കായംകുളത്തിനും ഹരിപ്പാടിനും ഇടയ്ക്ക് ദേശീയപാതയോടു ചേർന്നുള്ള നങ്ങ്യാർകുളങ്ങരയിലെ ബഥനി സ്കൂളിലാണ് ഞാൻ ഒന്നാം ക്ലാസ്സുമുതൽ പത്തു കൊല്ലവും പഠിച്ചത്. ആദ്യത്തെ അഞ്ചു വർഷം സ്കൂളിന് എട്ടു കിലോമീറ്റർ വടക്ക് കരുവാറ്റയിലായിരുന്നു ഞങ്ങളുടെ വീട്. പിന്നീടുള്ള അഞ്ചു വർഷം കുറേക്കൂടി സ്കൂളിനോടടുത്ത്, മൂന്നു കിലോമീറ്റർ വടക്കുള്ള ഹരിപ്പാടും. സർക്കാർബസ്സിലാണ് സ്കൂളിലേക്കും തിരിച്ചും ഉള്ള യാത്ര. ചില ദിവസങ്ങളിൽ വൈകിട്ട് നാലുമണിക്ക് സ്കൂൾ വിട്ടാൽ ബസ്സിൽ കയറാൻ തോന്നുകയില്ല. ദേശീയപാതയുടെ ഓരത്തുകൂടെ നേരേ വടക്കോട്ടു നടക്കും. സാവധാനം നടന്നാലും ഇരുട്ടും മുൻപ് കരുവാറ്റയിലെത്താം. ഇന്നാലോചിക്കുമ്പോൾ എന്തിനാണങ്ങനെ നടന്നതെന്ന് അറിയില്ല. എന്തുകൊണ്ട് പേടിതോന്നിയില്ല എന്നും. എന്തോ ഒരു തോന്നൽ. അതു പിന്തുടർന്നുപോയി. അത്രമാത്രം. ദേശീയ പാതയ്ക്കിരുവശവും അന്ന് ധാരാളം ഒഴിഞ്ഞ പറമ്പുകളും ജലാശയങ്ങളും ഉണ്ടായിരുന്നു. ഇരുവശങ്ങളിലേക്കും ചെമ്മൺപാതകൾ നീണ്ടുകിടന്നിരുന്നു. അവയിലൂടെ അല്പദൂരം ചെന്നാൽ നെൽവയലുകളായി. പരന്നു പരന്നു കിടക്കുന്ന വലിയ വയലുകൾ, അവയെ ബന്ധിപ്പിച്ച് ഇടയ്ക്കിടെ വീടുകളും തൊടികളുമുള്ള ചെറിയ കരകളും. ആ വയൽവരമ്പുകളിലൂടെ ദിക്ക് നോക്കി ഊഹിച്ചു നടന്ന് ഞാൻ വീടിനടുത്ത് എവിടെയെങ്കിലുമെത്തിച്ചേരും. അവിടന്ന് വീട്ടിലും. അങ്ങനെ വഴിതെറ്റിയും അലഞ്ഞ് കണ്ടുപിടിച്ചും നടന്നു നട
ന്നാണ് ഞാൻ മണ്ണിന്റെ വ്യത്യാസങ്ങൾ അറിഞ്ഞത്, മരങ്ങൾ, ചെടികൾ, പുല്ലുകൾ, പൂക്കൾ, ജന്തുക്കൾ, പ്രാണികൾ, കിളികൾ, നാനാതരം ഒച്ചകൾ, ഗന്ധങ്ങൾ, എല്ലാം പരിചയിച്ചത്. ഒറ്റയ്ക്കുള്ള, സ്വതന്ത്രമായ ആ നടപ്പാണ് എനിക്ക് കുട്ടിക്കാലത്തിന്റെ ഏറ്റവും സുഖകരമായ ഓർമ്മ.
ആ കുട്ടിക്കാലനടപ്പിന്റെ തുടർച്ചയാണ് എന്റെ ജീവിതത്തിലെ ഇന്നോളമുള്ള എല്ലാ യാത്രകളും. ഹിമാലയവും ദില്ലിയും ബോംബെയും അനേകം ഇന്ത്യൻ നഗരങ്ങളും ഗ്രാമങ്ങളും അമേരിക്കയും തെന്നാഫ്രിക്കയും പടിഞ്ഞാറൻ യൂറോപ്പും വയനാടും കൊച്ചിയും മൺറോത്തുരുത്തും ചാലക്കമ്പോളവും ഞാൻ പാർക്കുന്ന നഗരപ്രാന്തത്തിലെ കുന്നിൻമുകളിലൂടെ നീളുന്ന വഴികളും എല്ലാം. ചിലപ്പോഴെല്ലാം കൂട്ടുകാരൊപ്പം രസമുള്ള യാത്രകളുണ്ടാവാറുണ്ട്. എങ്കിലും ഒറ്റയ്ക്കുള്ള യാത്രകൾതന്നെ, എനിക്ക് ഹിതം. അതുവരെക്കാണാത്ത മനുഷ്യരും ജന്തുസസ്യജാലങ്ങളും ഭാഷയും ഭക്ഷണവും ഉള്ള അപരിചിതമായ ഒരു മണ്ണിലേക്ക്, അനിശ്ചിതമായ ഒരു ദിക്കിലേക്ക് കാലെടുത്തുവയ്ക്കുന്നതിന്റെ ഹരം.
ഈ സമാഹാരത്തിലുള്ള ‘എത്തൽ’ എന്ന ലേഖനം ഞങ്ങൾ ചില സുഹൃത്തുക്കൾ വളരെക്കാലം മുൻപ് നടത്തിയ ഒരു ഹിമാലയ യാത്രയെപ്പറ്റിയാണ്. യാത്രാപ്രിയനായിരുന്ന പ്രിയകവി ആറ്റൂർ രവിവർമ്മയുടെ കവിതയാണ് ‘എത്തൽ’. സുഹൃത്തുക്കൾക്കൊപ്പം ഹിമാലയത്തിലെ ‘പൂത്താഴ്‌വര’യിലേക്കു കവി നടത്തിയ യാത്രാനുഭവത്തിന്റെ സൂക്ഷ്മമായ കാവ്യാവിഷ്കാരം; യാത്ര എന്ന എന്റെ അനുഭവത്തോട് ഏറ്റവും ചേർന്നുനിൽക്കുന്നത്. വീട്ടിൽനിന്ന് പൊക്കണവും മഴക്കുപ്പായവും ഊന്നുവടിയുമായി തീവണ്ടിയാപ്പീസിലേക്കിറങ്ങുന്നതുമുതൽ മലകയറി കാളിദാസശിവപാർവതീ കേളീനിലങ്ങൾ കണ്ട് ‘തുടക്കത്തിൽ വിചാരിക്കാത്തേടമെത്തി’ മലയിറങ്ങി തിരികെ വീടെത്തുമ്പോൾ,
