പത്ത് അവതാരങ്ങൾ എന്നാണ് അവതാരങ്ങളെ പറ്റി പ്രചാരത്തിലുള്ള കഥ. മത്സ്യം, കൂർമം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, കൃഷ്ണൻ, കൽക്കി എന്നിങ്ങനെയാണ് ദശാവതാരങ്ങൾ. എന്നാൽ ഭാഗവത പുരാണത്തിൽ ഇരുപത്തിയൊന്നിലധികം അവതാരങ്ങളെ പറ്റി പരാമർശിക്കുന്നുണ്ട്.
ജലത്തിൽ സമാധിരൂപത്തിൽ യോഗനിദ്രയിൽ ശയിക്കുന്ന വിരാഡ്സ്വരൂപനായ വിഷ്ണുവാണ് അവതാരങ്ങളുടെ നിധാനവും ബീജവുമെന്ന് ഭാഗവതം (1.3.2-5) പറയുന്നു. ഇതിൽ ആദ്യത്തെ അവതാരം സനകൻ ആണ്. രണ്ടാമത്തേത് പാതാളത്തിലാഴ്ന്ന ഭൂമിയെ ഉദ്ധരിച്ച
ആദിവരാഹം. നാരദമുനിയെയും വിഷ്ണുവിന്റെ അവതാരമായി ഭാഗവതം ചിത്രീകരിക്കുന്നു ( തൃതീയമൃഷിസർഗം ച ദേവർഷിത്വമുപേത്യ സ:/ തന്ത്രം സാത്വതമാചഷ്ട നൈഷ്കർമ്യം കർമണാം യത: / / ഭാഗവതം, 1.3.8 ). നരൻ, നാരായണൻ എന്നീ ഋഷിമാർ നാലാമത്തെ അവതാരമാണ്. അഞ്ചാമത് ആസുരിക്ക് സംഖ്യാശാസ്ത്രം ഉപദേശിച്ച കപിലൻ. ആറാമത്തെ അവതാരം ദത്താത്രേയൻ. ഏഴാമത്തേത് രുചിയുടെ പത്നിയായ ആകൂതിയിൽ യജ്ഞൻ എന്ന നിലയിലുള്ള അവതാരം. എട്ടാമത് മേരു ദേവിയിൽ നാഭിയുടെ പുത്രനായി ജനിച്ച ഋഷഭൻ. ഒമ്പാതാമത്തെ അവതാരം പൃഥു. ഭാഗവത പുരാണമനുസരിച്ച് പത്താമത്തെ അവതാരം മത്സ്യാവതാരമാണ് ( രൂപം സ ജഗൃഹേ മാത്‌സ്യം ചാക്ഷുഷോദധി സംപ്ലവേ / ഭാഗവതം, 1.3.15). ആമയായി പതിനൊന്നാമത്തെ അവതാരം. പന്ത്രണ്ടാമത് ധന്വന്തരി. മോഹിനി പതിമൂന്നാമത്തെ അവതാരം. പതിനാലാമത് നരസിംഹം. പതിനഞ്ചാമത് വാമനൻ, പതിനാറാമത് പരശുരാമൻ.
