ബ്രാഹ്മണനിർദേശത്താൽ വൃത്രവധം

World of Letters

ബ്രാഹ്മണനിർദേശത്താൽ വൃത്രവധം


ഇന്ദ്രനെ നാരായണകവചം ഉപദേശിച്ച് യുദ്ധത്തിൽ ജയം ഉറപ്പുവരുത്തിയെങ്കിലും വിശ്വരൂപന് അസുരന്മാരോട് പ്രതിപത്തിയുണ്ടായിരുന്നു. വിശ്വരൂപൻ മാതാവിനോടുള്ള സ്നേഹത്തിന്നടിപ്പെട്ട് അസുരന്മാർക്ക് യജ്ഞഭാഗം കൊടുത്തു (ഭാഗവതം, 6.9.3). ഇത് ദേവവഞ്ചനയാണെന്ന് തിരിച്ചറിഞ്ഞ ഇന്ദ്രൻ ഭയാക്രാന്തനായി വിശ്വരൂപന്റെ മൂന്ന് തലകളും ഛേദിച്ചു. വിശ്വരൂപന്റെ തലകൾക്ക് ചില പ്രത്യേകതകളുണ്ടായിരുന്നു. സോമം പാനം ചെയ്യുന്നതും ആഹാരം ഭക്ഷിക്കുന്നതും മദ്യം പാനം ചെയ്യുന്നതും ഓരോ തലകൊണ്ടായിരുന്നു. ഇന്ദ്രനാൽ ശിരസ്സ് ഛേദിക്കപ്പെട്ടപ്പോൾ സോമം പാനം ചെയ്തിരുന്ന ശിരസ് കപിഞ്ജലമെന്ന പക്ഷിയായും സുരാപാനം ചെയ്തിരുന്ന ശിരസ് കളവിങ്കമെന്ന പക്ഷിയായും അന്നം കഴിച്ചിരുന്ന ശിരസ് തിത്തിരി പക്ഷിയായും തീർന്നു. വിശ്വരൂപവധത്തിലൂടെ ഇന്ദ്രനെ ബ്രഹ്മഹത്യാപാപം പിടികൂടി. തന്നെ ബാധിച്ച ബ്രഹ്മഹത്യാപാപത്തെ ഇന്ദ്രൻ ഭൂമി, ജലം, വൃക്ഷങ്ങൾ, സ്ത്രീകൾ എന്നിവർക്കായി ഭാഗിച്ചു നൽകി. ഭൂമിയിലെ മരുപ്രദേശവും വൃക്ഷങ്ങളിലെ പശയും ജലത്തിലെ നുര, പത, കുമിള എന്നിവയും സ്ത്രീകളിലെ ആർത്തവവും ബ്രഹ്മഹത്യാപാപം ഇന്ദ്രനിൽ നിന്നും സ്വീകരിച്ചതിന്റെ അനന്തരഫലമാണെന്ന് ഭാഗവതം പ്രസ്താവിക്കുന്നു (ഭാഗവതം, 6.9.8-10). സ്വാഭാവികമായ ആർത്തവം ഉൾപ്പെടെയുള്ള ജൈവപ്രക്രിയകൾ പാപമായി മാറ്റുന്നതിന് ഇന്ദ്രന്റെ ബ്രഹ്മഹത്യാപാപകഥ ബ്രാഹ്മണ്യം ഒരുപകരണമാക്കിയിരിക്കുന്നു. മരുഭൂമിയുടെ ഉത്പത്തിയുടെ ശാസ്ത്രീയ വിശദീകരണം സാധ്യമല്ലാതിരുന്ന കാലത്ത് അതിന്റെ ഉത്പത്തിയുടെ മിത്തിക്കൽ അവതരണമാണ്, മരുഭൂമി എന്നത് ഭൂമിക്ക് ബ്രഹ്മഹത്യാപാപം സ്വീകരിച്ചതിനാലുളവായ പ്രദേശമാണെന്ന വ്യാഖ്യാനം.

വിശ്വരൂപന്റെ മരണത്തിൽ ദുഃഖിതനായ പിതാവായ ത്വഷ്ടാവ് ഇന്ദ്രനെ വധിക്കാൻ ഒരു ശത്രുവിനെ സൃഷ്ടിക്കാനായി ഹോമം നടത്തി. ഹോമാഗ്നിയിൽ നിന്ന് പ്രളയകാലത്തെ സംഹാരാന്തകനെ പോലെ വൃത്രാസുരൻ പുറത്തുവന്നു. ചുട്ടെരിച്ച പർവതം പോലെ കറുപ്പു നിറമുള്ളവനും സന്ധ്യാ മേഘതുല്യനും, ചെമ്പിച്ച മുടിയും താടിയുമുള്ളവനും മധ്യാഹ്ന സൂര്യനൊത്ത കണ്ണുള്ളവനുമായ ആ വൃത്രാസുരനെ കണ്ട് ദേവന്മാർ ഭയന്നു. വൃത്രനെ കണ്ട് ഭയപ്പെട്ട ദേവന്മാർ ആദിപുരുഷനായ വിഷ്ണുവിനെ സ്തുതിച്ചു. പ്രീതനായ വിഷ്ണു വൃത്രനെ വധിക്കാനുള്ള വഴി ഇന്ദ്രന് ഉപദേശിച്ചു. ഋഷിശ്രേഷ്ഠനായ ദധ്യങ്മഹർഷിയെ സമീപിക്കാൻ വിഷ്ണു കല്പിച്ചു. അഥർവണ വേദ വിദഗ്ദ്ധനായ ദധ്യങ് മഹർഷിയാണ് നാരായണ കവചം ത്വഷ്ടാവിന് ഉപദേശിച്ചതും ത്വഷ്ടാവിൽ നിന്നും അത് ഗ്രഹിച്ച വിശ്വരൂപൻ ഇന്ദ്രനെ യുദ്ധത്തിൽ ജയിപ്പിച്ചതും. അശ്വശിരസ് എന്ന പ്രസിദ്ധമായ ബ്രഹ്മവിദ്യ അശ്വനീദേവന്മാർക്ക് ഉപദേശിച്ചതും ദധ്യങ് മഹർഷിയാണ്. ഇങ്ങനെയുള്ള ദധ്യങ് മഹർഷിയോട് അദ്ദേഹത്തിന്റെ ശരീരാവയവങ്ങൾ യാചിച്ചു വാങ്ങാനാണ് വിഷ്ണു കൽപ്പിച്ചത്. ദധ്യങ് മഹർഷിയുടെ അവയവങ്ങൾ ഉപയോഗിച്ച് വിശ്വകർമാവ് ആയുധമുണ്ടാക്കുമെന്നും അതുപയോഗിച്ച് വൃത്രനെ വധിക്കാനും വിഷ്ണു ഇന്ദ്രനെ ഉപദേശിച്ചു.


Related Articles