ധർമ്മവും ഭൂമിയുമായുള്ള സംഭാഷണം

World of Letters

ധർമ്മവും ഭൂമിയുമായുള്ള സംഭാഷണം


രിക്കൽ അശ്വമേധാനന്തരം ദിഗ്വിജയത്തിനായി പുറപ്പെട്ട പരീക്ഷിത്ത് മഹാരാജാവ് ഒരു കാളയെയും പശുവിനെയും മർദ്ദിക്കുന്ന ക്ഷത്രിയ വേഷം കെട്ടിയ ഒരു ശൂദ്രനെ കാണാനിടയായി (നിജഗ്രാഹൗജസാ വീര: കലിം ദ്വിഗ്വിജയേ ക്വചിത്/ നൃപലിംഗധരം ശൂദ്രം ഘ്നന്തം ഗോമിഥുനം പദാ , ഭാഗവതം, 1.16 . 4). ഗോമിഥുനങ്ങളെ മർദ്ദിച്ച, ക്ഷത്രിയവേഷം കെട്ടിയ ആ ശൂദ്രനെ പരീക്ഷിത്ത് തന്റെ ഓജസ്സുകൊണ്ട് ശിക്ഷിച്ചു എന്ന് ഭാഗവതം പ്രസ്താവിക്കുന്നു. തന്റെ സൈന്യങ്ങളാൽ പാലിക്കപ്പെട്ട കുരു, ജാംഗലം മുതലായ പ്രദേശങ്ങളിലും കലി വ്യാപിച്ചതായി പരീക്ഷിത്ത് അറിഞ്ഞു. ഇങ്ങനെ പരീക്ഷിത്ത് സഞ്ചരിക്കവെ ഒരു കാലു കൊണ്ട് മാത്രം സഞ്ചരിക്കുന്ന കാളയുടെ രൂപമെടുത്ത ധർമ്മം, കുഞ്ഞ് ചത്ത മാതാവിനെ പോലെ തേജസ് നശിച്ച് കണ്ണീരൊഴുക്കുന്ന ഗോരൂപം ധരിച്ച ഭൂമിയോട് ദു:ഖത്തിന്റെ കാരണം ആരാഞ്ഞു. സകലഗുണങ്ങളും തികഞ്ഞ ശ്രീകൃഷ്ണനോട് കൂടാത്തതും പാപിയായ കലിയാൽ ആക്രമിക്കപ്പെട്ടതുമായ ഈ ലോകത്തെ ഓർത്താണ് താൻ ദു:ഖിക്കുന്നതെന്ന് ഗോരൂപം പൂണ്ട ഭൂമി, കാളയുടെ രൂപം ധരിച്ച ധർമത്തോട് പറഞ്ഞു. ദു:ഖത്തിന്റെ ഒരു കാരണം വർണ്ണാശ്രമങ്ങൾ നശിക്കുന്നതിനെ കുറിച്ചാണെന്ന് ഭൂമി ധർമ്മത്തോട് പറയുന്നുണ്ട് -

"ആത്മാനം ചാനുശോചാമി ഭവന്തം ചാമരോത്തമം / ദേവാനൃഷീൻ പിതൃൻ സാധൂൻ വർണംസ്തഥാശ്രമാൻ" ( ഭാഗവതം, 1.16 .32 )

ഭൂമിയും ധർമ്മവും ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കവെ പരീക്ഷിത്ത് അവിടെയെത്തി. ശൂദ്രനാൽ മർദ്ദിക്കപ്പെടുന്ന പശുവിന്റെ രൂപത്തിലുള്ള ഭൂമിയുടെയും കാളയുടെ രൂപത്തിലുള്ള ധർമത്തെയുമാണ് പരീക്ഷിത്ത് അവിടെ കണ്ടത്. ധർമ്മത്താൽ പരിത്യക്തയായി കപടരായി രാജവേഷം കെട്ടിയ ശൂദ്രന്മാർ തന്നെ അനുഭവിക്കുന്നല്ലോ എന്ന് കരുതി വ്യസനിച്ചു കരയുന്ന ഗോരൂപം പൂണ്ട ഭൂമിയെയാണ് പരീക്ഷിത്ത് അവിടെ ദർശിച്ചത്. ഉടൻ തന്നെ ശൂദ്രവേഷധാരിയായ കലിയെ ശിക്ഷിക്കാനായി പരീക്ഷിത്ത് വാളെടുത്തു എന്ന് ഭാഗവതം വിവരിക്കുന്നു.


Related Articles