കേരളകഥയ്ക്ക് ഒരു ആമുഖം

World of Letters

കേരളകഥയ്ക്ക് ഒരു ആമുഖം


കേരളം മലയാളികളുടെ ജന്മനാടായിട്ട് അറുപതു വർഷംതികഞ്ഞു. അതിനുമുൻപ് നാട്ടുരാജാക്കന്മാരുടെയും ബ്രിട്ടീഷുകാരുടെയും ഭരണത്തിന്റെ കീഴിൽ പല രാജ്യങ്ങളായി മലയാളികൾ ചിതറിക്കിടന്നിരുന്നു. മലയാളികൾ കേരളീയർ ആയതിന്റെ ആറ് പതിറ്റാണ്ടുകൾ തികയുമ്പോൾ മലയാളത്തിൽ ഏറ്റവും കൂടുതൽ സാഹിത്യപ്രവർത്തനം നടക്കുന്ന ശാഖയായ ചെറുകഥയ്ക്ക് (ഒരു കണക്കനുസരിച്ച് വർഷത്തിൽ മലയാളത്തിൽ രണ്ടായിരത്തോളം കഥകൾ ഇറങ്ങുന്നു.) ഈ കാലഘട്ടത്തിന്റെ ഓർമ്മയ്ക്ക് ഒരു സമാഹാരം വേണമെന്ന ഡി സി ബുക്‌സിന്റെ തീരുമാനം സ്വാഗതാർഹമാണ്.

എല്ലാ സമാഹാരങ്ങളെയുംപോലെ ഇതും സമാഹർത്താവിന്റെ ആത്മനിഷ്ഠമായ പെറുക്കിയെടുക്കലിൽക്കൂടിയാണു കടന്നു പോയിട്ടുള്ളത്. ഈ പ്രക്രിയ രണ്ടു രീതിയിലാണ് സാധാരണയായി പ്രവർത്തിക്കുന്നത്: ഒന്നാമത്തേത് തികച്ചും ആത്മനിഷ്ഠം; സമാഹർത്താവിന് ഇഷ്ടപ്പെട്ട കൃതികൾ മാത്രം ഒന്നിച്ചുകൂട്ടുക. ഇതിന്റെ ഒരു അതിതീവ്രവാദപരമായ ഉദാഹരണം സൽമാൻ റുഷ്ദിയും എലിസബത്ത് വെസ്റ്റും ചേർന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന്റെ അമ്പതാമത്തെ വർഷത്തിൽ ഇറക്കിയ, ഭാരതീയ സാഹിത്യങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളിൽ നിന്ന് തെരഞ്ഞെടുത്ത സമാഹാരമാണ് 'വിന്റേജ് ബുക്ക് ഓഫ് ഇന്ത്യൻ റൈറ്റിങ് 1947-1997'. ഒരു കഥയൊഴിച്ച് ബാക്കിയെല്ലാം ആ തടിച്ച പുസ്തകത്തിൽ ഇന്ത്യയിലെ ഇംഗ്ലിഷ് എഴുത്തുകാരുടേതായിരുന്നു. ഭാരതീയഭാഷകളിൽ എടുത്തുകൊടുക്കാൻ പറ്റുന്ന രീതിയിലുള്ള സാഹിത്യമില്ലെന്നും ഉറുദു എഴുത്തുകാരനായ സാദത്ത് ഹസൻ മന്റോ ഒഴിച്ച് മറ്റൊരു ഭാഷാസാഹിത്യകാരനെ/കാരിയെ സമാഹാരത്തിൽ ഉൾപ്പെടുത്തുവാൻ യോഗ്യമല്ലെന്നുമായിരുന്നു റുഷ്ദിയുടെ നിലപാട്.

മലയാളത്തിലെ ചെറുകഥാസമാഹാരങ്ങളുടെ ചരിത്രത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നതും ചെറുകഥാപഠനം എന്ന ശാഖയെ പരിപോഷിപ്പിച്ചതുമായ ഗ്രന്ഥമാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച, കെ. അയ്യപ്പപ്പണിക്കർ, എം.കെ. സാനു, കെ.പി. അപ്പൻ, ആർ. നരേന്ദ്രപ്രസാദ് എന്നിവർ എഡിറ്റർമാരായ '100 വർഷം 100 കഥ (1891-1991)'. എഡിറ്റർമാർ 100 എഴുത്തുകാരുടെ ഒരു കുറുപ്പട്ടിക ഉണ്ടാക്കുകയും അതിൽ ജീവിച്ചിരിക്കുന്ന എഴുത്തുകാരോട് അവർക്ക് പ്രിയപ്പെട്ട കഥ തിരഞ്ഞെടുക്കുവാനും അന്തരിച്ച എഴുത്തുകാരുടെ കഥകൾ എഡിറ്റർമാർതന്നെ തിരഞ്ഞെടുത്തുമാണ് പുസ്തകം തയ്യാറാക്കിയത്. ഇത്തരത്തിലൊരു സമീപനത്തിലൂടെയാണ് കഥകൾ സമാഹരിച്ചതെങ്കിലും ഇതിലെ പ്രഗല്ഭരായ എഡിറ്റർമാരുടെ തന്ത്രം ഫലിച്ചു. എന്നും സൂക്ഷിച്ചുവയ്ക്കാവുന്ന പുസ്തകവും മലയാള ചെറുകഥാചരിത്രത്തിലെ നാഴികക്കല്ലുമാണ് ആ സമാഹാരം. പക്ഷേ, കഥയിൽനിന്ന് കഥാകാരൻ/കാരിയിലേക്ക് ദൃഷ്ടികേന്ദ്രം മാറിയത് ചെറുകഥാപഠനങ്ങളിലേക്ക് വ്യാപിച്ചപ്പോൾ ആ ശാഖ വികലമായി എന്നതാണ് ദുഃഖകരമായ സത്യം.


Related Articles