്തിനും വിപണനത്തിനും മുന്നിട്ടിറങ്ങുന്നതിന്റെ കണക്കുകളും കേസുകളും ഭയപ്പെടുത്തുന്നതാണ്. ദിനംപ്രതി മയക്കുമരുന്ന് കേസുകളുടെ എണ്ണം റോക്കറ്റ് വേഗത്തിലാണ് വർദ്ധിക്കുന്നത്. പിടിക്കപ്പെടുന്നവരിൽ ജീവിതത്തിന്റെ ഉന്നതശ്രേണിയിൽ കഴിയുന്നവരും ഉണ്ടെന്നുള്ളത് ഞെട്ടിപ്പിക്കുന്നതാണ്. മയക്കുമരുന്ന് വിപണനത്തിനിറങ്ങുന്നവർ തൊഴിൽരഹിതരായ ചെറുപ്പക്കാർ മാത്രമല്ല. സർക്കാർ-സ്വകാര്യമേഖലയിലെ ജീവനക്കാർ, ഡോക്ടർമാർ, എൻജിനീയർമാർ തുടങ്ങി എല്ലാ മേഖലയിലുംപെട്ടവർ മയക്കുമരുന്ന് ക്യാറിയർമാരായി മാറിയിട്ടുണ്ട്. കേരളത്തിലെ ജയിലുകളിലെ വിചാരണ തടവുകാരിൽ ഏതാണ്ട് പകുതിയിലധികവും മയക്കുമരുന്ന് കേസുകളിൽപ്പെട്ടവരാണ്.
മയക്കുമരുന്നിന് അടിമപ്പെട്ടുപോവുന്നവരുടെ സ്ഥിതി അതിഭയാനകവും ദയനീയവുമാണ്. ഇത്തരക്കാരെ രോഗികളായി കരുതി ചികിത്സിച്ച് ഭേദമാക്കുന്നതോടൊപ്പം ആത്മീയമായ പിന്തുണയുമാണ് നൽകേണ്ടത്.
