ജാതിശരീരവും  ശരീരരതിയും

World of Letters

ജാതിശരീരവും ശരീരരതിയും


ഭാവന ഭക്ഷിച്ചു ജീവിക്കുന്ന ജന്തു(species)വാണ് മനുഷ്യൻ. ഭാവനകൊണ്ടു ചമച്ച ലോകമാണ് മാനുഷ്യകം. നാം ഭക്ഷിച്ചുവളരുന്ന, നമ്മുടെ രക്തവും ശരീരവും നാം തന്നെയുമായിത്തീരുന്ന അനുഭൂതികളുടെ ഈ സൂക്ഷ്മലോകത്തെ സംസ്‌കാരപൈതൃകം എന്നു വിളിക്കാം. അതു ജനതയെയും ദേശരാഷ്ട്രങ്ങളെയും നിർമിച്ചുകൊണ്ടേയിരിക്കുന്ന വ്യവഹാരമാണ്. മനുഷ്യരെ സാമൂഹി കമായി ഇണക്കിച്ചേർക്കുന്ന ഭാവനാബന്ധമെന്ന നിലയിൽ സാഹിത്യം മനുഷ്യാനുഭൂതികളുടെ ആകാശഗംഗയാകുന്ന വഴിയാണിത്. നളിനീകാവ്യം, അങ്ങനെ മലയാളിയുടെ ആത്മ-അപരങ്ങളെയും അധ്യാത്മത്തെയും നിർമിക്കുന്ന ആധുനികതയുടെ പൈതൃക പഥമാണെന്നു വരുന്നു.

നാടുവാഴിത്തത്തിൽനിന്ന് മുതലാളിത്തത്തിലേക്കുള്ള സാംസ്‌കാരികസംക്രമണത്തെ എഴുതുകയും അതേ ബലതന്ത്രങ്ങളാൽ എഴുതപ്പെടുകയുമാണ് നളിനീകാവ്യം. ഭാരതീയവും കേരളീയവുമായ നവോത്ഥാനവ്യവഹാരങ്ങൾ അസന്നിഹിതഹേതുവായിരിക്കുന്ന നളിനീകാവ്യത്തിൽ ഈ വ്യവഹാരങ്ങളുടെ സംഘർഷങ്ങൾ തിളച്ചമരുക(implore)യും അതുവഴി ഭാവുകത്വപരവും സാംസ്‌കാരികവുമായ ലോകബോധത്തിൽ മൗലികവിച്ഛേദം സാധിക്കുകയും ചെയ്യുന്നു.

ഏ.ആർ. രാജരാജവർമ
ഏ.ആർ. രാജരാജവർമ

നളിനീകാവ്യത്തിന്റെ അവതാരികയിൽ ഏ.ആർ. രാജരാജവർമ(1911), ഇതൊരു പുതിയ പ്രസ്ഥാനമാണെന്നും ഗതാനുഗതികത്വത്തേക്കാൾ നവനവോല്ലേഖകല്പനയിലാണ് കവികൾ അധികം ശ്രദ്ധവയ്‌ക്കേണ്ടതെന്ന് ഇക്കാവ്യം നല്ലവണ്ണം ബോധ്യപ്പെടുത്തുകതന്നെ ചെയ്യുമെന്നും ഈ ഭാവുകത്വവിച്ഛേദത്തെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പരിശുദ്ധമായ അനുരാഗത്തിന്റെ അഥവാ കലർപ്പറ്റ ശൃംഗാരത്തിന്റെ ആവിഷ്‌കാരമാണ് ഏ.ആർ. സൂചിപ്പിക്കുന്ന നവനവോല്ലേഖകല്പനകളിൽ മുഖ്യം. ഈ അനുരാഗം മലയാളസംസ്‌കാരത്തിൽ/കവിതയിൽ അപൂർവം അഥവാ മുൻപില്ലാതിരുന്നത് ആണെന്ന് അദ്ദേഹം സൂചിപ്പിച്ചു.


Related Articles