വിഷം കൊടുത്തുള്ള മരണങ്ങൾ

World of Letters

വിഷം കൊടുത്തുള്ള മരണങ്ങൾ


ഔഷധാലയത്തിൽ ജോലി ചെയ്യുമ്പോഴായിരുന്നു ഒരു അപസർപ്പക കഥയെഴുതണമെന്ന ആശയം ആദ്യമായി നിരൂപിച്ചത്. മാജിന്റെ പണ്ടത്തെ ആ വെല്ലുവിളിമുതൽക്ക് ആ ആശയം എന്റെ മനസ്സിൽ തങ്ങി​നിന്നിരുന്നു. എന്റെ ഇപ്പോഴത്തെ ജോലി അതിന് അനുകൂലമായ ഒരവസരം നല്കിയതായി കാണപ്പെട്ടു. എല്ലായ്പോഴും എന്തെങ്കിലും ചെയ്യാ​നുള്ള, പരിചരിക്കലിൽനിന്നു വ്യത്യസ്തമായി അയവുള്ളതോ തിരക്കുള്ളതോ ആയ സമയം അടങ്ങിയതായിരുന്നു മരുന്നെടുത്തു കൊടു​ക്കൽ. ചിലപ്പോൾ ഉച്ചതിരിഞ്ഞുള്ള സമയങ്ങളിൽ ഞാൻ തനിച്ചായി​രിക്കും. ജോലിയിൽ കാര്യമായി ഒന്നും ചെയ്യാനില്ലാതെ വെറുതെ ഇരിക്കുകയാകും. കരുതൽകുപ്പികൾ നിറയെ മരുന്നുണ്ടെന്നും രോഗിക​ൾക്ക് മരുന്നെടുത്തു കൊടുക്കുന്നുണ്ടെന്നും ഉറപ്പുവരുത്തിക്കഴിഞ്ഞാൽ, ഔഷധാലയം വിട്ടുപോകുന്നതൊഴികെ എന്തുചെയ്യാനുള്ള സ്വാതന്ത്ര്യവും ഒരാൾക്കുണ്ടായിരുന്നു.

ഏതു തരത്തിലുള്ള അപസർപ്പക കഥയാണ് എനിക്കെഴുതാൻ കഴിയുകയെന്ന് ഞാൻ ആലോചിക്കാൻ തുടങ്ങി. ഞാൻ വിഷങ്ങളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നതിനാൽ, ഞാൻ തിരഞ്ഞെടുത്ത രീതി വിഷം​കൊടുത്തുള്ള മരണമാണെന്നത് സ്വാഭാവികമായിരിക്കണം. സാദ്ധ്യതകൾ ഉള്ളതായി എനിക്കു തോന്നിയ ഒരു വസ്തുതയിൽ ഞാൻ എത്തിച്ചേ​ർന്നു. ഈ ആശയവുമായി ഞാൻ ഏറെനേരം ചെലവഴിച്ചു, അതിഷ്ടപ്പെട്ടു, ഒടുവിൽ അതു സ്വീകരിക്കുകയും ചെയ്തു. പിന്നീട് ഞാൻ കഥാപാത്രങ്ങളിലേക്കു കടന്നു. ആർക്കാണ് വിഷം നല്കേണ്ടത്? അവന് അല്ലെങ്കിൽ അവൾക്ക് ആരാണ് വിഷം നല്കുക? എപ്പോൾ? എവിടെ? എങ്ങനെ? എന്തുകൊണ്ട്? പിന്നെ അതിന്റെ ശേഷിക്കുന്നതെല്ലാം കൊല നിർവഹിച്ചിരിക്കുന്ന പ്രത്യേകരീതി മൂലം അതു വളരെയധികം ഗാഢസൗഹൃദമുള്ള കൊലപാതകമാകേണ്ടതുണ്ട്. ഒരർത്ഥത്തിൽ അതെല്ലാം കുടുംബത്തിൽനിന്നാകേണ്ടതുണ്ട്. സ്വാഭാവികമായും ഒരു കുറ്റാന്വേഷകൻ ഉണ്ടാവണം. അക്കാലത്ത് ഞാൻ ഷെർലക്ക് ഹോംസ് പാരമ്പര്യത്തിൽ ആഴ്ന്നിരിക്കുകയായിരുന്നു. അതിനാൽ ഞാൻ കുറ്റാന്വേഷകരെക്കുറിച്ച് തലപുകച്ചു. തീർച്ചയായും അത് ഷെർലക്ക് ഹോംസിനെ​പ്പോലെയാകരുത്. എന്റെ സ്വന്തമായ ഒരാളെ കണ്ടുപിടിക്കണം. ഒരു സഹായിയോ പിണിയാളുടെ തരത്തിലുള്ള ഒരു സുഹൃത്തുകൂടിയോ കുറ്റാന്വേഷകന് ഉണ്ടാവണം––അതത്ര ബുദ്ധിമുട്ടാവുകയില്ല. ഞാൻ എന്റെ ഇതര കഥാപാത്രങ്ങളെക്കുറിച്ചുള്ള ചിന്തയിലേക്കു തിരിച്ചു​പോയി. ആരെയാണ് കൊല്ലേണ്ടത്? ഭർത്താവിന് തന്റെ ഭാര്യയെ കൊല്ലാം. അതു പതിവുതരത്തിലുള്ള കൊലപാതകമാണെന്നു കാണപ്പെട്ടു. തീർച്ചയായും, വളരെ അസാധാരണമായ ലക്ഷ്യത്തിനുവേണ്ടിയുള്ള വളരെ അസാധാരണ തരത്തിലുള്ള കൊലപാതകമാകാം. പക്ഷേ, അതെനിക്ക് കലാപരമായി ആകർഷകമായി അനുഭവപ്പെട്ടില്ല. നല്ലൊരു അപസർപ്പക കഥയുടെ ആകസത്ത ഇതായിരുന്നു. അത് പ്രകടമായ ആരെങ്കിലുമായിരിക്കണം. അതേസമയം ചില കാരണങ്ങളാൽ അതു പ്രകടമല്ലെന്ന്, അയാൾക്കത് ചെയ്യാൻ മിക്കവാറും സാദ്ധ്യമാവില്ലെന്ന് നിങ്ങൾ കണ്ടെത്തും. എങ്കിൽക്കൂടിയും യഥാർത്ഥത്തിൽ അയാൾതന്നെയാണ് അതു ചെയ്തിരുന്നത്. ഈ ഘട്ടത്തിൽ ഞാൻ ആശയക്കുഴപ്പത്തിലായി. ഞാൻ പോയി അധിക ഹൈപോക്ലോറസ് ലായനിയുടെ രണ്ടുകുപ്പികൾ തയ്യാറാക്കിവെച്ചു. അങ്ങനെയാകുമ്പോൾ അടുത്ത ദിവസം ജോലി മിക്കവാറും എളുപ്പമാകും.

