ഒരിക്കൽ നായാട്ടിനായി പോയ പരീക്ഷിത്ത് വിശപ്പും ദാഹവും കാരണം ക്ഷീണിച്ചവശനായി ജലാശയം തിരക്കി കാടു മുഴുവൻ അലഞ്ഞു. ജലാശയം അന്വേഷിച്ചു നടന്ന പരീക്ഷിത്ത് എത്തിചേർന്നത് ആംഗിരസിന്റെ കുലത്തിൽ ജനിച്ച ശമീക മുനിയുടെ ആശ്രമത്തിലാണ്. പരീക്ഷിത്ത് ശമീക മുനിയോട് വരണ്ട തൊണ്ടയോടെ ജലം യാചിച്ചു. എന്നാൽ ധ്യാനനിഷ്ഠനായ ശമീക മുനി സമാധിയിൽ ലയിച്ചിരുന്നതിനാൽ പരീക്ഷിത്ത് വന്നതും ജലം ചോദിച്ചതും അറിഞ്ഞതേയില്ല. രാജാവായിട്ടും തനിക്ക് വേണ്ട ആതിഥ്യമര്യാദ ശമീക മുനിയിൽ നിന്നും ലഭിക്കാത്തതിൽ പരീക്ഷിത്ത് കോപിച്ചു. ശമീക മുനി മന:പൂർവം തന്നെ അപമാനിക്കുകയാണെന്ന് പരീക്ഷിത്ത് കരുതി. വിശപ്പും ദാഹവും കാരണം അവശനായ പരീക്ഷിത്തിനെ അപമാനം കൂടി പിടികൂടി കണ്ണുകാണാത്തവനായി തീർത്തു. പരീക്ഷിത്തിന് ശമീകനോട് വളരെയധികം ദേഷ്യം തോന്നി. കോപാക്രാന്തനായ പരീക്ഷിത്ത് അടുത്ത് കണ്ട ഒരു ചത്ത പാമ്പിനെ എടുത്ത് ശമീകന്റെ കഴുത്തിലിട്ടിട്ട് തിരികെ കൊട്ടാരത്തിലേക്ക് മടങ്ങി.
കൂട്ടുകാരുമൊത്ത് കളിച്ചു കൊണ്ടിരുന്ന ശമീക മുനിയുടെ പുത്രൻ ശൃംഗി തന്റെ പിതാവ് അപമാനിക്കപ്പെട്ട വാർത്തയറിഞ്ഞ് കോപാവേശിതനായി. കാക്കകളെ പോലെയും കാവൽ നായ്ക്കളെപോലെയും പോഷിപ്പിക്കപ്പെട്ട് തടിച്ചു കൊഴുത്ത രാജാക്കന്മാരുടെ ഇത്തരം പ്രവൃത്തികൾ അൽഭുതകരമാണെന്ന് ശൃംഗി പ്രസ്താവിച്ചു (അഹോ അധർമ്മ: പാലാനാം പീവ്നാം ബലിഭുജാമിവ/ സ്വാമിന്യഘം യദ്ദാസാനാം ദ്വാരപാനാം ശുനാമിവ, ഭാഗവതം, 1. 18. 33 ). ക്ഷത്രിയൻ ബ്രാഹ്മണനാൽ പട്ടിയെ പോലെ വീടു കാക്കാൻ നിശ്ചയിക്കപ്പെട്ടവനാണെന്നും കാവൽക്കാരനായ അവൻ വീടിനകത്തു വച്ചിട്ടുള്ള ഭക്ഷണസാധനം പാത്രത്തോടെ ഭക്ഷിക്കാൻ എങ്ങനെ പോകും എന്നും ( ഭാഗവതം, 1.18. 34 ) ശൃംഗി ചോദിച്ചു. തുടർന്ന് കോപം സഹിക്കാൻ വയ്യാതെ ശൃംഗി പരീക്ഷിത്തിനെ ശപിച്ചു. കുലനാശകനും പിതൃദ്രോഹിയുമായ പരീക്ഷിത്തിനെ തക്ഷകൻ ഏഴാം നാൾ കടിക്കും എന്നായിരുന്നു മുനിപുത്രന്റെ ശാപം ( ഇതി ലംഘിതമര്യാദം തക്ഷക: സപ്തമേ അഹനി / ദംക്ഷ്യതിസ്മ കുലാംഗാരം ചോദിതോ മേ തതദ്രുഹം , ഭാഗവതം, 1. 18. 37 ).
