ഈ മനുഷ്യൻ നീതിമാനായിരുന്നു

World of Letters

ഈ മനുഷ്യൻ നീതിമാനായിരുന്നു


വി. ഡി. സതീശന്റെ 'ആദം നീ എവിടെ ആകുന്നു' എന്ന പുസ്തകത്തിൽ നിന്ന്

(മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആദ്യ അനുസ്മരണയോഗത്തിൽ പങ്കെടുത്തുകൊണ്ട് പുതുപ്പള്ളിയിൽ നടത്തിയ പ്രസംഗം, 18 ജൂലൈ, 2024)

വേദനയും നിരാശയും ദുഃഖവും നമ്മുടെ എല്ലാവരുടെയും മനസ്സിലേക്ക് പെയ്തിറങ്ങിയ വേർപാടിന്റെ ഒരു വർഷം ഇവിടെ പൂർത്തിയാകുകയാണ്. ഉമ്മൻ ചാണ്ടി സാർ അന്ത്യവിശ്രമം കൊള്ളുന്ന, എല്ലാ ഞായറാഴ്ചകളിലും ഓടിയെത്തുന്ന ഈ ദേവാലയത്തിന്റെ അങ്കണത്തിലാണ് ഒരുവർഷം കൂടുമ്പോൾ നമ്മളെല്ലാവരും ഒരുമിച്ചുചേരുന്നത്.

സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യൻ ജനതയെ മുന്നിൽനിന്ന് നയിച്ച  മഹാത്മാഗാന്ധിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൽക്കട്ടയിൽനിന്ന് ബ്രിട്ടീഷുകാരുടെ ഉടമസ്ഥതയിൽ പ്രസിദ്ധീകരിച്ചിരുന്ന ദ സ്റ്റേറ്റ്‌സ്മാൻ  ദിനപത്രത്തിന്റെ ഒരു ദിവസത്തെ മുഖപ്രസംഗത്തിൽ ഗാന്ധിജിയെക്കുറിച്ച് ഒരു വാചകമിങ്ങനെ എഴുതിയിരുന്നു: He put sincerity into politics. തൊട്ടടുത്ത വാചകം അതിലും തീവ്രമായിരുന്നു. He put Cross into politics. ഗാന്ധിജി രാഷ്ട്രീയത്തിൽ സത്യസന്ധതയും ആത്മാർത്ഥതയും ചേർത്തതുപോലെ കുരിശിനെയും ചേർത്തുപിടിച്ചു. ഗാന്ധിജിയുടെ എക്കാലത്തേയും ശിഷ്യന്മാരിൽ പ്രമുഖനും ഇന്ത്യാക്കാർക്ക് സുപരിചിതനും അമേരിക്കൻ സുവിശേഷകനുമായ സ്റ്റാൻലി ജോൺസ് The Christ on the Indian Road എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയ വാക്കുകളാണിത്. കുരിശിന്റെ വഴികളിലൂടെ, കുരിശിന്റെ മാർഗ്ഗത്തിലൂടെ, സഹാനുഭൂതിയുടെ, ആത്മാർത്ഥതയുടെ, സ്‌നേഹത്തിന്റെ, കാരുണ്യത്തിന്റെ വഴികളിലൂടെയാണ് ഉമ്മൻ ചാണ്ടി സാർ സഞ്ചരിച്ചത്.


Related Articles