"I don't know with what weapons World War III will be fought, but World War IV will be fought with sticks and stones"
തന്റെ കൈയൊപ്പു പതിഞ്ഞ നൂക്ലിയർ സാങ്കേതിക വിദ്യ ലോക നന്മയ്ക്ക് ഉപയോഗിക്കപ്പെടുന്നില്ലെന്ന തിരിച്ചറിവിൽ ആൽബർട്ട് ഐൻസ്റ്റൈനിൽനിന്നുതിർന്ന ഈ വാക്കുകൾ പ്രവചനാത്മകം മാത്രമല്ല, ആത്മവിലാപംകൂടിയായിരുന്നു. എല്ലുകളും കല്ലുകളും മാത്രം അവശേഷിക്കുന്ന ഭൂമിയിലാവും നാലാം ലോക മഹായുദ്ധം സംഭവിക്കുകയെന്ന തിരിച്ചറിവിനിടയിലും ആണവരാഷ്ട്രങ്ങളുടെ ആയുധ സംഭരണശാലകളിൽ രണഭേരിയും അട്ടഹാസവും മുഴങ്ങുകയാണല്ലോ. ''ഇവിടെ അവശേഷിക്കയില്ലാരും ഈ ഞാനു''-മെന്ന കവിയുടെ ക്രാന്തദർശിത്വംതന്നെയാണ് ഐൻസ്റ്റൈനൊപ്പം നാമോരോരുത്തരും പങ്കുവെക്കുന്നത്.
അമേരിക്കയും ഉത്തര കൊറിയയും തമ്മിലോ മറ്റേതെങ്കിലും മതരാഷ്ട്രം സ്ഥാപിക്കുന്നതിന്റെ പേരിലോ സംഭവിച്ചേക്കാവുന്ന മൂന്നാം ലോക മഹായുദ്ധം ആണവ യുദ്ധമായി ലോകത്തെ സംഹരിക്കുമെന്നതിൽ ആർക്കും സംശയമില്ല. ഹിരോഷിമയും നാഗസാക്കിയുംമുതൽ ഹുക്കുഷിമയും ചെർണോബിലുംവരെ ഒരുഭാഗത്ത്, ആഗോളതാപനമുൾപ്പെടെയുള്ള ഭീഷണികളേറ്റ് ആസന്നമൃതി കാത്തുകിടക്കുന്ന ആവാസലോകം മറ്റൊരു ഭാഗത്ത്. മാനവരാശിയെ മാത്രമല്ല, പ്രപഞ്ചത്തെ ആകമാനം ഇല്ലാതാക്കുന്ന കൊടിയ വിപത്തിലേക്കാണ്, സാങ്കേതിക ത്വരയും ആസക്തിയും വളർന്ന് പടരുന്നത്.
