മലയാളഭാഷയുടെ പൂർവീകസമ്പത്തെന്ന് കരുതാവുന്ന പാട്ടുസംസ്കാരത്തിന്റെ കൈവഴികളാണ് നാടൻപാട്ടുകളും കഥപ്പാട്ടുകളും ലളിതഗാനങ്ങളും. എളുപ്പത്തിൽ പാടാനും ആടാനും കേട്ടു രസിക്കാനും അനുവാചകഹൃദയത്തിലേക്ക് അനായാസം കടന്നുചെല്ലാനും കഴിയുന്ന പാട്ടുകൾ എന്നും മലയാളികളുടെ സംസ്കാരത്തെ പലവിധത്തിൽ സ്വാധീനിച്ചിട്ടുണ്ട്.
മനുഷ്യജീവിതത്തിന്റെ, സമൂഹത്തിന്റെ സകലമാന തുറകളിലെയും വികാരവിചാരങ്ങളെ ‘പാട്ടി’ലാക്കി കാലാതീതമാക്കിയതിന്റെ ബാക്കിപത്രമാണ് മലയാള ചലച്ചിത്രഗാനശാഖ. ഈ ശാഖയുടെ ചരിത്രം പരിശോധിച്ചാൽ പ്രഥമസ്ഥാനം വഹിക്കുന്ന പ്രതിഭയാണ് “വയലാർ” എന്ന വയലാർ രാമവർമ്മ. വൈവിദ്ധ്യം നിറഞ്ഞ കാവ്യലോകത്തിന്റെ ഭാഷയും സാഹിത്യവും ഇഴ ചേർത്തു ഗാനങ്ങളിലൂടെ വിനോദോപാധിയാക്കി വികസിപ്പിച്ചു, ചലച്ചിത്രങ്ങൾക്ക് സൗന്ദര്യവും ശക്തിയും പകർന്ന ഗാനരചയിതാവാണ് വയലാർ എന്നു നിസ്സംശയം പറയാം. കച്ചവടസിനിമകൾക്കും കലാമൂല്യമുള്ള സിനിമകൾക്കും ഈ പ്രതിഭയെ ഒഴിച്ചുകൂടാനാവാത്ത ഒരു കാലമുണ്ടായിരുന്നു! വയലാറിന്റെ തൂലികയിലൂടെ പ്രണയവും വിരഹവും തത്ത്വങ്ങളും ഹാസ്യവും ആക്ഷേപഹാസ്യവും ഭക്തിയും എല്ലാം കരകവിഞ്ഞൊഴുകിയപ്പോൾ മലയാളസിനിമയുടെ ചരിത്രംകൂടിയാണ് രേഖപ്പെട്ടത്.
ഒക്ടോബർ 27 വയലാർ ദിനമായി മലയാളികൾ ആചരിക്കുമ്പോൾ ആ തൂലികയിൽ വിരിഞ്ഞ കല്പനകളെ ആഘോഷിക്കുക കൂടിയാണ് നാം ചെയ്യുന്നത്.
