ഋഷഭന്റെ നൂറ് പുത്രന്മാരിൽ ജ്യേഷ്ഠനും ശ്രേഷ്ഠനുമായിരുന്നു ഭരതൻ. ഭരതൻ മൂലം അജനാഭവർഷത്തിന് ഭാരതമെന്ന് പേര് വന്നു എന്ന് ഭാഗവതം പറയുന്നു ( യേഷാം ഖലു മഹായോഗി ഭരതോ ജ്യേഷ്ഠ: ശ്രേഷ്ഠ / ഗുണ ആസീദ്യേനേദം വർഷം ഭാരതമിതി വ്യപദിശന്തി, ഭാഗവതം, 5.4.9). ഭരതൻ വിശ്വരൂപന്റെ പുത്രിയായ പഞ്ചജനിയെ വിവാഹം കഴിച്ചു. അവർക്ക് സുമതി, രാഷ്ട്രഭൃത്ത്, സുദർശനൻ, ആവരണൻ, ധൂമ്രകേതു എന്നിങ്ങനെ അഞ്ച് മക്കളുണ്ടായി. ഭരതനും സ്വധർമമനുസരിച്ചാണ് രാജ്യം ഭരിച്ചതെന്ന് ഭാഗവതം വ്യക്തമാക്കുന്നുണ്ട് (...പ്രജാ: സ്വധർമമനുവർത്തമാന: പര്യപാലയത്, ഭാഗവതം, 5.7.4). സ്വധർമം എന്നാൽ ചാതുർവർണ്ണ്യമനുസരിച്ചുള്ള ഭരണക്രമത്തിന് ഭരതൻ പ്രാധാന്യം നൽകി എന്ന് വിവക്ഷ. പതിനായിരം കൊല്ലം യാഗവും യജ്ഞവും ചെയ്ത് രാജ്യം ഭരിച്ച ഭരതൻ അവസാനം രാജ്യം പുത്രന്മാർക്ക് യഥാവിധി ഭാഗിച്ചുകൊടുത്ത് പുലഹാശ്രമത്തിലേക്ക് സർവ്വസംഗപരിത്യാഗിയായി പോയി (ഭാഗവതം, 5.7.8 ). ആശ്രമവാസത്തിനിടയിൽ ഒരിക്കൽ നദീതീരത്തെത്തിയ ഭരതൻ, സിംഹത്തിന്റെ ഗർജനം കേട്ട് പരിഭ്രമിച്ച് ഗർഭിണിയായ ഒരു മാൻപേട നദിയുടെ മറുകരയിലേക്ക് ചാടുന്നത് കണ്ടു. ചാട്ടത്തിനിടയിൽ മാൻപേട പ്രസവിച്ചു. തുടർന്ന് ആ മാൻപേട മരിക്കുകയും ചെയ്തു. പ്രസവിച്ച മാൻകുഞ്ഞിനെ ഭരതൻ ആശ്രമത്തിലേക്ക് കൊണ്ടുപോന്നു. തപസ്സിൽ നിരതനാകേണ്ടിയിരുന്ന ഭരതന്റെ ശ്രദ്ധ മുഴുവൻ ക്രമേണ മാനിനെ പരിചരിക്കുന്നതിലും ലാളിക്കുന്നതിലുമായി. ഇരിക്കുമ്പോഴും കിടക്കുമ്പോഴും ഉണ്ണുമ്പോഴുമെല്ലാം മാൻകുട്ടിയോടുള്ള സ്നേഹത്തിൽ ഭരതൻ ആമഗ്നനായി. പൂജകൾക്കിടയിലും മാൻകുട്ടിക്ക് ആപത്ത് വരുന്നതിനെക്കുറിച്ച് ആലോചിച്ച് ഭരതൻ ആകുലചിത്തനായി. അങ്ങനെ മരണകാലത്തും മാനിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്ന ഭരതൻ ഒരു മാനായി പുനർജ്ജനിച്ചു. മാനായി പുനർജ്ജനിച്ച ഭരതൻ അവസാനം സ്വശരീരം തീർത്ഥജലത്തിൽ മുക്കി ഉപേക്ഷിച്ചു. തുടർന്ന് ഭരതൻ അംഗിരസെന്ന ബ്രാഹ്മണന്റെ ഗോത്രത്തിൽ പുനർജ്ജനിച്ചു (അഥ കസ്യചിദ്വിജവരസ്യാംഗിര: പ്രവരസ്യ.......... യസ്തു തത്ര പുമാംസ്തം പരമഭാഗവതം രാജർഷിപ്രവരം ഭരതമുത്സൃഷ്ടമൃഗശരീരം ചരമശരീരേണ വിപ്രത്വം ഗതമാഹു: , ഭാഗവതം, 5.9. 1-2 ). ഒരു ജഡനെ പോലെ പെരുമാറിയ ഭരതനെ സഹോദരന്മാരും കൈവിട്ടു. ഈ ജഡഭരതൻ മുഷിഞ്ഞ വസ്ത്രവുമുടുത്ത് ചെളി കെട്ടിയ പൂണൂലോടെ ദ്വിജനെന്നും ബ്രാഹ്മണാധമനെന്നും വിളിക്കപ്പെട്ട് അപമാനിതനായി ചുറ്റിസഞ്ചരിച്ചു.
