മലയാളപുസ്തകപ്രസാധനരംഗത്തെ നിറസാന്നിദ്ധ്യമായ ഡി സി ബുക്സ് അമ്പതാണ്ട് പിന്നിട്ടിരിക്കുന്നു എന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. അരനൂറ്റാണ്ടുകാലം, അതും മലയാളംപോലെ വലുതല്ലാത്ത ഒരു ഭാഷാസമൂഹത്തിലെ പുസ്തകപ്രസാധനരംഗത്ത് നിറസാന്നിദ്ധ്യമായി നിൽക്കുക എന്നത് ഏവർക്കും കഴിയുന്ന കാര്യമല്ല. ഇക്കാലയളവിൽ മലയാളത്തിലെയെന്നല്ല ലോകത്തെതന്നെ പല ഭാഷകളിലെ പല പ്രസാധകരും പ്രസാധനരംഗത്തുനിന്ന് പിൻവാങ്ങിയിട്ടുണ്ട്. എന്നാൽ ഡി സി ബുക്സ് ആകട്ടെ തളരുകയല്ല, വളരുകയാണ് ചെയ്തത്. അതിലുണ്ട് ഈ സ്ഥാപനവും മലയാളി വായനാസമൂഹവും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം.
ഡി സി ബുക്സിനെക്കുറിച്ച് എഴുതുമ്പോൾ ഡി സി കിഴക്കെമുറിയെ അനുസ്മരിക്കാതിരിക്കാനാവില്ല. പുസ്തകപ്രസാധനരംഗത്തെ അതികായനായാണ് പൊതുവെ അദ്ദേഹം അറിയപ്പെടുന്നത്. എന്നാൽ സ്വാതന്ത്ര്യസമരസേനാനി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നാമത്ര സ്മരിക്കാറുമില്ല. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമാകാൻവേണ്ടി അദ്ധ്യാപകജോലി രാജിവെച്ച വ്യക്തിയാണ് അദ്ദേഹം. സാംസ്കാരികരംഗത്തെ പ്രവർത്തനങ്ങളിൽ തത്പരനായ ഒരാൾ സ്വാതന്ത്ര്യസമരത്തിലൂടെ പൊതുരാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത് അന്നത്ര അതിശയമുള്ള കാര്യമായിരുന്നില്ല. കാരണം രാഷ്ട്രീയരംഗവും സാംസ്കാരികരംഗവും പരസ്പരം വെള്ളം കടക്കാത്ത അറകളല്ലെന്ന് ഉത്തമബോധ്യമുള്ളവരായിരുന്നു അന്നത്തെ സാംസ്കാരികനേതാക്കൾ.
ഇരു രംഗങ്ങളും പരസ്പരം കൊടുക്കൽ വാങ്ങലുകൾ നടത്തുന്നവയാണ്. നമ്മുടെ ദേശസ്നേഹത്തെ ഉണർത്തി, സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന് കരുത്തുപകർന്ന എത്രയോ കൃതികളാണ് വള്ളത്തോൾ രചിച്ചത്. അതുപോലെതന്നെ ജന്മിത്വവിരുദ്ധ പോരാട്ടങ്ങളും കർഷകസമരങ്ങളും എല്ലാമാണ് "രണ്ടിടങ്ങഴി''പോലെയുള്ള കൃതികൾക്ക് അടിസ്ഥാനമായത്. ഇതെല്ലാം ഇരു രംഗങ്ങളും തമ്മിലുള്ള പരസ്പരപൂരകത്വത്തിന്റെ ദൃഷ്ടാന്തങ്ങളാണ്. ആ നിലയ്ക്ക് ഡി സി കിഴക്കെമുറിയെപ്പോലെ സാംസ്കാരിക–സാഹിത്യപ്രവർത്തനങ്ങളിൽ തത്പരനായ ഒരാൾ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായില്ലെങ്കിലേ അതിശയിക്കേണ്ടതുള്ളൂ. ഈ മണ്ഡലങ്ങളെല്ലാം പരസ്പരബന്ധിതമാണ് എന്ന കാഴ്ചപ്പാടാണ് പൊതു ആവശ്യത്തിനായി ലോട്ടറി എന്ന ആശയം അവതരിപ്പിച്ചു നടപ്പാക്കുന്നതിന് ഡി സി കിഴക്കെമുറിയെ പ്രേരിപ്പിച്ചത്. കോട്ടയത്തെ ഇന്ത്യയിലെ ആദ്യത്തെ 100 ശതമാനം സാക്ഷരനഗരമാക്കിയതിനു പിന്നിൽ അദ്ദേഹത്തെപ്പോലുള്ളവരുടെ പ്രവർത്തനങ്ങൾക്കൂടി ഉണ്ടായിട്ടുണ്ട്.
