കന്യാകുബ്ജത്തിൽ അജാമിളൻ എന്ന് പേരായ ഒരു ബ്രാഹ്മണൻ ഉണ്ടായിരുന്നു. ഇന്നത്തെ ഉത്തർപ്രദേശിലെ കനൗജ് ആണ് പുരാതന കന്യാകുബ്ജമായി അറിയപ്പെടുന്നത്. ഗംഗാസമതലത്തിലെ പ്രധാനപ്പെട്ട ചരിത്രപ്രദേശം കൂടിയാണ് കനൗജ്. ഹർഷവർധനന്റെ (സി ഇ ഏഴാം നൂറ്റാണ്ട്) ഭരണകാലത്ത് ഉത്തരേന്ത്യയിലെ പ്രധാന രാഷ്ട്രീയ-സാംസ്കാരിക കേന്ദ്രങ്ങളിലൊന്നു കൂടിയായിരുന്നു കനൗജ്. ചൈനീസ് സഞ്ചാരിയായ ഹ്യൂയാൻ സാങ് തന്റെ യാത്രാ വിവരണത്തിൽ കന്യാകുബ്ജത്തെ കുറിച്ച് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഗുർജര-പ്രതിഹാരന്മാരുടെ കാലത്തും കന്യാകുബ്ജത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ടായിരുന്നു.
ഒരിക്കൽ കന്യാകുബ്ജവാസിയായ അജാമിളൻ പിതാവിന്റെ ആജ്ഞ അനുസരിച്ച് പഴങ്ങൾ, പൂക്കൾ, ചമതകൾ, കുശകൾ എന്നിവ ശേഖരിക്കാൻ വനത്തിൽ പോയി തിരികെ ഗൃഹത്തിലേക്ക് മടങ്ങുമ്പോൾ മദ്യം കഴിച്ച് ചഞ്ചലനേത്രയായ ദാസിയുമൊത്ത് കഴിയുന്ന ഒരു ശൂദ്രനെ വഴിക്കുവച്ച് കണ്ടു. ദാസിയിൽ കാമവിവശനായ അജാമിളൻ 'ഉൽകൃഷ്ട കുലത്തിൽ'ജനിച്ചവളായ സ്വന്തം ഭാര്യയെ ഉപേക്ഷിച്ചു (വിപ്രാം സ്വാഭാര്യാമപ്രൗഢാം കുലേ മഹതി ലംഭിതാം/വിസസർജ്ജാചിരാത് പാപ: സ്വൈരിണ്യാപാംഗ വിദ്ധധീ: , ഭാഗവതം, 6.1. 65 ). ശാസ്ത്രാചാരങ്ങൾ ലംഘിച്ച് ദാസിസംസർഗത്താൻ അശുദ്ധനായ അജാമിളനെ ആര്യന്മാർ നിന്ദിച്ചു (യദസൗ ശാസ്ത്രമുല്ലംഘ്യ സ്വൈരചാര്യാര്യഗർഹിത:/അവർത്തത ചിരം കാലമഘായുരശുചിർമലാത് ,ഭാഗവതം, 6.1. 67 ). ദാസിയോടൊപ്പം അജാമിളൻ അശുചമായ ജീവിതമാണ് നയിച്ചതെന്നും ഭാഗവതം പറയുന്നു (...ബിഭ്രത് കുടുംബമശുചിർ യാതയാമാസ ദേഹിന:, ഭാഗവതം, 6.1. 22).
ദാസിയോടൊപ്പമുള്ള ജീവിതത്തിൽ അജാമിളന് പത്ത് മക്കളുണ്ടായി. അതിൽ പത്താമത്തെ പുത്രന്റെ പേര് 'നാരായണൻ' എന്നായിരുന്നു. എൺപത്തിയെട്ട് വയസായ അജാമിളൻ പുത്രനെ ലാളിച്ച് ജീവിക്കവേ യമദൂതന്മാർ അജാമിളന്റെ പ്രാണൻ അപഹരിക്കാനെത്തി. യമകിങ്കരന്മാരെ കണ്ട് ഭയപ്പെട്ട അജാമിളൻ പുത്രനായ നാരായണനെ ഉറക്കെ പേര് ചൊല്ലി വിളിച്ചു. നാരായണ നാമജപം കേട്ട് വിഷ്ണുപാർഷദന്മാർ അജാമിളന്റെ സമീപത്ത് എത്തുകയും അജാമിളനെ വലിച്ചിഴച്ച് കൊണ്ടു പോകുന്ന യമദൂതന്മാരെ തടയുകയും ചെയ്തു. ദാസിസ്ത്രീയെ കണ്ട് കാമമോഹിതനായി സ്വധർമം ത്യജിച്ച ബ്രാഹ്മണനാണ് അജാമിളൻ എന്ന് ( തന്നിമിത്തസ്മരവ്യാജഗ്രഹഗ്രസ്തോ വിചേതന:/തമേവ മനസാ ധ്യായൻ സ്വധർമാദ്വിരമാമ ഹ, ഭാഗവതം, 6.1. 63) യമദൂതർ വിഷ്ണുപാർഷദന്മാരെ ധരിപ്പിച്ചു. എന്നാൽ പുത്രനായ നാരായണനെയാണ് വിളിച്ചതെങ്കിലും അത് വിഷ്ണുവിന്റെ നാമജപമായി മാറിയതിനാൽ അജാമിളന്റെ എല്ലാ പാപങ്ങൾക്കും പ്രായശ്ചിത്തമായി കഴിഞ്ഞിരിക്കുന്നു ( ഏതേനൈവ ഹ്യഘോനോസ്യ കൃതം സ്വാദഘനിഷ്കൃതം/ യാ നാരായണായേതി ജഗാദ ചതുരക്ഷരം, ഭാഗവതം, 6.2. 8 ) എന്ന് വിഷ്ണു പാർഷദന്മാർ യമദൂതന്മാരെ ധരിപ്പിച്ചു.
