“The history of books must be international in scale and
interdisciplinary in method”- Robert Darnton (1982:68).
പുസ്തകത്തിന്റെ സാംസ്കാരിക ചരിത്രാന്വേഷണങ്ങളെന്ന നിലയിൽ അക്കാദമിക പഠനമണ്ഡലങ്ങളിൽ ഇന്ന് ഏറെ ശ്രദ്ധനേടിക്കഴിഞ്ഞ ഒരു വിജ്ഞാനശാഖയാണ് ‘പുസ്തക ചരിത്രം’ (Book History). പുസ്തകത്തെ വൈജ്ഞാനികതയുടെയും അനുഭൂതി നിർമ്മിതിയുടെയും കേവലരൂപമായി മാത്രം ചുരുക്കിക്കാണാൻ സാധ്യമല്ല. പുസ്തകത്തിന്റെ ചരിത്രമെന്നത് സാങ്കേതികവും മാധ്യമപരവും സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും ലിംഗപരവും വംശപരവും മതപരവുമൊക്കെയായ സംസ്കാരമണ്ഡലങ്ങളുടെ കൂടി ചരിത്രമാണ്. സാംസ്കാരികപഠന (Cultural studies)വുമായി ബന്ധപ്പെടുത്തി പുസ്തകത്തെ പഠിച്ച റോബർട്ട് ഡാൺടൺ (Robert Darnton) അന്തർവൈജ്ഞാനികമായ നിരവധി മണ്ഡലങ്ങളുമായി ഇഴയടുപ്പം സ്ഥാപിച്ചുകൊണ്ടാണ് പുസ്തകങ്ങൾ അതിന്റെ തുടർജീവിതം സാധ്യമാക്കുന്നതെന്ന് നിരീക്ഷിക്കുന്നു (1982:68). എഴുത്തുകാര്‍-പ്രസാധകര്-വായനക്കാര്‍ എന്നീ കേന്ദ്രീകരണങ്ങള്ക്കൊപ്പം തന്നെ പുസ്തകത്തിന്റെ തുടര്‍ജീവിതത്തെ സാധ്യമാക്കിയ എല്ലാ ഘടകങ്ങളും പുസ്തകചരിത്രമെന്ന പഠനമേഖലയില്‍ ഉള്‍ച്ചേർന്നിരിക്കുന്നു. പ്രസാധനക്കുറിപ്പുകള്‍, കത്തുകള്‍, പ്രസാധക ബുള്ളറ്റിനുകള്‍, പുസ്തകങ്ങളെക്കുറിച്ചുള്ള പരസ്യങ്ങള്‍, പുസ്തകനിരൂപണങ്ങള്‍, പുസ്തകചന്തകള് തുടങ്ങിയവയെല്ലാം തന്നെ പുസ്തകചരിത്രമെഴുതുവാനുള്ള നിര്‍മ്മാണസാമഗ്രികളാണ്.
പുസ്തകത്തിന്റെ അനുഭവജീവിതത്തെ തൊട്ടറിഞ്ഞ ഷെൽവിയുടെ പ്രസാധക ജീവിതത്തെയും ഷെൽവിക്ക് ഏറെ പ്രിയപ്പെട്ട നിക്കോസ് കസാൻസാകിസിന്റെ എഴുത്തു ജീവിതത്തെയും, സമാനതകൾ നിറഞ്ഞ അവരുടെ വ്യക്തിജീവിതത്തെയും സംലയിപ്പിച്ച് ബെന്യാമിൻ എഴുതിയ നോവലാണ് മൾബെറി എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ. കസാൻസാകിസിന്റെയും ഷെൽവിയുടെയും വ്യക്തിജീവിതവും സാംസ്കാരിക ജീവിതവും അടിസ്ഥാനമാക്കിയുള്ള ആഖ്യാനമാതൃകയെന്ന നിലയിലുള്ള ചരിത്രപ്രാധാന്യം മാത്രമല്ല മൾബെറിക്കുള്ളത്. രണ്ടുപതിറ്റാണ്ടുകാലം കേരളീയ പുസ്തകപ്രസാധനത്തെ തീവ്രവും ചലനാത്മകവുമാക്കി മാറ്റുകയും സാഹിത്യഭാവനയെ പുനർനിർമ്മിക്കുകയും വായനാ സംസ്കാരത്തെ രാഷ്ട്രീയവത്കരിക്കുകയും ചെയ്ത സമാന്തരപ്രസാധനധാരയെക്കുറിച്ചുള്ള സൂക്ഷ്മാന്വേഷണങ്ങളെന്ന നിലയിലും, കസാൻസാകിസിന്റെ സാഹിത്യഭാവനയെ ആദ്യന്തം പിന്തുടരുന്ന രാഷ്ട്രീയ വായനയെന്ന നിലയിലും മൾബെറി സമകാലിക നോവലിലെ വേറിട്ടൊരു അനുഭവമായി മാറുന്നു. പുസ്തകങ്ങളെ കേന്ദ്രീകരിച്ച് മലയാളത്തിലുണ്ടായ ഏറ്റവും ഭാവനാസമ്പന്നമായ നോവൽ. ‘പുസ്തകചരിത്ര’മെന്ന വിജ്ഞാനശാഖയുടെ അടിസ്ഥാനസങ്കല്പനങ്ങൾ നോവലിലേക്ക് സന്നിവേശിപ്പിച്ചു കൊണ്ടുള്ള പുതുമ യാർന്ന ആലോചന. എഴുത്തിന്റെ സാങ്കേതിക വിതാനങ്ങളിലും രൂപസംവിധാനങ്ങളിലും ആവർത്തിക്കപ്പെടുന്ന പുതുമകളും പരീക്ഷണങ്ങളും നോവലിനെ വ്യത്യസ്തമാക്കുന്നു.
