ഒരിക്കൽ ദേവഗുരുവായ ബൃഹസ്പതി ദേവസഭയിൽ വന്നപ്പോൾ ഇന്ദ്രൻ താൻ ഇരിക്കുന്ന പീഠത്തിൽ നിന്ന് എഴുന്നേൽക്കുകയോ ബൃഹസ്പതിയെ ആദരിക്കുകയോ ചെയ്തില്ല. താൻ വന്നത് കണ്ടിട്ടും ഇന്ദ്രൻ തന്നെ ഗൗനിക്കാതിരുന്നതിൽ അപമാനിതനായ ബൃഹസ്പതി സ്വഗൃഹത്തിലേക്ക് മടങ്ങി. താൻ ചെയ്ത ഗുരുദ്രോഹത്തെക്കുറിച്ച് ഇന്ദ്രന് പിന്നീടാണ് തിരിച്ചറിവുണ്ടായത്. മന്ദബുദ്ധിയും ഐശ്വര്യമത്തനുമായ താൻ സദസ്സിൽവച്ച് ഗുരുവിനെ തിരസ്കരിച്ചല്ലോ എന്നോർത്ത് ഇന്ദ്രൻ പശ്ചാത്തപിച്ചു. ബൃഹസ്പതിയെ ചെന്നുകണ്ട് പാദങ്ങളിൽ വീണ് നമസ്കരിച്ച് പ്രസാദിപ്പിക്കാം എന്ന് ഇന്ദ്രൻ തീരുമാനിച്ചു. പക്ഷെ, അപ്പോഴേയ്ക്കും ബൃഹസ്പതി അദ്ധ്യാത്മമായയാൽ സ്വഗൃഹത്തിൽ നിന്നും മറഞ്ഞുകഴിഞ്ഞിരുന്നു. ഏറെ അന്വേഷിച്ചിട്ടും ഇന്ദ്രനും ദേവഗണങ്ങൾക്കും ബൃഹസ്പതിയെ കണ്ടെത്താനായില്ല. ബൃഹസ്പതിയുടെ അഭാവത്തിൽ ശുക്രന്റെ ആജ്ഞയനുസരിച്ച് അസുരന്മാർ ദേവന്മാരെ ആക്രമിച്ചു. ബ്രഹ്മജ്ഞനും ബ്രാഹ്മണനുമായ (ബ്രഹ്മിഷ്ടം ബ്രാഹ്മണം ഭാന്തമൈശ്വര്യാന്നാഭ്യനന്ദത, ഭാഗവതം, 6.7.21) ബൃഹസ്പതിയെ അനാദരിച്ചതാണ് യുദ്ധത്തിൽ ദേവന്മാരുടെ പരാജയകാരണമെന്ന് ബ്രഹ്മാവ് ഇന്ദ്രനെ ധരിപ്പിച്ചു. ബ്രാഹ്മണർ, പശുക്കൾ, ഗോവിന്ദൻ എന്നിവരെ ആരാധിക്കുന്ന രാജാക്കന്മാർക്ക് ഒരിക്കലും അമംഗളം വരുകയില്ലെന്നും (ന വിപ്രഗോവിന്ദ ഗവീശ്വരാണാം / ഭവന്ത്യഭദ്രാണി നരേശ്വരാണാം, ഭാഗവതം, 6.7.24) അതിനാൽ ബ്രാഹ്മണനും ത്വഷ്ടാവിന്റെ പുത്രനുമായ വിശ്വരൂപനെ ഗുരുവായി വരിക്കാനും ബ്രഹ്മാവ് ഇന്ദ്രനെ ഉപദേശിച്ചു (തദ്വിശ്വരൂപം ഭജതാശുവിപ്രം/തപസ്വിനം ത്വാഷ്ട്രമഥാത്മവന്തം, ഭാഗവതം, 6.7.24). വിശ്വരൂപന് അസുരന്മാരോടുള്ള പക്ഷപാതിത്വത്തെക്കുറിച്ചും ബ്രഹ്മാവ് ഇന്ദ്രനോട് പറയുന്നുണ്ട്. ഇക്കാര്യം ക്ഷമിച്ചുകൊണ്ട് വിശ്വരൂപനെ ആദരിച്ചാൽ ദേവകാര്യമെല്ലാം സാധിക്കുമെന്ന് ബ്രഹ്മാവ് ഇന്ദ്രനോട് പറഞ്ഞു (ഭാഗവതം, 6.7.25). പൗരോഹിത്യവൃത്തി നിന്ദ്യമാണെങ്കിലും ഇന്ദ്രന്റെ അഭ്യർത്ഥന വിശ്വരൂപൻ സ്വീകരിച്ചു (ഭാഗവതം, 6.7.30). ശുക്രമഹർഷിയാൽ രക്ഷിക്കപ്പെട്ട അസുരന്മാരുടെ ഐശ്വര്യത്തെ വിശ്വരൂപൻ തന്റെ വൈഷ്ണവമായ വിദ്യകൊണ്ട് ഇന്ദ്രനുതന്നെ നൽകി. വൈഷ്ണവവിദ്യ ഗ്രഹിച്ച് ഇന്ദ്രൻ യുദ്ധത്തിൽ അസുരന്മാരെ പരാജയപ്പെടുത്തുകയും ചെയ്തു. (ഭാഗവതം, 6.7. 40, 6.8.42 ).
