ഭാരതമണ്ഡലം

World of Letters

ഭാരതമണ്ഡലം


(വില്ല്യം ഡാൽറിമ്പിൾ എഴുതിയ ഗോൾഡൻ റോഡ് എന്ന പുസ്തകത്തിൽ നിന്നും
വിവർത്തനം: രാധാകൃഷ്ണൻ കെ. ടി )

വിദൂരമായ സ്ഥലങ്ങൾ, വിവിധ ആചാരരീതികളുള്ള മനുഷ്യർ, എന്നതാണ് പ്രശസ്തമായ ഇന്ത്യ എന്ന നാടിന്റെ പ്രത്യേകതകൾ’ എന്ന് ക്രിസ്തുവർഷം ഏഴാം നൂറ്റാണ്ടിലെ ഒരു ചൈനീസ് ബുദ്ധസന്ന്യാസി എഴുതി.
മഹാനായ ഒരു ചൈനീസ് പണ്ഡിതനും സഞ്ചാരിയും പരിഭാഷകനും ആയിരുന്നു, ഷ്വാങ്സാങ്. മേൽപ്പറഞ്ഞ വാക്കുകൾ അദ്ദേഹം എഴുതിയത്, പതിനേഴു കൊല്ലംകൊണ്ട് കരയിലൂടെ 6000 നാഴിക താണ്ടി, പടിഞ്ഞാറൻ ചൈനയിൽനിന്ന് തെന്നിന്ത്യയിലെ കാഞ്ചീപുരത്തേക്കും തിരിച്ചും സഞ്ചരിച്ച്, ഇന്ത്യയിലെ മഹത്തായ പഠനകേന്ദ്രങ്ങൾ സന്ദർശിച്ച് ഇന്ത്യയിലെ വിവിധ കലകളെയും ശാസ്ത്രത്തെയും ഭാഷകളെയും മതങ്ങളെയും കുറിച്ച് മനസ്സിലാക്കിയശേഷം ആയിരുന്നു, ‘പടിഞ്ഞാറൻ നാടുകളിലെ മഹത്തായ ടാങ് രേഖകൾ’ എന്ന ആ വിവരണക്കുറിപ്പുകൾ. വിശേഷിച്ച്, ആയിരങ്ങൾ വരുന്ന പണ്ഡിതസന്ന്യാസികൾ ഉണ്ടായിരുന്ന, നളന്ദപോലുള്ള ഇന്ത്യയിലെ ബുദ്ധസർവ്വകലാശാലകളിലെ ആശ്രമങ്ങളെ ഏറെ ബഹുമാനത്തോടെയാണ് അദ്ദേഹം നോക്കിക്കണ്ടത്. ഷ്വാങ്‌സാങ്ങിന്റെ കണ്ണിൽ അവ ജ്ഞാനത്തിന്റെയും പാണ്ഡിത്യത്തിന്റെയും മഹത്തായ കേന്ദ്രങ്ങൾ ആയിരുന്നു, അലക്സാൺഡ്രിയയിലെ മഹത്തായ ഗ്രന്ഥശാലയുടെ ഇന്ത്യൻ പതിപ്പുപോലെ.
ഓരോ ദിവസവും നൂറു വ്യത്യസ്ത ഹാളുകളിൽ ആയിരുന്നുവത്രേ, നളന്ദയിൽ പ്രഭാഷണങ്ങൾ നടന്നുവന്നിരുന്നത്. അദ്ദേഹം എഴുതുന്നു, ‘വിദ്യാർത്ഥികൾ ഒരു നിമിഷംപോലും പാഴാക്കാതെ, ശ്രദ്ധയോടെ പഠിച്ചിരുന്നു.’ ക്ലാസ്മുറികളെയും സ്തൂപങ്ങൾ സ്ഥാപിച്ചിരുന്ന മൺകൂനകളെയും അഞ്ചു ക്ഷേത്രങ്ങളെപ്പറ്റിയും അവിടെ ഒത്തുകൂടിയിരുന്ന 10,000 സന്ന്യാസിമാരും അന്തർരാഷ്ട്രീയ പണ്ഡിതന്മാരും താമസിച്ചിരുന്ന 300 വസതികളെയും സമൂഹപാർപ്പിടങ്ങളെയും പറ്റി വിവരിച്ചിട്ടുണ്ട്. ബുദ്ധമതത്തിന്റെ വിവിധ ശാഖകളുടെ ഗ്രന്ഥങ്ങൾ, പവിത്രങ്ങളായ വേദങ്ങൾ, തർക്കശാസ്ത്രം, സംസ്കൃതവ്യാകരണം, അതിഭൗതികം, ആരോഗ്യശാസ്ത്രം, ദർശനം, ദിവ്യത്വം, ഗണിതം, ജ്യോതിശ്ശാസ്ത്രം, സാഹിത്യം, മാന്ത്രികം എന്നിവ ആയിരുന്നു, അവർ പഠിച്ചത്. ‘നളന്ദയിലെ ആയിരമായിരം പുരോഹിതർ നല്ല പ്രാവീണ്യവും കഴിവുകളും ഉള്ളവർ ആയിരുന്നു.’ അദ്ദേഹം എഴുതി, ‘ഇന്നത്തെ കാലത്തും അവരുടെ പ്രാഗല്ഭ്യം പ്രസക്തമാണ്. ഗഹനമായ ചോദ്യങ്ങൾ ചോദിക്കാനും ഉത്തരം പറയാനും ദിവസങ്ങൾതന്നെ വേണ്ടിവന്നു. രാവിലെമുതൽ രാത്രിവരെ അവർ, പ്രായഭേദമെന്യേ പരസ്പരം സഹായിച്ച്, ചർച്ചകളിൽ മുഴുകി.’
എന്നാൽ അദ്ദേഹം ഏറ്റവുമധികം പ്രകീർത്തിച്ചത്, നളന്ദയിലെ ഗ്രന്ഥശാലയുടെ മഹത്ത്വങ്ങളെയാണ്. ലോകത്തിലെ ഏറ്റവും മഹത്തായ വിജ്ഞാനശേഖരമാണ് അതെന്ന് അദ്ദേഹം കരുതി. ഒമ്പതു നിലകൾ; മൂന്നു വിഭാഗങ്ങൾ–രത്നദധി അഥവാ, ‘രത്നങ്ങളുടെ സമുദ്രം’, രത്നസാഗര അഥവാ ‘രത്നങ്ങളുടെ മഹാസമുദ്രം’, രത്നരഞ്ജക അഥവാ ‘രത്നങ്ങൾ ധരിച്ചവൻ’. ഏത് കൈയെഴുത്തുപ്രതിയും വായിക്കാൻ എടുക്കാം. പക്ഷേ, നളന്ദയിലെ നിബന്ധനാവലി അനുസരിച്ച് അവ, ചതുരാകൃതിയിലുള്ള മദ്ധ്യാങ്കണത്തിന് അടുത്തുള്ള സന്ന്യാസിമാരുടെ അറകളിലേ സൂക്ഷിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. ഇവിടെയാണ് ഷ്വാങ്സാങ് അഞ്ചു വർഷങ്ങൾ അദ്ധ്വാനിച്ച് പഠിച്ചതും ചൈനയിലേക്കു തിരിച്ചുപോകുമ്പോൾ കൊണ്ടുപോകാനായി സംസ്കൃതഗ്രന്ഥങ്ങൾ കൈകൾകൊണ്ട് പകർത്തിയെടുത്തതും. പിന്നീട് ഈ കൃതികൾ പരിഭാഷപ്പെടുത്തി പല പകർപ്പുകളാക്കി ചൈനയിലെയും കൊറിയയിലെയും ജപ്പാനിലെയും ആശ്രമങ്ങളിലേക്കു കൊണ്ടുപോയി.
എന്നാൽ മദ്ധ്യാന്ത–ആധുനികകാല ചരിത്രങ്ങൾ പരിശോധിച്ചാൽ ഇന്ത്യ അതിർത്തികൾക്ക് അപ്പുറത്തുള്ള നാടുകളിൽനിന്നുള്ള സാംസ്കാരിക സ്വാധീനങ്ങൾക്ക് വഴങ്ങിയിരുന്നതായി കാണാം. പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടുകളിൽ ഇന്ത്യയിൽ ഉടനീളം ഇസ്‌ലാമിക സുൽത്താനേറ്റുകൾ സ്ഥാപിക്കപ്പെട്ടതിന്റെ ഫലമായി ഇവിടത്തെ ഭരണഭാഷ പേർഷ്യൻ ആയി. ദക്ഷിണേന്ത്യയിലെ ഹിന്ദുരാജസഭകളിൽപോലും കല, വസ്ത്രധാരണം, ആചാരമര്യാദകൾ എന്നീ കാര്യങ്ങളെ പേർഷ്യൻ സംസ്കാരം സ്വാധീനിച്ചു. പിന്നീട് പത്തൊമ്പതാം നൂറ്റാണ്ടിൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെയും വിക്ടോറിയാ ഭരണത്തിന്റെയും ഉദയത്തോടെ പേർഷ്യനു പകരം ഇംഗ്ലിഷ് ഭാഷയായി. അങ്ങനെ ഇന്ത്യ ബ്രിട്ടീഷ്‌ ലോകത്തിന്റെ ഭാഗമായി. ഇംഗ്ലിഷ് കൈകാര്യം ചെയ്യാനുള്ള കഴിവ് പുരോഗതിക്കുള്ള നിദാനമായി. എങ്ങനെയും മുന്നോട്ട്, ഉയർന്നുപോകാനുള്ള ത്വരയുടെ ഭാഗമായി ഇന്ത്യക്കാർ, അവരുടെ സംസ്കാരത്തെ ഉപേക്ഷിച്ച് ഇംഗ്ലിഷ് സംസാരിക്കുന്ന ‘ബ്രൗൺ സാഹിബ്'മാരായി; വി.