മൃത്യുപുത്രിയും അംഗന്റെ പത്നിയുമായ സുനീഥക്ക് വേനൻ എന്ന പുത്രനുണ്ടായി. വേനൻ ബാല്യം മുതൽ തന്നെ അധർമിയായിരുന്നുവെന്നാണ് ഭാഗവതം പറയുന്നത് ( ഭാഗവതം, 4.13.39). വേനൻ കൈയിൽ വില്ലെടുത്ത് കാട്ടാളനെ പോലെ വനത്തിൽ ചുറ്റി നടന്ന് നിരപരാധികളായ മൃഗങ്ങളെ കൊന്നൊടുക്കി എന്നും ആരോപണമുണ്ട് (ഭാഗവതം, 4.13.40 ). എന്നാൽ യഥാർത്ഥ ആരോപണം ഇതൊന്നുമായിരുന്നില്ലെന്ന് വേണം കരുതാൻ. വേനൻ ദ്വിജന്മാരോട് മേലിൽ യജ്ഞം ചെയ്യരുതെന്നും, ദാനവും ഹോമവും ചെയ്യരുതെന്നും പെരുമ്പറ മുഴക്കി കല്പിച്ചു ( ന യഷ്ടവ്യം ന ദാതവ്യം ന ഹോതവ്യം ദ്വിജാ: ക്വചിത് / ഇതി ന്യവാരയദ്ധർമം ഭേരീഘോഷേണ സർവ്വശ:, ഭാഗവതം, 4.14. 6). ഇവിടെ ദ്വിജന്മാരുടെ യജ്ഞ ഹോമ ദാനങ്ങളെയാണ് ഭാഗവതം "ധർമം" എന്ന് വിവക്ഷിക്കുന്നത്. ദാനമെന്നത് ബ്രാഹ്മണർക്കുള്ള ദാനവുമാണ്. ഇങ്ങനെ നോക്കിയാൽ ബ്രാഹ്മണ്യ ധർമമായ യജ്ഞ ഹോമാദികളെയാണ് വേനൻ വിലക്കിയത് എന്ന് കാണാം. മൃഗഹിംസകളുടെ കൂത്തരങ്ങായ യജ്ഞങ്ങൾക്കെതിരെ ബുദ്ധനും ചാർവാകരും നിശിതവിമർശനങ്ങളാണ് ഉയർത്തിയിരുന്നത്. ഇത്തരം വിമർശനങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ ബുദ്ധനെ കള്ളനായും ബൗദ്ധരെ അസ്പൃശ്യരായുമാണ് ഇതിഹാസ - ധർമശാസ്ത്രങ്ങൾ മുദ്ര കുത്തിയത്. ധർമത്തിന് നാശം വരുന്നു എന്ന കലിയുഗ ബ്രാഹ്മണ ഭീതി യഥാർത്ഥത്തിൽ തങ്ങൾ സൃഷ്ടിച്ച വർണ്ണാശ്രമ ജാതി വ്യവസ്ഥയും യജ്ഞസംസ്കാരവും തകരുമെന്നുള്ള ബ്രാഹ്മണഭീതിയിൽ നിന്നുളവാകുന്നതാണ്. വർണാശ്രമവ്യവസ്ഥ വേനന്റെ ഭരണത്തിൽ തകർന്നു എന്ന് ഭാഗവതം വ്യക്തമാക്കുന്നുണ്ട്. "ഏതൊരു രാജാവിന്റെ രാജ്യത്തിലും നഗരത്തിലും യജ്ഞമൂർത്തിയായ ഭഗവാൻ വർണാശ്രമനിഷ്ഠരായ ജനങ്ങളാൽ സ്വധർമം കൊണ്ട് യജിക്കപ്പെടുന്നു, തന്റെ കല്പനയനുസരിക്കുന്ന ആ രാജാവിന്റെ നേരെ സർവകാരണനും സർവാത്മകനുമായ ഭഗവാൻ സന്തോഷിക്കുന്നു "-
"തസ്യ രാഷ്ട്രേ പുരേ ചൈവ ഭഗവാൻ
യജ്ഞപൂരൂഷ: / ഇജ്യതേ സ്വേന ധർമേണ ജനൈർ വർണാശ്രമാന്വിതൈ: " ( ഭാഗവതം, 4.14. 18 ).
