ഇടയ്ക്കെല്ലാം ഒരു ഞെട്ടലോടെ നാമെല്ലാം കേട്ടറിയുന്നതാണ് ''സുഷുപ്തിമരണങ്ങൾ.'' ഉറങ്ങാൻ പോവുമ്പോൾ യാതൊരു അസ്വസ്ഥതയുമുണ്ടായിരുന്നില്ലെന്ന് ചില കൂട്ടരുടെ ഉറ്റവർ പറയുമ്പോൾ മറ്റുചിലരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പറയാനുണ്ടാവുന്നത് വേറെ ചില കഥകളാണ്. മക്കളുടെ ഭാവിയെപ്പറ്റിയുമൊക്കെ പരേതൻ തലേന്നാൾ പറഞ്ഞിട്ടുണ്ടാവും. യാത്രാമൊഴിയെന്ന് പിന്നീട് തോന്നുന്ന ചില വാക്കുകൾ, വാചകങ്ങൾ അങ്ങനെയുള്ള ചിലത് എല്ലാക്കാലത്തേക്കും ഓർത്തുവയ്ക്കാനുണ്ടാവും ഇവർക്ക്. ചിലർ മരണം മുൻകൂട്ടിക്കണ്ടതുപോലെ ക്ഷേത്രദർശനം, വഴിപാട് എന്നിവ പതിവിനു വിപ
രീതമായി നടത്തിയെന്നിരിക്കും. വിദൂരസ്ഥലത്തെ അടുത്ത ബന്ധുക്കളോട് സമ്പർക്കം നടത്തുക, കണക്ക് തീർക്കുക ഒക്കെ ചെയ്തുവെന്നു വരും. കല്യാണങ്ങൾക്കോ മറ്റോ പോയി നന്നായി ഭക്ഷണമൊക്കെ കഴിച്ച് ഉറങ്ങിയവരാണ് ചില സന്ദർഭങ്ങളിൽ പിറ്റേന്ന് ശാന്തരായി നിത്യനിദ്രയിലാണ്ടവരായി കാണപ്പെടുന്നത്. ഡോക്ടർമാർ ഈ 'sleep death'നെ Bangungut (ബാൻഗൻഗട്ട്) എന്ന ഓമനപ്പേരിട്ട് വിളിക്കുന്നു. സുഷുപ്തിമരണങ്ങൾക്ക് ഫിലിപ്പിനോ ഭാഷയിൽ പറയുന്ന പേരാണിത്. ജപ്പാൻകാർ ഇതിനെ പൊക്കുരി (pokkuri) എന്നും തായ്‌ലന്റുകാർ ലായ്-തായ് (Lai-tai) എന്നും പറയുന്നു. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ മിക്കപ്പോഴും കാരണമൊന്നും വെളിപ്പെടാറില്ല. ഹൃദയധമനിക്കോ മറ്റോ കാണുന്ന ചെറിയ രോഗാവസ്ഥകളെ അവലംബിച്ച് ഹൃദ്രോഗമെന്നൊരു കാരണം പറഞ്ഞൊഴിയുകയാണ് ചില അവസരങ്ങളിലെങ്കിലും അവർ. ഇവ യദൃച്ഛയാ സംഭവിക്കുന്ന മസ്തിഷ്‌കനിഷ്ഠമായ മരണമാവാനാണ് കൂടുതൽ സാധ്യത. ഒരു പൂവ് ഞെട്ടറ്റ് വീഴുന്നതുപോലെ, ഒരു മൃദുഗാനം നിലയ്ക്കുന്നതുപോലെയുള്ള പ്രശാന്തമരണങ്ങളാണ് ഇവ. ജീവിച്ചു തീരുന്നതിനിടയിൽ മനസ്സിലിത്തരമൊരു മരണം സൃഷ്ടിച്ച ആഘാതം സൂക്ഷിക്കാത്തവർ ആരുമുണ്ടാവില്ല. സാഹിത്യകാരനും സിനിമാസംവിധായകനുമായ പത്മരാജന്റെ മരണം ഇത്തരത്തിലൊന്നായിരുന്നു.
ജനുവരിയിലെ ഒരു തണുത്ത പ്രഭാതത്തിലാണ് വായനക്കാരും ചലച്ചിത്രാസ്വാദകരുമടങ്ങുന്ന തന്റെ ആരാധകരെയൊക്കെ ഞെട്ടിച്ചുകൊണ്ടുള്ള പത്മരാജന്റെ മരണം. കോഴിക്കോട്, തന്റെ ചിത്രമായ 'ഞാൻ ഗന്ധർവ'ന്റെ പ്രചരണാർത്ഥം നടത്തിയ, അതിന്റെ പ്രമുഖപ്രവർത്തകർ സംബന്ധിച്ച ഒരു ചടങ്ങിനുശേഷം താമസിച്ചാണ് അദ്ദേഹം ഉറങ്ങാൻ കിടന്നത്. ഹോട്ടൽമുറിയിൽ തന്റെ പതിവനുസരിച്ച് നിലത്ത് ഷീറ്റ് വിരിച്ച്, സമീപത്ത് കൂജയിൽ കുടിക്കാനുള്ള വെള്ളവുമായാണ് കിടന്നത് എന്ന് മറ്റുള്ളവർ പറയുന്നു. ഒരു സുഹൃത്തും മുറിയിലുണ്ടായിരുന്നു. ഉറങ്ങിക്കിടന്നിടത്ത് മരിച്ചുകിടക്കുന്ന അദ്ദേഹത്തെയാണ് പിറ്റേന്ന് പ്രഭാതത്തിൽ മറ്റുള്ളവർ കണ്ടത്. ചിത്രത്തിന്റെ പ്രവർത്തകരും പ്രധാന നടന്മാരായ നിതീഷ് ഭരദ്വാജ്, എം.ജി. സോമൻ തുടങ്ങിയവരും കോഴിക്കോട് മെഡിക്കൽകോളെജ് മോർച്ചറിയിലേക്ക് മൃതദേ ഹത്തെ അനുഗമിച്ചിരുന്നു. അവരാണ് മൃതദേഹം ടേബിളിലേക്കെടുത്തുവച്ചത്. മറ്റുള്ളവർ പുറത്ത് തിക്കിത്തിരക്കി, ഒരു നോക്കു കാണാൻ.