ദേവഗുരുവായ ബൃഹസ്പതിയെ നിന്ദിച്ചതല്ല, മറിച്ച് ബ്രാഹ്മണനായ ബൃഹസ്പതിയെ നിന്ദിച്ചതാണ് ഇന്ദ്രന്റെ പരാജയത്തിന് കാരണമെന്ന് വിവരിക്കുന്നതിലൂടെ ബ്രാഹ്മണനിന്ദ എത്ര ഗൗരവതരമായ കുറ്റമാണെന്ന് ഭാഗവതം വ്യക്തമാക്കുന്നു. ബ്രാഹ്മണരെയും പശുക്കളെയും ആരാധിക്കുന്ന രാജാക്കന്മാർക്ക് അമംഗളം ഒരിക്കലും വരുകയില്ല (ഭാഗവതം, 6.7.24) എന്ന ഭാഗം ഈ വസ്തുത അടിവരയിട്ടുറപ്പിക്കുന്നു. രാജാവിന് സ്വസ്ഥമായി രാജ്യം ഭരിക്കാൻ കഴിയണമെങ്കിൽ ബ്രാഹ്മണപ്രീതി അനിവാര്യമാണെന്നാണ് ഇതോർമിപ്പിക്കുന്നത്. ബ്രാഹ്മണനെ നിന്ദിച്ചാൽ ഇന്ദ്രൻ പോലും പരാജയപ്പെടുമെന്ന സന്ദേശം നൽകുന്നതിലൂടെ ബ്രാഹ്മണപൗരോഹിത്യത്തെയാണ് ഭാഗവതം ഉറപ്പിച്ചെടുക്കുന്നതും. ദേവഗുരുവായ ബൃഹസ്പതി പോയിമറഞ്ഞപ്പോൾ മറ്റൊരു ബ്രാഹ്മണനായ വിശ്വരൂപനെ ഗുരുവായി വരിക്കാനാണ് ബ്രഹ്മാവ് നിർദ്ദേശിക്കുന്നതെന്നും ശ്രദ്ധിക്കേണ്ടതാണ്. "ബ്രഹ്മിഷ്ഠനും ബ്രാഹ്മണനുമായ അങ്ങയെ ഗുരുവായി വരിക്കുന്നു" എന്ന് ഉച്ചരിച്ചുകൊണ്ടാണ് ഇന്ദ്രൻ വിശ്വരൂപനെ ഗുരുവായി വരിക്കുന്നതും (വൃണീമഹേ ത്യോപാധ്യായം ബ്രഹ്മിഷ്ഠം ബ്രാഹ്മണം ഗുരും, ഭാഗവതം, 6.7.32). രാജാവിന് അധികാരം നിലനിർത്തണമെങ്കിൽ ബ്രാഹ്മണപ്രീതി അനിവാര്യമാണെന്ന സന്ദേശമാണ് ഭാഗവതം നൽകുന്നത്.
