പിന്നെഴുത്ത്

World of Letters

പിന്നെഴുത്ത്


ആധുനികർ ഐറണിയെ ഒരു ആവിഷ്‌കാരോപാധിയായി സങ്കല്പിച്ച് പ്രയോഗിച്ചിരുന്നു. അതിനായി നിർബന്ധിക്കപ്പെട്ടതാണ് എന്ന് സച്ചിദാനന്ദൻ. സാമൂഹ്യജീവിതത്തിന്റെയും സൗന്ദര്യബോധത്തിന്റെയും കാലാവസ്ഥ വ്യതിയാനപ്പെട്ടതുതന്നെ കാരണം. ഐറണി സ്വീകരിച്ചേ പറ്റൂ എന്നായി. നൊസ്റ്റാൾജിയ ആധുനികരുടെ എഴുത്തുപരിധിയിൽ വന്നില്ല. കാല്പനിക ഗൃഹാതുരതയെ ശത്രുസ്ഥാനത്തുനിർത്തി പ്രതിരോധിക്കുകയായിരുന്നല്ലോ കവികൾ. കാല്പനിക ഗൃഹാതുരതയ്‌ക്കെതിരായ ഒരായുധമായി അങ്ങനെ ആധുനികരുടെ കൈയിൽ ഐറണിമാറി. എന്നാൽ നൊസ്റ്റാൾജിയയും ഐറണിയും തമ്മിലുള്ള വൈരുദ്ധ്യവും സാമ്യതയും ഗൗരവമായി പരിശോധിക്കപ്പെട്ടതുമില്ല. എന്നിട്ടും 'ലവണദേവതമാരും കാഞ്ഞിരവിഗ്രഹങ്ങളും' എന്ന ലേഖനത്തിൽ സച്ചിദാനന്ദൻ ഇപ്രകാരമെഴുതി :

'ഐറണി - വൈപരീത്യദർശനം - ആധുനിക കവിതയുടെ കേന്ദ്രധമനികളിലൊന്നായി വളർന്നിട്ടുണ്ടെങ്കിൽ അതിന് കാരണം നാം ജീവിക്കുന്ന ജീവിതത്തിന്റെ ദുരന്തകാർക്കശ്യം തന്നെയാണ്.'

വീണ്ടുമൊരു പരിശോധന ആവശ്യപ്പെടുന്ന വിഷയമായി ഐറണി മാറുന്നു. നൊസ്റ്റാൾജിയയോടുള്ള ആഭിമുഖ്യത്തിൽ വ്യതിയാനം വരികയും പിന്നെഴുത്തുകൾ എന്ന് വിളിക്കാവുന്ന തലത്തിലേക്ക് എഴുത്ത് വളരുകയും ചെയ്ത ഈ കാലഘട്ടത്തിൽ പ്രത്യേകിച്ചും. ആദ്യം നാം 'കേന്ദ്രധമനി' എന്ന പ്രയോഗത്തിലെ ഔചിത്യം തൊട്ടറിയുക. ഈ ധമനിയാണ് ഉച്ചത്തിൽ. ഐറണി ഒഴിച്ച് മറ്റെന്തും കവിതയ്ക്ക് പുറത്താണ്. ആധുനികകവിത നിലനിന്നത് ഐറണിയിലൂടെയാണ് എന്നാണ് സൂചന. ആയൊരർത്ഥം ആ പ്രയോഗത്തിനുണ്ടോ, എന്തോ? എന്നാൽ അത് കവിതയുടെ പൊതുമണ്ഡലത്തെ രൂഢമൂലമാക്കുന്നുണ്ട്. ജീവിതത്തിന്റെ ദുരന്തകാർക്കശ്യമാണ് ഐറണിയുടെ പ്രചോദനകാരണമെന്ന് വന്നുകൂടുന്നു. യഥാർത്ഥ കവിതയുടെ, ഏതുകാലത്തും, ഉറവിടം ദുരന്താനുഭവങ്ങളാണ്. അതിന്റെ ഭാഗമായി കരച്ചിലും പരാതിയും വരാം. ഹരോൾഡ് ബ്ലൂം പറഞ്ഞത്, ആ കരച്ചിൽ കവിതയുടെ അർത്ഥമായിരിക്കുമെന്നാണ് (The breaking of form) അതുകൊണ്ട് കാവ്യോപാധി വൈപരീത്യദർശനമാകുമ്പോൾ അർത്ഥത്തെ അഭിവ്യക്തമാക്കുന്ന പ്രധാനഘടകവും വൈപരീത്യദർശനമാകുന്നു. ആ നിലയിൽ അത് ആഖ്യാനോപാധിയാകുന്നു. എങ്കിൽ, ഏത് കൃതിയിൽ പ്രയോഗിക്കപ്പെടുന്നുവോ അതിന്റെ അർത്ഥവും ധ്വനിക്കുന്നു. അതായത് കാവ്യാർത്ഥത്തിന്റെ ഒരു ജീവനതന്ത്രംകൂടിയായി ഐറണി മാറുന്നു. അത് നൊസ്റ്റാൾജിയയുടെ ഓർമ്മപ്പെടുത്തലാകുമോ എന്നത് മറ്റൊരു ചോദ്യം. ''കോഴിയെ മോഷ്ടിച്ചെങ്കിലെന്താ, പൊരിച്ചുതിന്നാനായിരുന്നല്ലോ'' എന്നെഴുതുമ്പോൾ ഒരു പരാതി അതിനു പുറകിലുണ്ടെന്നും ആ പരാതി ഗൃഹാതുരത്വവുമായി ചേർന്ന് കിടക്കുന്നുവെന്നും അറിയാൻ പ്രയാസമില്ല. പ്രയോഗം ഐറണിക്കലാണെങ്കിലും ഒരു ഗൃഹാതുരമനസ്സ് കവിതയിൽ പ്രവർത്തിക്കുന്നുവെന്ന് ബോധ്യപ്പെടുന്നു.


Related Articles