ഇരുളും രതിയും

World of Letters

ഇരുളും രതിയും


ആഖ്യാനഭാവന എന്നു പ്രയോഗിക്കാമോ എന്ന് എനിക്കറിയില്ലായിരുന്നു. എങ്കിലും അന്നു ഞാനതു പ്രയോഗിച്ചു. എൺപതുകളിൽ മലയാളകഥയിൽ രൂപപ്പെട്ടു തുടങ്ങിയ നവ ആഖ്യാനശൈലിയെ വിശേഷിപ്പിക്കുകയായിരുന്നു ലക്ഷ്യം. ടി.വി. കൊച്ചുബാവയുടെ 'സൂചി' എന്ന ചെറുകഥ എഴുതിക്കഴിഞ്ഞിരുന്നെങ്കിലും, അച്ചടിക്കപ്പെട്ടിട്ടില്ല. ആ കഥ വായിച്ചുകേട്ടതിന്റെ ഒരു വൈകാരികപ്രചോദനം ആഖ്യാനഭാവന എന്നു പ്രയോഗിച്ചതിനു പിറകിൽ ഉണ്ടായിരുന്നു. ചെറുകഥാപഠനം എഴുതിക്കഴിഞ്ഞിട്ടും ആ വാക്കിൽ എനിക്കു സന്ദേഹമുണ്ടായി. അതിനാൽ ആ വാക്ക് ലേഖനത്തിൽനിന്നു പിന്നീട് എടുത്തുമാറ്റി. രചനാകാര്യങ്ങളെ ഒതുക്കിവെക്കാൻ അകാല്പനീകരണം എന്നു സാമാന്യഭാവമാകാം എന്ന് ഉറപ്പിക്കയും ചെയ്തു.

വി.പി. ശിവകുമാർ, യു.കെ. കുമാരൻ, ടി.വി. കൊച്ചുബാവ, വി.ബി. ജ്യോതിരാജ് എന്നിവർ തങ്ങളുടെ രചനകളിൽ പ്രകടിപ്പിച്ച പ്രത്യേകതകൾ വിശദമാക്കുകയായിരുന്നു ഉന്നം. അവരുടെ കഥകളിൽനിന്നുള്ള ചില ഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് ചെറുകഥാപഠനം തുടങ്ങിയതുതന്നെ. അകാല്പനികമായ ഒരു സ്വരം ഈ തലമുറ ചെറുകഥയിൽ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നല്ലോ. പന്ത്രണ്ടാം മണിക്കൂർ, പശ എന്നീ കഥകളിലൂടെ വി.പി. ശിവകുമാർ ഞെട്ടിപ്പിക്കുന്ന ഭാവാനുഭാവങ്ങളാണു പ്രകാശമാനമാക്കിയത്. ആഖ്യാനത്തിലാകട്ടെ ആധുനികന്റെ പ്രജ്ഞാപരമല്ലാത്ത സമീപനത്തെ പ്രതിരോധിക്കുന്ന സ്വഭാവവും പ്രകടിപ്പിച്ചു. കൊച്ചുബാവയുടെ നിങ്ങൾക്കുവേണ്ടി, ഒരു ശരാശരി ഇന്ത്യൻപൗരന്റെ തല, നമ്മുടേതല്ലാത്ത ആകാശം, കൊച്ചുനാരായണന്റെ ആത്മഹത്യ എന്നീ കഥകളിലെ ആത്മപരിഹാസധ്വനിയും ആഖ്യാനചടുലതയും സംവേദനത്തെ നവീകരിക്കുമെന്നുറപ്പാക്കി. ഈയൊരു ഘട്ടത്തിലാണ് 'സൂചി' എന്ന ചെറുകഥ എഴുതുന്നത്. വർഷം എടുത്തുപറഞ്ഞാൽ 1980-ൽ. അതു മലയാളഭാവുകത്വം വ്യത്യസ്തത അന്വേഷിച്ചുതുടങ്ങിയ കാലമായിരുന്നു. വായനക്കാർ ആ കഥയുമായി പ്രതികരിച്ചതും വ്യത്യസ്തതയോടെ.

'സൂചി'യുടെ അച്ചടിപാഠമല്ല ഞാൻ ആദ്യം വായിക്കുന്നത്. കൈയെഴുത്തുമായി ടി.വി. കൊച്ചുബാവ ഒരു ഞായറാഴ്ച ഉച്ചനേരത്തു വീട്ടിൽവന്നതും സുദീർഘമായി കഥയുടെ രചനാപ്രശ്‌നങ്ങളെക്കുറിച്ചു സംസാരിച്ചതും ഞാൻ ഓർത്തുപോവുന്നു. കഥയുടെ പ്രമേയവും ബിംബവത്കരണവും വിശദമാക്കി നടത്തിയ ചർച്ച മറക്കാനാവാത്ത അനുഭവമായി എന്റെ മനസ്സിലുണ്ട്. രചനതന്നെ മാറുന്നതായി ഞാൻ മനസ്സിലാക്കി. പുതിയ എഴുത്തുകാർക്കു നേരെ അക്കാലത്ത് ഉയർന്നുവന്ന വിമർശനങ്ങൾക്കെതിരായും കൊച്ചുബാവ മറുപടി പറഞ്ഞു. ആധുനികതയിൽനിന്ന് വി.പി. ശിവകുമാറും കൊച്ചുബാവയുമടക്കമുള്ള കഥാകാരന്മാർക്കു സ്വതന്ത്രരാവാൻ കഴിയുന്നില്ല എന്നതായിരുന്നു പൊതുപരാതി. സക്കറിയയുടെ അനുകരണമായി ചില കഥകൾ വ്യാഖ്യാനിക്കപ്പെട്ടു. ഇതൊക്കെ ശരിയാണോ എന്ന് ആത്മപരിശോധന നടത്താൻ തങ്ങൾ തയ്യാറെടുക്കുന്നു എന്നതിന്റെ സൂചനയാണ് 'സൂചി' എന്ന് അവകാശപ്പെട്ടതായും ഞാൻ ഓർമ്മിക്കുന്നു. അതെന്തായാലും 'സൂചി' എന്ന കഥയുടെ ആദ്യകേൾവിക്കാരനാകാൻ കഴിഞ്ഞതിലുള്ള ആത്മസംതൃപ്തി ചെറുതല്ല. ഈ കഥയുടെ ആഖ്യാനസ്വഭാവത്തെ മുൻകാലകഥകളുടെ ഭാവാഖ്യാനവുമായി ഞാൻ താരതമ്യപ്പെടുത്തി നോക്കി. അപ്പോൾ എനിക്കൊരു കാര്യം ബോധ്യപ്പെട്ടു; ചെറുകഥയിലെ ആഖ്യാനഭാവനയിൽ സാരമായ ഒരു വിഛേദം പ്രകടിപ്പിക്കാൻ ശക്തമായ കഥയാണ് 'സൂചി'. അങ്ങനെ ചെറുകഥ അച്ചടിക്കപ്പെടുന്നതിനു മുമ്പുതന്നെ ചെറുകഥാലേഖനത്തിൽ 'സൂചി'യും അപ്രതീക്ഷിതമായി കടന്നുകൂടി.


Related Articles