എന്റെ ആശയവുമായി ഞാൻ കുറച്ചുകാലം ആലോചനയിൽ ചെല​വഴിച്ചു. അതിന്റെ ശകലങ്ങൾ വളരാൻ തുടങ്ങി. കൊലയാളിയെ ഞാനിപ്പോൾ കണ്ടു. അയാൾ ഏറക്കുറെ കുടിലഭാവം ഉള്ളവനായിരിക്കണം. കറുത്ത താടിയുള്ളവനായിരിക്കണം. അക്കാലത്ത് എനിക്കത് വളരെ ദുഷ്ടതയുള്ളതായിത്തോന്നി. ഞങ്ങൾക്കടുത്ത് സമീപകാലത്ത് താമസി​ക്കാൻ വന്നിരുന്ന ചില പരിചയക്കാർ ഉണ്ടായിരുന്നു. ഭർത്താവിന് കറുത്ത താടിയാണുണ്ടായിരുന്നത്. ഭാര്യ അയാളെക്കാൾ പ്രായം കൂടിയവളും വളരെ സമ്പന്നയുമായിരുന്നു. അതോ, ഒരു അടിത്തറയെന്ന നിലയിൽ അതു മതിയായേക്കുമെന്ന് ഞാൻ വിചാരിച്ചു. കുറച്ചുനേരം ഞാനതിനെക്കുറിച്ച് ആലോചിച്ചു. അതുമതിയാകും. പക്ഷേ, പരിപൂർണ്ണമായി തൃപ്തി​കരമായിരുന്നില്ല. പരിഗണനാവിധേയനായ ഈ മനുഷ്യൻ ആരെയും ഒരിക്കലും കൊല്ലുകയില്ലെന്ന് എനിക്കുറപ്പാണ്. ഞാൻ മനസ്സിനെ അവയിൽനിന്നകറ്റി, യഥാർത്ഥ ആളുകളെക്കുറിച്ച് ചിന്തിക്കുന്നതുകൊണ്ട് ഒരു ഗുണവുമില്ലെന്ന് അന്തിമമായി തീരുമാനിച്ചു. കഥാപാത്രങ്ങളെ നിങ്ങൾ സ്വയം സൃഷ്ടിക്കണം. ഒരു ട്രാമിലോ തീവണ്ടിയിലോ ഹോട്ടലിലോ നിങ്ങൾ കാണുന്ന ആരെങ്കിലും സാധ്യമായേക്കാവുന്ന ഒരു തുടക്കമാണ്. കാരണം, അവരെച്ചൊല്ലി എന്തെങ്കിലു​മൊക്കെ നിങ്ങൾക്ക് ഉണ്ടാക്കാൻ കഴിഞ്ഞേക്കും.


Related Articles