1891 ഏപ്രിൽ 14-ന് മഹാരാഷ്‌ട്രാ സംസ്ഥാനത്തിലെ അംബേവാഡാ ഗ്രാമത്തിലൊരു ചെറ്റപ്പുരയിൽ ഒരു പട്ടാള ഉദ്യോഗസ്ഥനായ റാംജി സകപാലിന്റെയും ചീരാബായിയുടെയും പുത്രനായി അംബേദ്കർ ജനിച്ചു. അദ്ദേഹം ഉൾക്കൊണ്ടിരുന്ന ‘മഹർ’ ജാതി മഹാരാഷ്ട്രയിലെ സൈനികവൃത്തിക്കാരായിരുന്നു. അവസാനത്തെ മുഗളരാജവംശത്തോട് യുദ്ധംചെയ്ത്, മഹാരാഷ്ട്രയിൽ രാജാധിപത്യം പുനഃസ്ഥാപിച്ച ശിവജിയുടെ സൈനികസേവനത്തിലൂടെ മഹറുകൾ അവഗണിക്കാനാവാത്തൊരു രാഷ്ട്രിയശക്തിയായി മാറിയിരുന്നു. മാത്രമല്ല. 18–ാം നൂറ്റാണ്ടിൽ മഹാരാഷ്ട്രയിലൊരു അബ്രാഹ്മണപ്രസ്ഥാനത്തിന് രൂപം കൊടുത്ത ജ്യോതിബാ ഫുലെയുടെ പ്രസ്ഥാനത്തിലും 19–ാം നൂറ്റാണ്ടിൽ നടന്ന കാർഷികകലാപങ്ങളിലും നിർണ്ണായകമായ പങ്ക് വഹിച്ചുകൊണ്ട്, മഹറുകൾ മഹാരാഷ്ട്രയിലെ ദേശീയബോധത്തിലും രാഷ്ട്രീയവൽക്കരണത്തിലും ഗണ്യമായ സ്ഥാനം കൈവരിച്ചു. അംബേദ്കറിന്റെ പിതാവ് ഫുലെയുടെ അബ്രാഹ്മണപ്രസ്ഥാനത്തിലെ അംഗമായിരുന്നു. ജാതീയവും കുടുംബപരവുമായ ഈ പൈതൃകമായിരുന്നു അംബേദ്കറിന്റെ ജീവിത വിജയത്തിനാധാരമായി വർത്തിച്ചത്.
അംബേദ്കറിന് രണ്ടു വയസ്സുള്ളപ്പോൾ പിതാവ് പെൻഷൻപറ്റിക്കഴിഞ്ഞിരുന്നു. മാതാവ് അദ്ദേഹത്തിന്റെ അഞ്ചാമത്തെ വയസ്സിൽ മൃതിയടഞ്ഞു. കൊടുംപട്ടിണിയും ദുരിതങ്ങളും കുടുംബത്തിൽ പ്രതികൂലമായൊരവസ്ഥ സൃഷ്‌ടിച്ചുവെങ്കിലും അഞ്ചാമത്തെ വയസ്സിൽ അംബേദ്‌കറിനെ പിതാവ് ദവോളി സ്കൂളിൽ ചേർത്തു. 1900–ൽ സത്താറ ഗവ. ഹൈസ്കൂളിൽ ചേർന്ന അദ്ദേഹം ഭീമറാംജി അംബേദ്‌കർ എന്ന പേരിൽ പഠനം തുടർന്നു.
ഇന്ത്യയുടെ സവിശേഷതയായ ജാതിവ്യവസ്ഥയുടെ ക്രൂരതകൾ വളരെ ചെറുപ്പത്തിൽതന്നെ അംബേദ്കറിന് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ക്ലാസ്സ് മുറിയുടെ ഒഴിഞ്ഞകോണിൽ ഇരുത്തുക. അദ്ധ്യാപകൻ നോട്ടുപുസ്തകങ്ങൾ പരിശാധിക്കാതിരിക്കുക. ചോദ്യങ്ങൾ ചോദിക്കാതിരിക്കുക എന്നിങ്ങനെയുള്ള വിവേചനങ്ങൾക്കുപരി ഇതര വിദ്യാർത്ഥികളുമായി കലാകായിക വിനോദങ്ങളിലേർപ്പെടാനുള്ള അവസരവും നിഷേധിക്കപ്പെട്ടു. ഇത്തരം പ്രതികൂലാവസ്ഥകളെ അതിജീവിച്ച അദ്ദേഹം, ബോംബെ എൽഫിൻസ്റ്റൻ കോളേജിൽ പഠിക്കുമ്പോൾ ബറോഡാ മഹാരാജാവിൽനിന്നും സ്‌കോളർഷിപ്പ് കരസ്ഥമാക്കി. 1913-ൽ അംബേദ്‌കർ ബി.എ. പരീക്ഷ പാസ്സായി. ഈ കാലഘട്ടത്തിലാണ് കോൺഗ്രസ്സിലൂടെ ഇന്ത്യയുടെ ദേശീയ പ്രക്ഷോഭണത്തിന് നടുനായകത്വം വഹിച്ചിരുന്ന ലാലാലജ്‌പത്റായിയുമായും ബന്ധപ്പെടുന്നതും സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് വിവാദത്തിലേർപ്പെടുന്നതും. ഈ ബന്ധം അദ്ദേഹത്തെയൊരു കോൺഗ്രസ്സുകാരനാക്കാതിരുന്നത്, ഇന്ത്യൻ ദേശീയതയെക്കുറിച്ചും സ്വാതന്ത്ര്യസമരത്തെക്കുറിച്ചുമുള്ള തനതായ വീക്ഷണം കൊണ്ടായിരുന്നു. അനുപമമായ പ്രതിഭാസംകൊണ്ട് അനുഗൃഹീതനായിരുന്ന അംബേദ്‌കർ, ഈ കാലഘട്ടത്തിൽ ദേശീയ പ്രക്ഷോഭണത്തിൽ ആഴ്ന്നിറങ്ങുകയായിരുന്നില്ല, മറിച്ച് പഠനം തുടരുകയായിരുന്നു. 