ഗ്ലാമർഫീൽഡിലെ അണിയറ അപര്യാപ്തതകളുടെ മറ്റൊരു അരങ്ങാണ്. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം, അതുകാരണം ദാഹജലത്തോടുപോലും ‘നോ’ പറയേണ്ട അവസ്ഥ, പ്രാഥമികാവശ്യങ്ങൾക്ക് ഏർപ്പാടില്ലാതെ സെറ്റുകളിൽ ദിവസം മുഴുവൻ കഴിയേണ്ടിവരുന്നത് ഏറെ ബുദ്ധിമുട്ടിലാക്കുന്നത് സ്ത്രീകളെയാണ്. അവരുടെ സ്വകാര്യതയ്ക്ക് സംരക്ഷണം ഇല്ലാതെയാകുന്നു. കുടിവെള്ളത്തിന് ആവശ്യമുണ്ടായിരുന്നിട്ടും വെള്ളം ലഭ്യമായിരിക്കെത്തന്നെ ശങ്കകൾ ഭയന്ന് വെള്ളം കുടിക്കാതിരിക്കുന്ന സാഹചര്യമുണ്ട്. നാലാൾ കൂടിനിൽക്കുന്നിടത്ത് സമയത്തിന്റെയും സെറ്റിന്റെയും സമ്മർദ്ദത്താൽ ഉടുതുണി മാറ്റിയുടുക്കേണ്ട ഗതികേട്! വത്സലകുമാരി ഈ വിഷയങ്ങളെല്ലാം പ്രാധാന്യത്തോടെ പരിഗണിച്ചിരിക്കുന്നു.
ഒരു സാരി നിവർത്തിപ്പിടിച്ചു മൂന്നുപേർ വളഞ്ഞുനിൽക്കുക. അകത്ത് ഒരാൾ പ്രാഥമികാവശ്യം നിർവ്വഹിക്കുക. ഷൂട്ടിങ് ലൊക്കേഷനുകളിൽ സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെ ആഴം അറിയിക്കാൻ ഇതിൽപ്പരം എന്താണ് ഒരു പുരുഷന് ഞങ്ങളോട് പറയാൻ കഴിയുക? സെറ്റുകൾ ഔട്ട്‌ഡോർ ലൊക്കേഷനുകളിലും ഒഴിഞ്ഞ പ്രദേശങ്ങളിലുമാകുമ്പോൾ അതിലും മോശമാണ് ഞങ്ങളുടെ അവസ്ഥയെന്നാണ് സ്ത്രീകൾ നേരിട്ടു പറഞ്ഞത്. ചിലപ്പോൾ കുറ്റിക്കാടുകൾക്കിടയിലേക്ക് പോകും. അല്ലെങ്കിൽ നടന്നുനടന്ന് ദൂരെ മരത്തിന്റെ മറവിൽ താണിരിക്കും. ചിലപ്പോൾ കുടിവെള്ളം നൽകുന്ന കുപ്പി കാണും. മറ്റു ചിലപ്പോൾ അതും ഉണ്ടാകില്ല. സ്ത്രീസഹജമായ ശാരീരിക പ്രത്യേകതകൾ ഉള്ളപ്പോൾ അവരുടെ പ്രതിസന്ധികൾ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. കുടിക്കാനോ കഴുകാനോ വെള്ളം ലഭിക്കാതിരിക്കുക, സാനിറ്ററി വസ്തുക്കൾ ഉപേക്ഷിക്കാനാവാതിരിക്കുക–വനിതാതാരങ്ങളും സിനിമാപ്രവർത്തകരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ അക്ഷരങ്ങളിൽ അടയാളപ്പെടുത്താൻ കഴിയാത്തതാണ്.
ഒരു നടിക്ക് വാഷ്‌റൂമിൽ പോകണം. പക്ഷേ, സംവിധായകൻ അനുവദിക്കുന്നില്ല. പോയിവരുന്ന 10 മിനിറ്റ് സെറ്റ് നിശ്ചലമാകും. ലൈറ്റ് പോകും, കാലാവസ്ഥ മാറും... അങ്ങനെ പലതുമാകും കാരണങ്ങൾ. ഇതൊക്കെ മനസ്സിലാക്കുന്ന സ്ത്രീകൾ രാവിലെ മുതൽ കുടിവെള്ളം ഉപേക്ഷിച്ച് വൈകുന്നേരംവരെ പിടിച്ചുനിൽക്കുന്നത് ശീലമാക്കി. അവരിൽ പലരും ശാരീരിക അസ്വസ്ഥതകൾ കാരണമായി ആശുപത്രിയിൽ ചികിത്സ തേടുക പതിവാണ്. ഇങ്ങനെ ഒരിക്കൽ ചികിത്സയ്ക്കുപോയി മടങ്ങി സെറ്റിലേക്ക് വന്ന ഒരു നടിക്ക് സിനിമയിലെ പുരുഷാധിപത്യമിട്ട പേര്: യൂറിനറി ഇൻഫെക്‌ഷൻ!
