ആയം
എതിരേവന്ന കാറ് അടുത്തെത്തിയപ്പോൾ ഹോണടിച്ചതും ശ്രീധരനൊന്നു ഞെട്ടി. തൊട്ടുമുന്നിലായി വഴിയിലുള്ള കുഴിയിൽനിന്നൊഴിവാകാൻ അയാൾ ഓടിച്ചിരുന്ന ബൈക്ക് ഇടത്തോട്ടു വെട്ടിച്ചു. റോഡിന്റെ അങ്ങേയരികിലെത്തി ഇനിയെങ്ങോട്ടു പോകണമെന്നറിയാതെ ബൈക്ക് ആളോടൊപ്പം നേരേ പൊന്തക്കാട്ടിലേക്കു ചെന്നുമറിഞ്ഞു. വണ്ടി വന്നുവീണത് ചെടികളുടെ മേലേയ്ക്കായതിനാൽ വലിയ അപകടമൊന്നും പറ്റിയില്ല. ചെടിയുടെ ഒടിഞ്ഞ കമ്പുരഞ്ഞ് തൊലിനീങ്ങിയ കൈമുട്ടിൽ പൊടിഞ്ഞ ചോര തുടച്ചു വേദനമാറ്റാൻ ഊതുന്നേരമാണ് എന്തിനാണപ്പോൾ താൻ ബൈക്ക് വെട്ടിച്ചുമാറ്റിയതെന്ന കാര്യം ശ്രീധരൻ ആലോചിച്ചത്. താനോടിച്ചത് ശരിയായ രീതിയിലാണ്, ദിശതെറ്റിച്ചു ശബ്ദം മുഴക്കി വന്നത് ആ കാറാണ്. പക്ഷേ, സുരക്ഷിതമായൊരകലം പാലിച്ചാണതു കടന്നുപോയത്. ഇരുപത്തിയാറ് വയസ്സുമുതലിങ്ങോട്ട് ഇരുചക്രവാഹനമോടിക്കുന്നതാണ്... വരിയും ദിശയുമൊക്കെ തെറ്റിച്ചു പാഞ്ഞുപോകുമ്പോൾ ഇത്രനാളും തോന്നാത്തൊരു പേടിയും ആന്തലുമാണിപ്പോൾ. അതിന്റെ കാരണമാണ് മൂപ്പര് തിരഞ്ഞുകൊണ്ടിരുന്നത്. പക്ഷേ, അക്കാലമത്രയും വണ്ടിയിലിരുന്നത് ‘കാലൻ ശ്രീധരൻ’ എന്ന വിളിപ്പേരുള്ള പോലീസുകാരനായിരുന്നു. യൂണിഫോമിലായാലുമല്ലെങ്കിലും, ഹെൽമറ്റിട്ടാലുമില്ലെങ്കിലും കാവലാളിന്റെ അഹന്തയും തലയിലേറ്റിയാണ് കൊല്ലങ്ങളായി ശകടത്തിന്റെ പുറത്തേറിയിരുന്നത്. എന്നാലിപ്പോൾ കാര്യങ്ങളങ്ങനെയല്ലല്ലോ. കൃത്യം പറഞ്ഞാൽ രണ്ടരമാസമായി മൂപ്പര് വെറും ‘ശ്രീധരൻ നായർ’ ആണ്. ഏട്ട് മൂത്തൊടുക്കം എസ്.ഐ. ആയി വിരമിച്ചതിന്റെയന്ന് വെകീട്ടത്തെ സത്കാരവും കഴിഞ്ഞു വീട്ടിലെത്തി കാക്കിയഴിച്ച് അഴയിൽ തൂക്കിയപ്പോൾ ഒരുതരം ശൂന്യതയൊക്കെ തോന്നിയിരുന്നെങ്കിലും, അത് പേടിയിലേക്കു മാറിയത് തലേന്നു രാത്രി മുതലായിരുന്നു. എന്തോ ശബ്ദം കേട്ട് ശ്രീധരൻ രാത്രിമയക്കം മുറിഞ്ഞെഴുന്നേറ്റെങ്കിലും പിന്നീട് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. ഭാര്യയും