പാരമ്പര്യത്തെ സംബന്ധിച്ച അന്വേഷണങ്ങളുടെയും ആധുനികതാ വിമർശനത്തിന്റെയും ഭാഗമായാണ് ഖസാക്കിന്റെ ഇതിഹാസത്തിൽ അതീതലോകം (Transcendental world‑) സ്ഥാനം പിടിക്കുന്നത്. ആധുനികതയുടെ സന്ദർഭത്തിൽ ഖസാക്ക് ഉയർത്തിക്കൊണ്ടുവരുന്ന സാംസ്‌കാരിക അന്വേഷണങ്ങളുടെ കേന്ദ്രമാവുന്നു അതീതലോകം. അധിനിവേശഭാരങ്ങൾ തടസ്സമായതിനാൽ മലയാളവിമർശനം പരിമിതമായി മാത്രം ഈ സാംസ്‌കാരിക സവിശേഷതകളെ ശ്രദ്ധിച്ചു.
ഈ പ്രബന്ധം ഖസാക്കിലെ സാംസ്‌കാരികക്രമങ്ങളുടെയും അതീതസങ്കൽപങ്ങളുടെയും ആപേക്ഷികതയും ചലനനിയമങ്ങളും വിശദീകരിക്കുന്നു. വ്യവഹാരം(Discourse‑), സാങ്കൽപ്പിക സമൂഹനിർമിതി (Imagined Community) രാഷ്ട്രീയവൃത്തി (Political Act‑) എന്നീ നിലകളിൽ ഖാസാക്കിന്റെ സാംസ്‌കാരികപരിസരങ്ങളെ നോക്കിക്കാണാനുള്ള ശ്രമം. മലയാളിയുടെ ആഖ്യാനങ്ങൾ പാരമ്പര്യത്തെ മുൻനിർത്തി ആധുനികതക്കെതിരെ വികസിപ്പിച്ച പ്രതിരോധങ്ങളുടെ സാധ്യതകളും പരിമിതികളും പരിശോധിക്കുന്നു. ഒപ്പം കേരളീയത, മലയാണ്മ എന്നിങ്ങനെ സ്വത്വത്തെയോ പാരമ്പര്യത്തെയോ സംബന്ധിച്ച അന്വേഷണങ്ങൾക്ക് സമകാലത്ത് ഉണ്ടാകേണ്ടുന്ന ദിശാബോധത്തെ ക്രമീകരിക്കുകയും ചെയ്യുന്നു.
പൂതങ്ങളുടെ വരവുകൾ(1)
മൂപ്പർ, ദേവത, രക്ഷസ്സ്, ഭുവനേശ്വരി, തേരുവാഴ്ചയിലെ മുല്ലപ്പൂമണക്കാരിയായ യക്ഷി, പൊട്ടിച്ചൂട്ട്, പൊട്ടി പിശാച്... തന്നെ പൂതഭാവനയിലേക്ക് നയിച്ച നിരവധിയായ പൂതങ്ങളെ പൂതപ്പാട്ടിന്റെ (1953) ആമുഖത്തിൽ ഇടശ്ശേരി നന്ദിപൂർവ്വം ഓർമിക്കുന്നുണ്ട്. വിവിധങ്ങളായ പൂതങ്ങളെ പശ്ചാത്തലമാക്കി രൂപപ്പെട്ടെങ്കിലും ഇടശ്ശേരിയുടെ പൂതം വന്യതകളെല്ലാം ഉപേക്ഷിക്കുന്നു. പൂതത്തിന്റെ മഹാസങ്കടത്തിന്റെ വിശദീകരണമായി മാറുന്നു പൂതപ്പാട്ട്. പൂതത്തിന്റെ മഹാവ്യസനം കവിതയുടെ ഒടുക്കം തോറ്റുമടങ്ങിയടങ്ങലിലേക്കും തലമുറകളിലേക്ക് നീളുന്ന പരിഹാസങ്ങളിലേക്കും ദയനീയമായി പരിണമിക്കുകയും ചെയ്യുന്നു.
