സൗദിയിൽനിന്നുള്ള പെണ്ണെഴുത്ത്

World of Letters

സൗദിയിൽനിന്നുള്ള പെണ്ണെഴുത്ത്


"ഈ പുസ്തകത്തിൽ മുഴുവൻ നിങ്ങൾക്ക് കൃത്യമായി അറിയാൻ കഴിയുന്ന ഒരേയൊരു കാര്യം മൃതദേഹം എവിടെയാണ് കണ്ടെത്തിയത് എന്നതാണ്: നിരവധി ശിരസ്സുകളുടെ പാത, നിരവധി ശിരസുകളുള്ള ഇടുങ്ങിയ ഇടവഴി.

എന്നിരുന്നാലും, നിങ്ങൾ ആദ്യം അറിയേണ്ടത്, നിരവധി ശിരസുകളുടെ പാത പോലെയുള്ള ഒരു സ്ഥലത്തെക്കുറിച്ച് എഴുതാൻ ശ്രമിക്കുന്നത് ഞാനല്ല എന്നതാണ്. ഞാനും എന്റെ പല തലകളും സംസാരിക്കുന്ന പാതയാണിത്. തീർഥാടകർ വുദു ചെയ്യുന്നതും വെള്ള വസ്ത്രം ധരിച്ച് ഉംറ കർമ്മങ്ങൾ ആരംഭിക്കുന്നതുമായ മക്കയിലെ ഇടുങ്ങിയ ഇടവഴിയാണ് ഞാൻ: ആത്മാവിന്റെ ശുദ്ധീകരണം. കഴിഞ്ഞ വർഷത്തെ പാപങ്ങൾ കഴുകി വൃത്തികേടിന്റെ മറ്റൊരു വർഷത്തിനുള്ള തയ്യാറെടുപ്പ്.”

സൗദി അറേബ്യൻ നോവലിസ്റ്റായ റജാ ആലമിന്റെ അപസർപ്പക സ്വഭാവമുള്ള നോവലായ "ദ് ഡവ്സ് നെക്ലേസി'ന്റെ ആദ്യവാചകങ്ങളാണിത്.

മിഡിൽ ഈസ്റ്റിൽ നിന്നുള്ള നോവലിസ്റ്റുകൾ പലപ്പോഴും അതിശക്തമായ നിയന്ത്രണങ്ങളുള്ള സാംസ്കാരിക ചുറ്റുപാടിന്റെ വെല്ലുവിളി നേരിടുന്നുണ്ട്. അതേസമയംതന്നെ പ്രാദേശികമായ തലങ്ങൾക്കപ്പുറത്തേക്ക് പോകാനും യഥാർത്ഥതലത്തിലുള്ള സാർവത്രിക സാന്നിധ്യം നിലനിർത്താനും അവർ ശ്രമിക്കുന്നു. ആധുനികലോകത്തെ അറബികളുടെ വ്യക്തിപരവും ചരിത്രപരവുമായ അനുഭവങ്ങൾക്ക് ശബ്ദം നൽകുന്നവയാണ് സമകാലിക അറബ് നോവലുകളും ചെറുകഥകളും. ഈ കൃതികൾ ഒരേസമയം തന്നെ അറബി എഴുത്തുകാരുടെ ഭാവനയെയും ആധുനിക അറബ് ജീവിതത്തിന്റെ വിവിധ തലങ്ങളെക്കുറിച്ചുള്ള അവരുടെ തീവ്രമായ പര്യവേക്ഷണത്തെയും പ്രതിഫലിപ്പിക്കുന്നു. ആധുനികതയുടെ സ്വാധീനം, എണ്ണ സമ്പദ്‌വ്യവസ്ഥയുടെ ഉയർച്ച, രാഷ്ട്രീയ സ്വേച്ഛാധിപത്യം, അഴിമതി, മതപരവും ലിംഗപരമായ പ്രശ്നങ്ങൾ, യുദ്ധം, അഭയാർത്ഥി പ്രതിസന്ധി, ദാരിദ്ര്യം, ഫലസ്തീൻ-ഇസ്രായേൽ, സുന്നി–ശിയ സംഘർഷങ്ങൾ എന്നിവ സമകാലിക അറബ് നോവലുകളുടെ പൊതുവായ പ്രമേയങ്ങളാണ്.


Related Articles