രാരിച്ചന്റെ യാത്രകൾ

World of Letters

രാരിച്ചന്റെ യാത്രകൾ


ഇവൻ ആരാണ്? എവിടെനിന്നു വന്നു?

അങ്ങാടിപ്പശുക്കളുടേയും തെരുവുനായ്ക്കളുടേയും ഒപ്പം അവൻ വളർന്നു. അവനു വികാരങ്ങളേയുള്ളൂ,ആശയങ്ങളില്ല. വാക്കുകളേയുള്ളൂ,ചിന്തകളില്ല. കണ്ണുകളേയുള്ളൂ,ദൂരക്കാഴ്ചകളില്ല. (രാരിച്ചൻ എന്ന പൗരൻ, 1956)

ഉറൂബ് എന്ന എഴുത്തുകാരൻ നിരന്തരം പിന്തുടർന്നതോ അദ്ദേഹത്തെ നിരന്തരം പിന്തുടർന്നതോ ആയ കഥാപാത്രങ്ങളിലൊരാളാണ് രാരിച്ചൻ. ഉമ്മാച്ചു,സുന്ദരികളും സുന്ദരന്മാരും എന്നീ നോവലുകൾക്കുപുറമേ'രാരിച്ചൻ എന്ന പൗരൻ'എന്ന സിനിമയാകെത്തന്നെ, രാരിച്ചന്റെ കഥാഖ്യാനങ്ങളായി നമുക്കു മുന്നിലുണ്ട്. 'ഉമ്മാച്ചു'വിൽ രണ്ടു രാരിച്ചന്മാരുണ്ട്. സമകാലികനായ ഒരു രാരിച്ചനും മൂന്നുനാലു തലമുറകൾക്ക് മുമ്പേ ജീവിച്ച മറ്റൊരു രാരിച്ചനും.പുതിയതലമുറയിലെ രാരിച്ചനാണ് നോവലുകളിലും സിനിമയിലും പിന്തുടർച്ചയുള്ളത്. സുന്ദരികളും സുന്ദരന്മാരും എന്ന നോവലിൽ പ്രതിബദ്ധനായ ഒരു കമ്യൂണിസ്റ്റുകാരനാണ് രാരിച്ചൻ. നോവലുകളിൽ നിന്ന് വ്യത്യസ്തമായ ഒരു സാമൂഹ്യസന്ദർഭത്തിലാണ് സിനിമയിലെ രാരിച്ചൻ വളർന്നുവലുതാവുന്നത്.

'ഉമ്മാച്ചു'വും 'സുന്ദരികളും സുന്ദരന്മാ'രും എഴുതുന്ന അതേ കാലത്താണ് ഉറൂബ് സിനിമാരംഗത്തും പ്രവർത്തിക്കുന്നത്. ആദ്യ സിനിമയായ 'നീലക്കുയിലി'ന്റെ (1954) തിരക്കഥ പൂർത്തിയാക്കി ഏറെ കഴിയും മുമ്പ് 'രാരിച്ചൻ എന്ന പൗര'ന്റെ തിരക്കഥയും പൂർത്തിയായി. നീലക്കുയിലിന്റെ തുടർച്ചയാണ് രാരിച്ചൻ എന്നപൗരൻ. 'നീലക്കുയിലി'ൽ അനാഥനായി വളർന്ന നീലിയുടെ മകൻ തന്റെ പിതാവിനെ തിരിച്ചറിയുകയും ദേശീയപൗരത്വത്തിലേക്ക് ഉയർത്തപ്പെടുകയും ചെയ്യുന്നു. പ്രണയം, ജാതിരഹിത സമൂഹം, മാനവികതാവാദം തുടങ്ങിയ ആദർശാത്മക ചിന്തകളുടെ ആഖ്യാനങ്ങളാണ് രണ്ടു സിനിമകളും. മലയാള സിനിമയിൽ ആദ്യകാലം മുതലേയുളള കുട്ടികളെ കേന്ദ്രീകരിച്ചുള്ള ആഖ്യാനവും അവരുടെ വളർച്ചയും അനാഥത്വവും (വിഗതകുമാരൻ, ബാലൻ, ന്യൂസ് പേപ്പർ ബോയ് ) 'നീലക്കുയിലി'ലും'രാരിച്ചൻഎന്ന പൗരനി'ലും തുടരുന്നു.


Related Articles