ഗാന്ധിയുടെ ജാതി അംബേദ്ക്കറുടെയും

World of Letters

ഗാന്ധിയുടെ ജാതി അംബേദ്ക്കറുടെയും


'ജാതിഉന്മൂലനം' എന്നത് ഒരിക്കലും നടത്താത്ത ഒരു പ്രസംഗത്തിന്റെ ഏതാണ്ട് എൺപത് വർഷം പഴക്കമുള്ള ലിഖിത രൂപമാണ്. ഞാനത് ആദ്യം വായിച്ചപ്പോൾ മങ്ങിയ വെളിച്ചമുള്ള മുറിയിൽ ആരോ കടന്നുവന്ന് ജനലുകൾ തുറന്നിട്ടതുപോല അനുഭവപ്പെട്ടു. ഡോ. ഭീമറാവു റാംജി അംബേദ്കറെ വായിക്കുമ്പോൾ, മിക്ക ഇന്ത്യക്കാരും വിശ്വസിക്കാൻ പഠിപ്പിക്കപ്പെട്ടതും എന്നാൽ, നമ്മുടെ നിത്യജീവിതത്തിൽ അനുഭവപ്പെടുന്ന യാഥാർഥ്യവും തമ്മിലുള്ള വിടവിന് മേൽ പാലം തീർക്കും.

എന്റെ അച്ഛനൊരു ഹിന്ദുവായിരുന്നു. ബ്രാഹ്‌മണൻ. മുതിർന്ന വ്യക്തിയാകുന്നതുവരെ ഞാനൊരിക്കലും അദ്ദേഹത്തെ കണ്ടിരുന്നില്ല. ഞാൻ വളർന്നത് കമ്യുണിസ്റ്റുകൾ ഭരിച്ച കേരളത്തിലെഅയ്മനം എന്ന ചെറിയ ഗ്രാമത്തിൽ അമ്മയ്‌ക്കൊപ്പം, ഒരു സിറിയൻ ക്രിസ്ത്യൻ കുടുംബത്തിലാണ്. എന്നിരുന്നാലും എന്റെ ചുറ്റുമുണ്ടായിരുന്നത് ജാതിയുടെ വിടവുകളും അകൽച്ചകളുമാണ്. അയ്മനത്ത് 'പറയർപള്ളി'പോലുമുണ്ടായിരുന്നു. അവിടെ 'പറയന്മാരായ'പുരോഹിതർ 'തൊട്ടുകൂടാത്ത'വരായ സഭക്കാരോട്മതപ്രസംഗം നടത്തും. ആളുകളുടെ പേരിൽവരെ ജാതി വ്യക്തമായിരുന്നു-അവർ പരസ്പരം പരാമർശിക്കുന്നരീതിയിൽ, അവർ ചെയ്യുന്ന ജോലിയിൽ, അവർ ധരിക്കുന്ന വസ്ത്രത്തിൽ, അവിടെ ഒരുക്കിയ വിവാഹങ്ങളിൽ, അവർ സംസാരിച്ച ഭാഷയിൽ എല്ലാം. ഇതൊക്കെയാണെങ്കിലും ജാതിയെന്ന ബോധത്തെ ഒരൊറ്റ സ്‌കൂൾ പാഠപുസ്തകത്തിലുംഞാൻ അഭിമുഖീകരിച്ചില്ല. അംബേദ്കറെ വായിക്കുന്നത് നമ്മുടെബോധനപരമായ പ്രപഞ്ചത്തിലെ തുറിച്ചുനോക്കുന്ന ജാതീയമായവിടവിനെപ്പറ്റി എന്നെ ജാഗരൂകയാക്കുന്നുണ്ട്. അദ്ദേഹത്തെ വായിക്കുമ്പോൾ ആ വിടവ് എന്തുകൊണ്ട് നിലനിൽക്കുന്നുവെന്നും, ഇന്ത്യൻ സമൂഹം പുരോഗമനപരവും വിപ്‌ളവകരവുമായ മാറ്റത്തിന് വിധേയമാകുന്നതുവരെ ആ വിടവ് നിലനിൽക്കുമെന്നും വ്യക്തമാവും.

വിപ്‌ളവങ്ങൾ മിക്കപ്പോഴും തുടങ്ങുക വായനയിലാണ്.


Related Articles