അനാർക്കി: ആമുഖം

World of Letters

അനാർക്കി: ആമുഖം


ഇംഗ്ലിഷിലേക്ക് ഇന്ത്യന്‍ ഭാഷകളിൽനിന്ന് ആദ്യമായി എത്തിയ വാക്കുകളിലൊന്നാണ് കൊള്ളയടിക്കുക എന്നതിനായി ഹിന്ദുസ്ഥാനി നാട്ടുഭാഷയിൽ ഉപയോഗിക്കുന്ന ‘ലൂട്ട്’ (loot). ഓക്സ്ഫോഡ് ഇംഗ്ലിഷ് നിഘണ്ടു അനുസരിച്ച്, പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനംവരെ ഉത്തരേന്ത്യന്‍ സമതലങ്ങൾക്കപ്പുറത്ത് ഈ വാക്ക് കേട്ടിട്ടേയുണ്ടായിരുന്നില്ല. എന്നാൽ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇത് ബ്രിട്ടനിൽ സർവ്വസാധാരണമായി ഉപയോഗിക്കപ്പെടുന്ന വാക്കായി. ഇത്രയും വിദൂരമായ ഒരു ഭൂപ്രദേശത്ത് അതിനെങ്ങനെ വേരുപിടിക്കാനായി എന്നറിയാന്‍ വെൽഷ് സീമയിലെ പോവിസ് കാസിൽ സന്ദർശിച്ചാൽ മാത്രം മതി.

പാരമ്പര്യാവകാശി എന്ന നിലയിലുള്ള അവസാനത്തെ വെൽഷ് രാജ​കുമാരന്‍ ഒവെയ്ന്‍ ഗ്രുഫിദ് അപ് ഗ്വെന്‍വൈന്‍വിന്‍ (Owain Gruffydd ap Gwenwynwyn) ആയിരുന്നു. അദ്ദേഹമാണ് പോവിസ് കാസിൽ നിർമ്മി​ച്ചത്. പരുപരുത്ത പാറക്കെട്ടുകളുള്ള കോട്ടയെന്ന നിലയിൽ പതിമൂന്നാം നൂറ്റാണ്ടിലാണിതിന്റെ നിർമ്മാണം. വെയിൽസ്, ഇംഗ്ലിഷ് രാജ്യാധികാര​ത്തിനു കൈമാറിയതിന്റെ പ്രതിഫലമായിരുന്നു അത്. എന്നാൽ അതിലെ കണ്ണഞ്ചിപ്പിക്കുന്ന നിധികൾ ഈ കീഴടക്കലിനും കൂട്ടിച്ചേർക്കലിനുമൊക്കെ വളരെ കാലം കഴിഞ്ഞുള്ളവയാണ്.

പോവിസ് ഇന്ത്യയിൽനിന്നുള്ള കൊള്ളമുതലുകളാൽ നിറച്ചിരിക്കുകയാണ്. അതിലെ ഓരോ മുറിയിലും ചക്രവർത്തിമാരെ കൊള്ളയടിച്ചതിൽനിന്ന് ലഭിച്ച സമ്പത്ത് കാണാം. ഈസ്റ്റ് ഇന്ത്യ കമ്പനി (ഇ ഐ സി) പതിനെട്ടാം നൂറ്റാണ്ടിൽ പിഴിഞ്ഞെടുത്തത്. വെൽഷിലെ നാട്ടിന്‍പുറത്തുള്ള ഈ സ്വകാര്യഭവനത്തിൽ മുഗൾ കാലത്തെ കരകൗശലരൂപങ്ങൾ കാണാം. ഇന്ത്യയിൽ ഒരിടത്തും ഇങ്ങനെയൊന്നും കാണാനാകില്ല. ദൽഹിയിൽ ദേശീയ മ്യൂസിയത്തിൽപോലും ഇങ്ങനെ കാണാനാകില്ല. ഈ സമ്പത്തിൽ സ്വർണ്ണംകൊണ്ട് നിർമ്മിച്ച് തേച്ചുമിനുക്കിയെടുത്ത ഹുക്കകൾ കാണാം, അതിന്റെ മുകളിൽ കരിന്താളികൊണ്ടുള്ള അലങ്കാരങ്ങൾ കാണാം. കൊത്തുപണികൾ ചെയ്ത രത്ന​ക്ക​ല്ലുകൾ കാണാം, രത്നം പതിപ്പിച്ച കഠാരകൾ കാണാം, വെട്ടിത്തിളങ്ങുന്ന, പ്രാവിന്റെ ചോരയുടെ നിറമുള്ള പവിഴം കാണാം. അതുപോലെ പല്ലിയുടെ പച്ചനിറമുള്ള മരതകക്കല്ലുകളും കാണാം. ഇന്ദ്രനീലംകൊണ്ടലങ്കരിച്ച, മഞ്ഞ പുഷ്യരാഗങ്ങൾ പതിച്ച കടുവത്തലകൾ കാണാം. പച്ചക്കല്ലുകളും ആനക്കൊമ്പുംകൊണ്ട് നിർമ്മിച്ച ആഭരണങ്ങൾ ഇവിടെ കാണാം. പിന്നെ പട്ടുകൊണ്ടുള്ള അലങ്കാരങ്ങളും ഹിന്ദു ദേവീ​ദേവന്മാരുടെ അലങ്കരിച്ച ഉടയാടകളും ആനച്ചമയങ്ങളും കാണാം. ഇതിൽ, ഉടമകളെ പരാജയപ്പെടുത്തി കൊന്നതിനുശേഷം പിടിച്ചെടുത്ത രണ്ട് വിശിഷ്ട വസ്തുക്കളുമുണ്ട്. ബംഗാൾ നവാബായിരുന്ന സിറാജ് ഉദ്–ദൗളയുടെ പല്ലക്കാണിതിലൊന്ന്. അദ്ദേഹം പ്ലാസ്സി യുദ്ധത്തിൽനിന്ന് ഓടിപ്പോയപ്പോൾ ഉപേക്ഷിച്ചതാണിത്. രണ്ടാമത്തേത്, "മൈസൂർ കടുവ' എന്നറിയപ്പെട്ടിരുന്ന ടിപ്പു സുൽത്താന്റെ കൂടാരമാണ്.


Related Articles