കാണാതായ അമ്പിളിമാർ

World of Letters

കാണാതായ അമ്പിളിമാർ


ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ ജി ആർ ഇന്ദുഗോപൻ രചിച്ച് ഡി സി ബുക്സ് പുറത്തിറക്കിയ “അമ്പിളിമോൾ തിരോധാനം" എന്ന നോവൽ വായിച്ചപ്പോഴും ബാഹുൽ രമേശ് എഴുതി അഹമ്മദ് കബീർ സംവിധാനം ചെയ്ത് ജിയോ ഹോട്ട്സ്റ്റാറിൽ പുറത്തിറങ്ങിയ “കേരള ക്രൈം ഫയൽസ് 2 - ദി സേർച്ച് ഫോർ സി.പി.ഒ അമ്പിളി രാജു” എന്ന സീരീസ് കണ്ടപ്പോഴും മനസ്സിലാക്കാൻ സാധിച്ച വസ്തുതകളും വളരെ യാദൃശ്ചികമായ ചില സമാനതകളും കുറിക്കുകയാണ്.

ഈ രണ്ടു കലാസൃഷ്ടികളിലും കാണാതാവുന്നത് രണ്ട് അമ്പിളിമാരാണ്. നോവലിൽ മൂന്നര വയസ്സുകാരിയായ അമ്പിളിമോളും സീരീസിൽ പോലീസ് ഉദ്യോഗസ്ഥനായ അമ്പിളി രാജുവുമാണ് കാണാതാവുന്നത്. രണ്ട് കഥകളുടെയും അന്വേഷണം ആരംഭിക്കുന്നത് തിരുവനന്തപുരത്ത് നിന്ന് വടക്കോട്ടാണ്. 2003 ൽ വയനാട്ടിൽ വച്ച് വീടിനു പുറത്ത് കളിച്ചുകൊണ്ട് നിൽക്കുകയായിരുന്ന ഇരട്ടപ്പെൺകുട്ടികളിലൊരാളായ അമ്പിളിയെ കാണാതാവുന്നതും 20 വർഷങ്ങൾക്ക് ശേഷം അമ്പിളിയെ കണ്ടെത്തുന്നതിനായി അവശേഷിച്ച ഇരട്ടകളിലൊരാളായ അഡ്വക്കേറ്റ് അമ്മിണി ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യുന്നു. ഈ കേസിൽ തിരുവനന്തപുരത്ത് പ്രതി ചേർക്കപ്പെടുന്ന പ്രഭാകരൻ ഒരേ സമയം പ്രതിയും അന്വേഷകനുമായി കേസ് തെളിയിക്കാൻ പോലീസ് സംഘത്തിനൊപ്പം പുറപ്പെടുന്നതാണ് നോവലിലെ കഥ. കൊട്ടാരക്കര കോടതിയിൽ ഒരു കേസിന്റെ വാദത്തിനായി പ്രതിയോടൊപ്പം പോയ കണിയാർവിള പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ അമ്പിളി രാജു തിരികെ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാത്തതും തുടർന്ന് കാണാതാവുന്നതും ഇയാളെ അന്വേഷിച്ച് പോലീസ് സംഘം കൊച്ചിയിലേക്ക് പോകുന്നതും പിന്നീട് നടക്കുന്ന സംഭവവികാസങ്ങളുമാണ് സീരീസിന്റെ കഥ.

അത്യന്തം ഉദ്വേഗജനകമാണ് ഈ രണ്ട് സൃഷ്ടികളും. വായിച്ചും കണ്ടും തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ഒടുക്കമെന്തെന്നറിയാനൊരു വ്യഗ്രത ഉള്ളിലുണ്ടാവും. ഒറ്റയിരുപ്പിൽ തന്നെ അവ തീർക്കാൻ മനസ്സ് വെമ്പൽ കൊണ്ടേക്കാം. സാധാരണ രീതിയിലുള്ള അന്വേഷണമല്ല ഈ രണ്ടു കേസുകളിലും നടക്കുന്നത്. അമ്പിളിമോൾ തിരോധാനത്തിൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ ഫോറൻസിക്ക് ഡയറക്ടറുടെ ഡ്രൈവറായ പ്രഭാകരനും ദീർഘനാളുകൾക്ക് ശേഷം ഡിസ്ട്രിക്ക് ക്രൈം റിക്കോർഡ്സ് ബ്യൂറോയിൽ നിന്ന് ലോ & ഓർഡറിലേക്കെത്തി തന്റെ അന്വേഷണപാടവം തെളിയിക്കാൻ സബ് ഇൻസ്പെക്ടർ നോബിളും അന്വേഷണസംഘത്തിനൊപ്പം നിന്നുകൊണ്ട് തന്നെ സ്വതന്ത്രമായും ചില കണ്ടെത്തലുകൾ നടത്തുന്നുണ്ട്. പ്രഭാകരൻ തന്റെ ഊഹാപോഹങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുകയും നോബിൾ തന്റെ കണക്കുകൂട്ടലുകൾ ഒരു തിയറിയായി രൂപീകരിക്കുകയും ചെയ്യുന്നു. ടെക്നോളജിയുടെ അനന്തമായ സാധ്യതകളോടൊപ്പം ഫോറൻസിക്കിന്റെ ശക്തമായ ഇടപെടലും കഥകളിൽ വഴിത്തിരിവുകളുണ്ടാക്കുന്നുണ്ട്.


Related Articles