മകളുമൊന്നുമില്ലാതെ തനിച്ചു താമസിക്കേണ്ടി വന്ന സാഹചര്യത്തെ പഴിച്ചുകൊണ്ട് ഇരുട്ടിനെ തള്ളിനീക്കി ഒരുവിധം നേരം വെളുപ്പിച്ചു ചെന്നുനോക്കുമ്പോഴുണ്ട് വീടിന്റെ ഉമ്മറത്തെ ചായ്ച്ചിറക്കത്തിലെ ഓടുകളിലൊന്ന് പൊട്ടിയിരിക്കുന്നു. തലേരാത്രിയിൽ കേട്ടയൊച്ചയും പൊട്ടിയ ഓട്ടിൻപൊളിയും വെച്ചുകൊണ്ട് പോലീസ് ബുദ്ധിയാലെ ഒന്നു കണ്ണോടിച്ചപ്പോഴാണ് മുറ്റത്തേക്കിറങ്ങുന്ന പടിക്കൽ ഒരു വലിയ കല്ല് കിടക്കുന്നത് തൊണ്ടിയായി തെളിഞ്ഞത്. ആരാണിതു ചെയ്തതെന്നതിന്റെയൊപ്പം മുഴുത്തൊരു തെറിയുംകൂട്ടി പിറുപിറുത്തുകൊണ്ട് നേരേ അടുക്കളയിലേക്കു ചെന്നു. പാത്രത്തിൽ വെള്ളം പകർന്ന ശേഷം തേയിലപ്പൊടിയുടെ കുപ്പിയിലേക്ക് കൈനീട്ടിയപ്പോഴാണ് അതു തീർന്നകാര്യം മറന്നല്ലോയെന്നോർത്തത്. ആകപ്പാടെ കലിച്ചുകയറി ബൈക്കുമെടുത്ത് നാലുംകൂടിയ മുക്കിലെ ചായക്കടയിലേക്കു വെച്ചുപിടിച്ച യാത്രയാണൊടുക്കം ശവംനാറിയും കമ്യൂണിസ്റ്റുപച്ചയും ചിറ്റെരിക്കും ശീമക്കൊന്നയുമൊക്കെ പന്തലിച്ചു നിൽക്കുന്ന പൊന്തക്കാട്ടിലെ പച്ചപ്പിന്റെ മൂട്ടിലെത്തിയത്.
ആളപകടമൊന്നുമില്ലെന്നു തിരിച്ചറിഞ്ഞതും തൊട്ടെതിരിലെ രാധാകൃഷ്ണാ ടീസ്റ്റാളിൽനിന്ന് ഇറങ്ങിവന്നെത്തിനോക്കിയ നാലഞ്ചു തലകൾ ഉള്ളിലേക്കുതന്നെ വലിഞ്ഞുതുടങ്ങി. മുണ്ടിന്റെ കോന്തലകൊണ്ട് കൈമുട്ടിലെ മുറിവ് ഒന്നുകൂടി ഒപ്പിയശേഷം ശ്രീധരൻ ബൈക്കു പൊന്തിച്ച് നേരേ നിർത്താനൊരുങ്ങി. നെഞ്ചുകൂട് വെട്ടിക്കീറിപ്പൊളിച്ചു കുത്തിക്കെട്ടിയ സ്റ്റീഫൻ ഡോക്ടറുടെ വാക്കുകളാണ് അന്നേരത്ത് അയാളുടെ കാതുകളിൽ മുഴങ്ങിയത്. അഞ്ച് കിലോയിലും കൂടുതൽ ഭാരമുള്ളതൊന്നും ഇനി പൊക്കാൻ നോക്കരുത്... മൂന്നു കൊല്ലങ്ങൾക്കുമുന്നെ ബൈപ്പാസ് സർജറി കഴിഞ്ഞതിനു ശേഷമുള്ള സൂക്ഷ്മപരിശോധനയുടെ ഭാഗമായി കിട്ടിയ നിർദ്ദേശമാണത്. ശ്രീധരൻ കൈമാടി വിളിച്ചതും ചായക്കടയിലേക്കു വലിഞ്ഞുതുടങ്ങിയ തലകളിലൊന്നിന്റെ ഉടമ പൊന്തക്കാടിനരികിലേക്കു നടന്നുവന്നു.
