ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വൈവിധ്യമാർന്ന സാമൂഹ്യ സാംസ്കാരിക ജീവിതത്തിന്റെ ചരിത്രത്തെ അന്വേഷിക്കുന്നവർക്ക് ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് ഇതിഹാസപുരാണങ്ങളുടെ പഠനം. ഇന്ത്യയെ ജനാധിപത്യവൽക്കരിക്കാനും സമത്വനിർഭരമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുവാനും പൗരാണികലോകവീക്ഷണത്തിൽ ഇന്നും പുലരുന്ന ഇന്ത്യയെ വിമോചിപ്പിക്കുവാനും പുരാണങ്ങളുടെ വിമർശനാത്മക പഠനം അനിവാര്യമാണ്. പ്രാചീന ഭാരതചരിത്രം കുഴിച്ചെടുത്ത് പുറത്തുകൊണ്ടുവന്നേ തീരൂ എന്നും അത് കുഴിച്ചെടുക്കാത്ത പക്ഷം പ്രാചീന ഭാരതത്തിന് ചരിത്രമില്ലാതെ പോകും എന്നും ഡോ. ബി.ആർ. അംബേദ്കർ എഴുതുന്നുണ്ട്. ബ്രാഹ്മണഗ്രന്ഥകാരന്മാർ എഴുതിക്കൂട്ടിയ ഗ്രന്ഥപാഠങ്ങളെ ചരിത്രപരമായും വിമർശനാത്മകമായും പരിശോധിച്ചുകൊണ്ടാണ് ഡോ. ബി. ആർ. അംബേദ്കർ ഇതിഹാസപുരാണങ്ങളുടെ പഠനങ്ങൾ നിർവഹിച്ചിട്ടുള്ളത്. പൗരാണിക ലോകവീക്ഷണം ഇന്ത്യയുടെ നാഡീഞരമ്പുകളിൽ കൂടി പ്രവഹിക്കുന്ന വർത്തമാനകാലത്തിൽ പുരാണങ്ങളുടെ ചരിത്രപരമായ പഠനം യാഥാർത്ഥ്യങ്ങളെ തിരിച്ചറിയുവാൻ തീർച്ചയായും സഹായിക്കും.
പുരാണസാഹിത്യം പ്രധാനമായും പതിനെട്ട് പുരാണങ്ങളും ഉപപുരാണങ്ങളും ഉള്ളടങ്ങുന്നതാണ്. രാമായണം കിളിപ്പാട്ടിന്റെ പാരായണം പോലെ തന്നെ കേരളത്തിൽ അടുത്ത കാലത്ത് വമ്പിച്ച പ്രാധാന്യത്തോടെ പാരായണം ചെയ്യപ്പെടുന്ന ഒരു പുരാണ ഗ്രന്ഥമെന്ന നിലയിൽ ഭാഗവത പുരാണമാണ് ഇവിടെ സാംസ്കാരിക പഠനത്തിന് വിധേയമാക്കുന്നത്.