ഭരതന്റെ കഥയിലൂടെ കർമ്മപുനർജ്ജന്മസിദ്ധാന്തമാണ് ഭാഗവതം ഉറപ്പിക്കാൻ ശ്രമിക്കുന്നത്. ഒരു ജന്മത്തിലെ പാപകർമ്മമാണ് അടുത്ത ജന്മത്തിന് കാരണമാകുന്നതെന്നാണ് കർമ്മസിദ്ധാന്തത്തിന്റെ അടിസ്ഥാനം. ഇവിടെ സർവ്വസംഗപരിത്യാഗിയായി പുലഹാശ്രമത്തിലെത്തിയിട്ടും മാനിനെ പരിചരിക്കുന്ന കർമ്മസംഗത്തിൽപ്പെട്ടതുകൊണ്ടാണ് ഭരതന് മാനായി തന്നെ പുനർജ്ജനിക്കേണ്ടി വന്നത്. എന്നാൽ മാനായി പുനർജ്ജനിച്ചപ്പോഴും ഭഗവൽസ്മരണ കൈവിടാതിരുന്നത് നിമിത്തം ഭരതൻ ഒരു ബ്രാഹ്മണകുലത്തിൽ തന്നെ പുനർജ്ജനിച്ചു.
കർമ്മം അവസാനിക്കുമ്പോൾ ബ്രഹ്മം തന്റെ യോനിയായ ബ്രാഹ്മണജാതിയെ തന്നെ ആശ്രയിക്കുന്നു എന്ന് ബൃഹദാരണ്യോപനിഷദ് ഭാഷ്യത്തിൽ ശങ്കരൻ എഴുതുന്നുണ്ട്: "ബ്രഹ്മൈവ ബ്രാഹ്മണജാതിമേവ അന്തത: അന്തേ കർമപരിസമാപ്തൌ ഉപനിശ്രയതി ആശ്രയതി...." (ബൃഹദാരണ്യകോപനിഷദ് 1.4.11-ന്റെ ശാങ്കരഭാഷ്യം ). വർണ്ണാശ്രമധർമ്മനുസരിച്ച് സ്വകർമ്മനിഷ്ഠരായവർ കർമ്മഫലമനുഭവിച്ച് പിന്നീട് വിശിഷ്ടമായ ദേശത്തിലും ഉയർന്ന ജാതിയിലും ഉയർന്ന കുലത്തിലും ധനധാന്യസമൃദ്ധിയുള്ള സ്ഥലത്തും പുനർജ്ജനിക്കുമെന്ന് പുരാണങ്ങളും സ്മൃതികളും പറയുന്നു എന്ന് ശങ്കരാചാര്യർ ഗീതാഭാഷ്യത്തിലും എഴുതുന്നുണ്ട്: "വർണാ ആശ്രമാശ്ച സ്വകർമനിഷ്ഠാ: പ്രേത്യ കർമഫലമനുഭൂയ തത: ശേഷേണ വിശിഷ്ടദേശ ജാതി കുലധർമായു:ശ്രുതവൃത്ത വിത്ത സുഖമേധസോ ജന്മ പ്രതിപദ്യന്തേ ഇത്യാദി സ്മൃതിഭ്യ: പുരാണേ ച വർണിനാം ആശ്രമിണാം ച ലോകഫലഭേദ വിശേഷ സ്മരണാത് " (ഗീത, 18.44-ന്റെ ശാങ്കരഭാഷ്യം).
