ആയിരം കറുത്ത ബുദ്ധന്മാര്‍ ഒത്തുകൂടുമ്പോള്‍

World of Letters

ആയിരം കറുത്ത ബുദ്ധന്മാര്‍ ഒത്തുകൂടുമ്പോള്‍


ഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലാണ് മുപ്പതോളം വരുന്ന അജന്താ ഗുഹാക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നത്. ഈ ഗുഹാക്ഷേത്രങ്ങളിലും വിഹാരങ്ങളിലുമാണ് രണ്ടാം നൂറ്റാണ്ടു ബി.സി.ഇ. മുതല്‍ ഒന്നാം നൂറ്റാണ്ട് സി.ഇ. വരെ ആലേഖനം ചെയ്യപ്പെട്ട അഭൗമസൗന്ദര്യമുള്ള ബൗദ്ധചുവര്‍ച്ചിത്രങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടുള്ളത്. ശതവാഹനന്മാര്‍ തുടങ്ങി വാകാടക രാജഭരണംവരെ ഈ ഗുഹാക്ഷേത്രങ്ങളുടെ നിര്‍മ്മാണത്തിലും ചുവര്‍ച്ചിത്രരചനയിലും ഏര്‍പ്പെട്ടതായി കരുതപ്പെടുന്നത്. ഏഴാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച ഹുവാന്‍ സാങ് എന്ന ചൈനീസ് യാത്രികനും പതിനേഴാം നൂറ്റാണ്ടിലെ മുഗള്‍ ദര്‍ബാര്‍ ചരിത്രകാരന്‍ അബുള്‍ ഫസലും അജന്തയിലെ ചുവര്‍ച്ചിത്രങ്ങളെക്കുറിച്ചു പരാമര്‍ശിച്ചിട്ടുണ്ട്.

2025ലെ വേനല്‍ അവധിക്കാലത്താണ് ഗവേഷണാവശ്യത്തിനായി ഞാനിവിടം സന്ദര്‍ശിച്ചത്. ബൗദ്ധകോസ്‌മോഗ്രാഫി (പ്രപഞ്ചവിവരണശാസ്ത്രം) അനുസൃതമായിട്ടുള്ള നൂറുകണക്കിന് ജാതകകഥകളും മോട്ടീഫുകളും ബൗദ്ധമൂര്‍ത്തികളും മിനിയേച്ചര്‍ സ്തൂപങ്ങളും അടങ്ങിയ ഒരു ബൗദ്ധപ്രപഞ്ചംതന്നെയാണിവിടം. ഇതില്‍ എന്നിലെ ഗവേഷകയിലെ ചരിത്രകൗതുകമുണര്‍ത്തിയത് ചുവര്‍ച്ചിത്രങ്ങളിലെ ശരീരങ്ങളുടെ കറുത്തതവിട്ട് വര്‍ണ്ണങ്ങളായിരുന്നു. നൂറു നൂറു കറുത്ത ബുദ്ധന്മാര്‍, കറുത്ത ഗന്ധര്‍വ്വന്മാര്‍, കറുത്ത യക്ഷി യക്ഷന്മാര്‍, കറുത്ത രാജാക്കന്മാര്‍, കറുത്ത സാലഭഞ്ജികമാര്‍, കറുത്ത അപ്സരസുകള്‍, കറുത്ത ബോധിസത്വന്മാര്‍... അങ്ങനെ കറുപ്പിനെ ആഘോഷിക്കുന്ന ഒരു 'പ്രീബ്രാഹ്മണിക്' ബ്രഹ്മാണ്ഡം!

ഇവിടെ വെളുത്തതും ഗോതമ്പിന്റെ നിറമുള്ളതുമായ ശരീരങ്ങളുടെ അടയാളപ്പെടുത്തല്‍ ഇല്ലാ എന്നല്ല പക്ഷേ, അവയ്‌ക്കൊന്നുംതന്നെ പ്രത്യേക പരിഗണനയോ സൗന്ദര്യശാസ്ത്രപരമായ മൂല്യമോ കല്പിച്ചുനല്കിയിട്ടില്ല. ബുദ്ധനെത്തന്നെ കറുപ്പും തവിട്ടും പച്ചയും ചുവപ്പും മഞ്ഞയും കാവിയും ചായങ്ങളില്‍ കാണാന്‍ കഴിയും. അജന്താ ഗുഹാചുവര്‍ച്ചിത്രങ്ങളിലൂടെയുള്ള സഞ്ചാരം അങ്ങനെയൊരു അപബ്രാഹ്മണവല്‍ക്കരണത്തിന്റെ (Debrahamanization) ഒരു വ്യവഹാരവും കൂടെയാണ്. ഒരുപക്ഷേ, നമ്മുടെ കേരളവും ബ്രാഹ്മണ കുടിയേറ്റത്തിന് വിധേയപ്പെട്ടിരുന്നില്ലായിരുന്നെങ്കില്‍ മലയാളിയുടെ സൗന്ദര്യശാസ്ത്രവും സര്‍ഗ്ഗാത്മകതയും ലാവണ്യബോധവും അജന്തയിലെ കറുത്ത ബുദ്ധന്മാര്‍ക്കനുസൃതമായിരുന്നേനേയെന്ന് ചിന്തിക്കാതിരിക്കാനാകുന്നില്ല.


Related Articles