പൃഥുവിന്റെ ചാതുർവർണ്ണ്യഭരണം

World of Letters

പൃഥുവിന്റെ ചാതുർവർണ്ണ്യഭരണം


വേനനെ കൊന്നതിന് ശേഷം ബ്രാഹ്മണർ വേനന്റെ കൈകൾ കടഞ്ഞു. അതിൽ നിന്ന് പൃഥു എന്ന പുരുഷനും അർച്ചി എന്ന സ്ത്രീയും ഉണ്ടായി ( ഭാഗവതം, 4.15, 1 - 4). അർച്ചി പൃഥുവിന്റെ ഭാര്യയായിത്തീർന്നു. പൃഥുവും അർച്ചിയും വിഷ്ണുവിന്റെയും ലക്ഷ്മിയുടെയും അംശമാണെന്ന് ഭാഗവതം പറയുന്നു (ഭാഗവതം, 4.15 .3 ). പൃഥുവിനെ ബ്രാഹ്മണർ പ്രശംസിച്ചു ("പ്രശംസന്തിസ്മ തം വിപ്രാ....", ഭാഗവതം, 4.15. 7). ബ്രാഹ്മണർ പൃഥുവിനെ രാജാവായി അഭിഷേകം ചെയ്തു. ബ്രാഹ്മണ പ്രമുഖന്മാരായ വർണങ്ങളെയും ഭൃത്യമാർ, മന്ത്രിമാർ, ആചാര്യന്മാർ, തുടങ്ങിയവരെയും പൃഥു സന്തോഷിപ്പിച്ചു എന്നും ഭാഗവതം പ്രസ്താവിക്കുന്നു (ബ്രാഹ്മണ പ്രമുഖാൻ വർണാൻ ഭൃത്യാമാത്യ പുരോധസ: ..., ഭാഗവതം, 4.17.2 ). ഒരിക്കലും നിഷ്ഫലമാവാത്ത ആശീർവാദങ്ങളോട് കൂടിയ ബ്രാഹ്മണർ ശ്രദ്ധാപൂർവം ദാനങ്ങൾ വാങ്ങി അത്യന്തം പ്രസന്നരായി പൃഥുവിന് അനുഗ്രഹവർഷം ചൊരിഞ്ഞു എന്നും ഭാഗവതം രേഖപ്പെടുത്തുന്നു ( വിപ്രാ: സത്യാശിഷസ്തുഷ്ടാ: ശ്രദ്ധയാ ലബ്ധ ദക്ഷിണാ: / ആശിഷോ യുയുജു: ക്ഷത്തരാദിരാജായ സത്കൃതാ: , ഭാഗവതം, 4.19.41 ). നൂറ് അശ്വമേധങ്ങൾ ചെയ്ത പൃഥുവിന്റെ യജ്ഞശാലയിലേക്ക് വിഷ്ണു തന്നെ നേരിട്ട് ആഗതനാവുകയും ചെയ്തു. വേനൻ മുടക്കിയ യജ്ഞങ്ങൾ പൃഥു പൂർവാധികം ഭംഗിയായി നടത്തി എന്ന് സാരം.

പൃഥു തന്റെ പ്രജകൾക്ക് നൽകുന്ന ഉപദേശത്തിൽ പ്രജകളുടെ ദണ്ഡധരനായ രാജാവ് വർണാശ്രമധർമങ്ങളിൽ ശരിയായ നിലനില്പ് ചെയ്യേണ്ടവനാണെന്ന് പ്രസ്താവിക്കുന്നുണ്ട് (ഭാഗവതം, 4.21.22 ). ബ്രാഹ്മണമുഖത്തേക്കാൾ ഉൽകൃഷ്ടമായി ദേവന്മാർക്ക് മറ്റെന്ത് മുഖമാണുള്ളതെന്നും പൃഥു ചോദിക്കുന്നു (ഭാഗവതം, 4.21.40 ). ബ്രഹ്മ കുലവും ഗോക്കളുടെ കുലവും തന്റെ നേർക്ക് പ്രസാദിക്കട്ടെ എന്നും പൃഥു പ്രാർത്ഥിക്കുന്നു ("പ്രസീദതാം ബ്രഹ്മകുലം ഗവാം ച ", ഭാഗവതം, 4.21.44 ). ബ്രഹ്മകുലം എന്നതുകൊണ്ട് ബ്രാഹ്മണകുലമാണ് ഇവിടെ അർത്ഥമാക്കുന്നത്. ദേവന്മാരും ബ്രാഹ്മണരും പൃഥുവിന്റെ ഭരണത്തെ സ്തുതിച്ചു (ഭാഗവതം, 4.21.45 ). സേനാപത്യവും രാജ്യവും ശാസിതാവിന്റെ അധികാരവും സർവലോകങ്ങളുടെയും ആധിപത്യവും വേദശാസ്ത്രാദികളറിയുന്ന ബ്രാഹ്മണൻ തന്നെ അർഹിക്കുന്നു എന്ന് തനിക്ക് ഉപദേശം നൽകിയ സനകാദി ബ്രാഹ്മണർക്ക് പൃഥു മറുപടിയും നൽകുന്നുണ്ട് (സൈനാപത്യം ച രാജ്യം ച ദണ്ഡനേതൃത്വമേവ ച / സർവലോകാധിപത്യം ച വേദശാസ്ത്ര വിദർഹതി, ഭാഗവതം, 4.22.45 ). ബ്രാഹ്മണൻ തന്റെ തന്നെ അന്നം ഭുജിക്കുകയും തന്റെ തന്നെ വസ്ത്രം ഉടുക്കുകയും തന്റെ തന്നെ ധനാദികൾ മറ്റുള്ളവർക്ക് കൊടുക്കുകയും ചെയ്യുന്നു, ക്ഷത്രിയാദികൾ ബ്രാഹ്മണന്റെ അനുഗ്രഹത്താൽ സിദ്ധിച്ച അന്നം ഭുജിക്കുന്നു എന്നും പൃഥു പ്രസ്താവിക്കുന്നു ( സ്വമേവ ബ്രാഹ്മണോ ഭുങ്ക്തേ സ്വം വസ്തേ സ്വം ദദാതി ച / തസ്യൈവാനുഗ്രഹേണാന്നം ഭുഞ്ജതേ ക്ഷത്രിയാദയ: ഭാഗവതം, 4.22.46 ).


Related Articles