എസ്. നെയ്‌പോൾ വിളിച്ചതുപോലെ, ‘അനുകരണമനുഷ്യർ’. അധികം താമസിയാതെ ഇന്ത്യക്കാർ രണ്ട് ഭാഷകളിലും–പേർഷ്യനിലും ഇംഗ്ലിഷിലും–പ്രാവീണ്യം നേടി, ആ ഭാഷകളെ സ്വന്തമാക്കി. പതിനേഴാം നൂറ്റാണ്ടിൽ മധ്യേഷ്യയിൽ ബേദിൽ ദഹ്‌ലാവി ഏറ്റവും പ്രശസ്തനായ പേർഷ്യൻ കവിയും ടാഗോർമുതൽ റുഷ്‌ദിവരെയും നെയ്പോൾതന്നെയും ഇരുപതാം നൂറ്റാണ്ടിലെ അറിയപ്പെടുന്ന ഇംഗ്ലിഷ് സാഹിത്യകാരന്മാരുമായി.
പക്ഷേ, അതിനും ഒന്നര സഹസ്രാബ്ദങ്ങൾക്കും മുമ്പുതന്നെ, ക്രിസ്തുവിനു മുമ്പ് (ക്രി.മു.) 250 മുതൽ ക്രി.വ. 1200 വരെ, ഇന്ത്യ വൈവിദ്ധ്യമാർന്ന അതിന്റെ സംസ്കാരം ലോകമെമ്പാടും പരത്തി അതിനു ചുറ്റും ആശയങ്ങളുടെ ഒരു സാമ്രാജ്യംതന്നെ–ആ ഇന്ത്യൻ സാംസ്കാരികമണ്ഡലത്തെ നമുക്ക് ‘ഭാരതമണ്ഡലം അഥവാ ഇന്തോസ്ഫിയർ’ എന്ന് വിളിക്കാം–വാർത്തെടുത്തിരുന്നു. ഭാരതമണ്ഡലത്തിലാകെ ഇന്ത്യയുടെ സാംസ്കാരികസ്വാധീനം പ്രകടമായിരുന്നു. വിശ്വാസപ്രമാണങ്ങൾ, കലകൾ, സംഗീതം, നൃത്തം, വസ്ത്രങ്ങൾ, സാങ്കേതികവിദ്യ, ജ്യോതിശ്ശാസ്‌ത്രം, ഗണിതം, വൈദ്യം, പുരാണങ്ങൾ, ഭാഷകൾ, സാഹിത്യം എന്നീ മേഖലകളിലെല്ലാം ഇന്ത്യൻ ‘മൃദുശക്തി’ വ്യാപകമായി ഏഷ്യയാകെ ഇക്കാലമത്രയും കൈമാറ്റം ചെയ്യപ്പെട്ടിരുന്നു.
ക്രിസ്തുവിന് ഒരായിരം കൊല്ലങ്ങൾക്കുമുമ്പുതന്നെ സംസ്കൃതം അതീവ പുണ്യഭാഷയായി പരിഗണിക്കപ്പെട്ടിരുന്നു. ക്രിസ്തുവിനു മുമ്പത്തെയും പിമ്പത്തെയും ഒന്നാം നൂറ്റാണ്ടുകൾക്ക് ഇടയിൽ സാഹിത്യഭാഷയും രാഷ്ട്രീയഭാഷയുമായി അതിന് ഒരു പുതുജന്മം കിട്ടി. അഫ്‌ഗാനിസ്ഥാൻമുതൽ ജാവവരെ സംസ്കൃത സാഹിത്യസംസ്‌കാരം പരന്നുകിടക്കുന്ന അതിശയാവഹമായ കാഴ്ച ഇക്കാലത്തിന്റെ പ്രത്യേകതയാണ്. ‘മനുഷ്യരുടെ ലോകത്തിലെ ദേവഭാഷ’ എന്ന് പിന്നീട് ഷെൽഡൺ പോളോക്ക് വിശേഷിപ്പിച്ച സംസ്കൃതം ബൽഖ് (സംസ്കൃതത്തിൽ ബഹ്‌ലിക) മുതൽ സിംഗപ്പൂർ (സംസ്കൃതത്തിൽ സിംഹപുര) വരെ ഏഷ്യയുടെ മിക്കവാറും എല്ലാ ഭാഗങ്ങളിലെയും ബന്ധഭാഷ ആയി മാറി.

Summary: Excerpted from William Dalrymple's The Golden Road


Related Articles