ഹിന്ദുയിസത്തിലെ ജാതിവ്യവസ്ഥയ്ക്കുനേരേ അംബേദ്കർ സ്വീകരിച്ച നിലപാടുകൾ ഡോ. റാം മനോഹർ ലോഹ്യയ്ക്ക് പ്രിയപ്പെട്ടതായതിൽ അത്ഭുതമില്ല. ലോഹ്യ നല്ല സോഷ്യലിസ്റ്റായിരുന്നല്ലോ. അംബേദ്കർ ഒരിക്കലും സോഷ്യലിസത്തോട് കഠിനമായ ആഭിമുഖ്യം പ്രകടിപ്പിച്ചിട്ടില്ല. നിലവിലുള്ള ജാതിവ്യവസ്ഥ അടിമുടി മാറണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അക്കാലത്ത് ദേശീയ ഐക്യം സംബന്ധിച്ച് ചില കാഴ്ചപ്പാടുകൾ ഉയർന്നു വന്നിരുന്നു. ജാതീയമായ സ്വത്വപൂരണത്തിനായി ഓരോ ജനവിഭാഗവും വേർതിരിഞ്ഞു സംഘടിക്കുന്നതിലൂടെ ദേശീയമായ ഏകത നഷ്ടപ്പെടും എന്നതായിരുന്നു ഒരു വാദം. അത് അംബേദ്കർ ഉൾക്കൊണ്ടില്ല. ദലിതർക്ക് വേറിട്ട സമ്മതിദാനാവകാശം രേഖപ്പെടുത്താനുള്ള അവകാശവും സ്വാതന്ത്ര്യവും വേണമെന്നു വാദിച്ച വ്യക്തിയാണ് അംബേദ്കർ. എന്നാൽ ദലിതരുടെയും പിന്നോക്ക വിഭാഗത്തിൽപെട്ടവരുടെയും സ്വതന്ത്രാശയങ്ങൾ, ദേശീയ സ്വത്വത്തെ നിരാകരിക്കുമെന്ന ഹിന്ദുനാസികളുടെ (Hindu Nazis) അഭിപ്രായത്തെയും അദ്ദേഹം യുക്ത്യധിഷ്ഠമായി നേരിട്ടിരുന്നു.ഈ അംബേദ്കറെ ലോഹ്യ ഇഷ്ടപ്പെടുകയായിരുന്നു. 1955 ഒരു ഡിസംബറിൽ ലോഹ്യ അംബേദ്കർക്കയച്ച കത്തിൽ ആ ഇഷ്ടത്തിന്റെ സൂചനകൾ പ്രകടമാണ്. തനിക്കു പറയാനുള്ളത് അദ്ദേഹം തുറന്നെഴുതുന്നു. സോഷ്യലിസ്റ്റ് പ്രസിദ്ധീകരണമായ മാൻകൈൻഡി (Mankind)ന്റെ ഏതാനും കോപ്പികൾ അയച്ചുകൊടുത്തതോടൊപ്പം എഴുതിയ ഈ കത്ത് പ്രധാനമായ ചില രാഷ്ട്രീയ പ്രശ്നങ്ങൾ സ്വയം വിശദീകരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിൽ, മധ്യപ്രദേശിൽ വെച്ച് അംബേദ്കറെക്കുറിച്ച് പ്രസംഗിച്ചതും അദ്ദേഹം ഓർമ്മിക്കുന്നുണ്ട്. ""......you became a leader not alone of the scheduled castes, but also of the Indian people. ‑' അംബേദ്കറെപ്പോലുള്ള ഒരു പ്രതിഭാശാലി ദലിത് വിഭാഗത്തിന്റെ മാത്രം സംരക്ഷകനായി മാറുന്നതിലെ വ്യസനം ലോഹ്യ പങ്കുവെക്കുകയായിരുന്നു. ലോഹ്യ മുന്നോട്ടുവെക്കുന്ന ഈ ആശയം അംബേദ്കറെ പഠിച്ചവരാരും പിന്നീട് ചർച്ച ചെയ്തില്ല എന്ന് തോന്നുന്നു.
രാഷ്ട്രീയപ്രാധാന്യമുള്ള മറ്റു ചില കാര്യങ്ങൾകൂടി ലോഹ്യയുടെ ആ കത്തിൽനിന്നും നമുക്ക് വായിച്ചെടുക്കാനാവും. ജാതിവ്യവസ്ഥയും അതിന്റെ ജീർണ്ണതകളും ഇന്ത്യൻ സോഷ്യലിസ്റ്റുകളെയും പ്രകോപിപ്പിച്ചിരുന്നു. നമ്മുടെ ജീവിതത്തെ അടിമുടി കീഴടക്കി നിർത്തുന്ന ഒന്നാണ് ജാതി. ആ അവസ്ഥയ്ക്ക് ഇന്നും മാറ്റം വന്നിട്ടില്ല. സാമുദായികതയുടെയും വംശീയതയുടെയും പേരിൽ രാഷ്ട്രീയവും സംസ്കാരവുമെല്ലാം വിലയിരുത്തപ്പെടാനും തുടങ്ങി. അതിൽ ചിലർ സൗന്ദര്യവും കണ്ടെത്തുന്നു. ദേശീയത രൂപപ്പെട്ടുവന്ന കാലത്ത്, ആ സൗന്ദര്യാംശത്തെ ചോദ്യം ചെയ്തവരിൽ പ്രധാനിയാണ് അംബേദ്കർ. ജാതീയതയോടുള്ള അംബേദ്കറുടെ മനോഭാവം തിരിച്ചറിഞ്ഞതിനാലാണ് ഡോ. റാം മനോഹർലോഹ്യ തന്റെ മാസികയിലേക്കു ലേഖനം ആവശ്യപ്പെട്ടുകൊണ്ടെഴുതിയത്. വിഷയം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നൽകി. അംബേദ്കർ എന്തെഴുതിയാലും എപ്രകാരം ജാത്യവ്യവസ്ഥയെ വ്യാഖ്യാനിച്ചാലും അത് പാഴാവുകയില്ല എന്ന് ഉത്തമബോധ്യം ലോഹ്യയ്ക്കുണ്ടായിരുന്നു എന്ന് സാരം. തീർച്ചയായും ജാതീയമായ പ്രശ്നങ്ങൾ വളരെ സൂക്ഷ്മതയോടെ പരിശോധിച്ചതിൽ സോഷ്യലിസ്റ്റുകൾക്ക് സത്യസന്ധമായ പങ്കുണ്ട്. സമൂഹം ജാതിക്കോമരഭാവം സ്വീകരിച്ചുകഴിഞ്ഞിരുന്നു. ഹിന്ദുമതത്തിലെ നാസിസ് ജാതിബോധം അത്രമാത്രം പ്രതിരോധിക്കേണ്ടതാണ് എന്ന് നമ്മുടെ ദേശീയവാദികളും ജനാധിപത്യവാദികളും ഒരുമിച്ചു മനസ്സിലാക്കി. റാം മനോഹർലോഹ്യയുടെ The Caste System എന്ന പുസ്തകം, തടുക്കാൻ കഴിയാത്ത രീതിയിൽ ഇന്ത്യൻ ജീവിതത്തെ കാർന്നുകഴിഞ്ഞ ജാതിയിലേക്കുള്ള ഒരു കൈത്തിരികൂടിയാണ്.
