ഒരിക്കൽ ഒരാൾ ഒരു കുട്ടിയായിരുന്നു. ഇരുട്ടിൽ കാലുകൾ നോവുന്ന കുട്ടി.
“വളരുമ്പോ പൊറുക്കും.'' ഉറങ്ങാത്ത കുട്ടിയുടെ കാൽ ഉറങ്ങാതെയുഴിഞ്ഞ് അപ്പൂപ്പനങ്ങനെ പറയും. അതായിരുന്നു കുട്ടി തൊട്ട ആദ്യത്തെ തത്ത്വചിന്ത.
വളർന്നപ്പോ വേദന പൊറുത്തു. വളർന്ന കുട്ടി അബ്ബാസ് കിയരോസ്തമിയെ വായിച്ചു. വി. രവികുമാറിന്റെ
വിവർത്തനത്തിൽ വരികൾ ഇതായിരുന്നു:
എത്ര ഖേദകരം,
കണ്ണിമയിൽ വന്നുതങ്ങിയ
മഞ്ഞലകിന്
നല്ലൊരാതിഥേയനായില്ല
ഞാനെന്ത്!
കുട്ടിക്ക് തോന്നി ഭാവനയാണ് ആ മഞ്ഞലകെന്ന്. അതിഥിയെ, ആ മഞ്ഞലകിനെ കടലാസു വിരിച്ചിരുത്തി. അതിഥി കഥയായി. വിളമ്പിവച്ചതിന്റെ രുചി പിടിക്കാതെ കഥ മുഖം ചുളിച്ചിരിപ്പായി. "വളരുമ്പോ പൊറുക്കും.'' കുട്ടി പറഞ്ഞു. "ആര് നീയോ ഞാനോ?'' കഥ ചോദിച്ചു.
Summary: V Praveena writes about her experience of writing stories.
വി പ്രവീണ
