മനുഷ്യരെല്ലാം നിർമ്മിത ബുദ്ധിയുടെ (artificial intelligence) വളർത്തുമൃഗങ്ങളായിക്കൊണ്ടിരിക്കുന്ന ഒരു അസ്ഥിരകാലമാണിതെന്ന് പറയപ്പെടുന്നു. സൃഷ്ടിയിലും സംഹാരത്തിലും ഒരുപോലെ ആനന്ദം കണ്ടെത്തുന്ന മസ്തിഷ്കമാണ് ഈ കാലത്തിനുള്ളതെന്നും പറഞ്ഞു ഭയപ്പെടുത്തുന്നു. യന്ത്രങ്ങളുടെയും നക്ഷത്രസിഗ്നലുകളുടെയും സഹായമാവശ്യമില്ലാതെതന്നെ നാവിഗേഷൻ സ്വയം നിർണയിക്കുന്ന കപ്പലുകളെയാണ് നിർമ്മിതബുദ്ധിയുടെ നാവികർ നയിച്ചുകൊണ്ടിരിക്കുന്നതത്രേ!
എന്നാലിത് ഒരു അശുഭാപ്തി (pessimistic) വാദമാണ്. ആധുനികതയുടെ യന്ത്രസംസ്കാരം മനുഷ്യർക്കു നൽകിയ ആഘാതങ്ങളുടെ ഓർമ്മകളിൽനിന്നുവരുന്ന ഭയമാണിത്. യന്ത്രങ്ങളുടെ തലച്ചോറുകൾ മനുഷ്യരെ കൂട്ടിലിടുന്നതിനുള്ള വഴികൾ പണിതുകൊണ്ടിരിക്കുകയാണെന്ന ഉത്തരാധുനിക വേവലാതിയുടെ തുടർച്ചയുമാണിത്.
ഈ അശുഭാപ്തിവാദങ്ങളെയും ഈ ഉത്തരാധുനികസംത്രാസങ്ങളെയും അടിച്ചുപുറത്താക്കുന്ന മഹത്തായ കലയാണ് ‘മഖൻസിങ്ങിന്റെ മരണം.' ചെറുകഥയുടെ ഏറ്റവും സൂക്ഷ്മമായ അൽഗോരിതങ്ങൾകൊണ്ട് എഴുതപ്പെട്ട ചെറുകഥയാണത്. 1950-കളുടെ മധ്യത്തിൽ പുറത്തുവന്ന ആ മലയാള കഥയിൽ നിർമ്മിതബുദ്ധിയുടെ ഭാവിസൂചനകളുടെ ശാസ്ത്രമുണ്ടെന്ന് (promising science) ഇന്ന് വായിക്കുമ്പോൾ തിരിച്ചറിയാനാവുന്നുണ്ട്. 1958-ലാണ് ടി. പത്മനാഭന്റെ ആ കഥയുൾക്കൊള്ളുന്ന സമാഹാരം ആദ്യമായി പുറത്തുവരുന്നത്.