1915–ൽ അംബേദ്‌കർ എം.എ. ബിരുദം കരസ്ഥമാക്കി. 1916–ൽ നടന്ന നരവംശശാസ്ത്ര സെമിനാറിൽ ‘ജാതികൾ ഇന്ത്യയിൽ: അതിന്റെ ഉൽപ്പത്തിയും വികാസവും’ എന്ന പ്രബന്ധം അവതരിപ്പിച്ചു. ആ വർഷം തന്നെ ‘നാഷണൽ ഡിവിഡന്റ് ഫോർ ഇന്ത്യ എ ഹിസ്റ്റോറിക്കൽ ആന്റ് അനാലിറ്റിക്കൽ സ്റ്റഡി’ എന്ന പ്രബന്ധത്തിന് ഡോക്‌ടറേറ്റ് ലഭിച്ചു. പിന്നീടാ പ്രബന്ധം ‘ദി എവല്യൂഷൻ ഓഫ് പ്രൊവിൻഷ്യൽ ഫിനാൻസ് ഇൻ ബ്രിട്ടീഷ് ഇന്ത്യ’ എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടു. 1917–ൽ അംബേദ്കർ ബറോഡ രാജാവിന്റെ സെക്രട്ടറിയായി നിയമിതനായെങ്കിലും ജാതീയപീഡനങ്ങൾക്കെതിരായ പ്രതികരണമെന്ന നിലയിൽ ആ ജോലി ഉപേക്ഷിച്ചു. പിറ്റേ വർഷം ബോംബെയിലൊരു കോളേജിൽ അദ്ധ്യാപകനായെങ്കിലും 1920 മാർച്ചിൽ ജോലി ഉപേക്ഷിച്ച് ‘മൂകനായിക്’ എന്ന പത്രം പ്രസിദ്ധീകരിച്ചുകൊണ്ട് പൊതുജീവിതത്തിലേക്കു സജീവമായി കടന്നുവന്നു. സ്വയം തെരഞ്ഞെടുത്ത പൊതുജീവിതം ഉപേക്ഷിക്കാതെതന്നെ, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്നും സാമ്പത്തികശാസ്ത്രവും ഗ്രേ ഇൻ കോളേജിൽനിന്ന് നിയമവും പഠിച്ചു. 1922–ൽ ലണ്ടൻ സർവ്വകലാശാലയിൽനിന്നും എം.എസ്‌സി. ബിരുദവും കരസ്ഥമാക്കി. വിദേശ വിദ്യാഭ്യാസകാലത്ത് അദ്ദേഹം ലോകപ്രശസ്തരായ നിരവധി സാമ്പത്തിക–സാമൂഹ്യ ശാസ്ത്രജ്ഞന്മാരുമായി ബന്ധപ്പെടുകയും ആശയങ്ങൾ കൈമാറുകയും ചെയ്‌തു. ഇപ്രകാരം നേടിയെടുത്ത ആഴമേറിയ പഠനത്തിന്റെയും അനുഭവസമ്പത്തിന്റെയും ഫലമായി ‘അനിഹിലേഷൻ ഓഫ് കാസ്റ്റ്,’ ‘പ്രോബ്ലംസ് ഓഫ് റുപ്പീ’, ‘ഹിസ്റ്ററി ഓഫ് ഇന്ത്യൻ കറൻസി ആന്റ് ബാങ്കിങ്–വാള്യം ഒന്ന്’, ‘പാകിസ്ഥാൻ ഓർ പാർട്ടീഷൻ ഓഫ് ഇന്ത്യ’, ‘റാനഡെ, ഗാന്ധി, ജിന്ന’, ‘ഹു ആർ ശൂദ്രാസ്’, ‘ബുദ്ധ ആന്റ് ഹിസ് ധർമ്മ’ എന്നിങ്ങനെ 17-ഓളം ഗ്രന്ഥങ്ങളും നിരവധിയായ പ്രഭാഷണങ്ങളും പ്രസംഗങ്ങളും ഇന്ത്യൻ സാമൂഹ്യജീവിതത്തിനു നൽകി.
ജ്ഞാനകർമ്മബോധംകൊണ്ട് പക്വമായൊരു ജീവിതത്തിനുടമയായ അംബേദ്‌കർ മഹാരാഷ്ട്രയിൽ പൊതുജീവിതം ആരംഭിക്കുമ്പേൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ സവിശേഷമായൊരു ചരിത്രഘട്ടം രൂപംകൊള്ളുകയായിരുന്നു. ഈ പരിവർത്തനദിശയുടെ കേന്ദ്രം മഹാരാഷ്ട്രയായിരുന്നു. അതായത്, സാമൂഹ്യപരിഷ്കരണപ്രസ്ഥാനങ്ങളും കാർഷികകലാപങ്ങളും സമുദായികവിഭാഗങ്ങളുടെ വേർപെടലിനും അതിന്റെ ഫലമായുള്ള രാഷ്ട്രീയവേർപെടലിനും വിധേയമാക്കിയ മഹാരാഷ്ട്രയിൽ, സാമൂഹ്യ നവോത്ഥാനവും സൈനികപാരമ്പര്യവുമുള്ള മഹറുകളെ പ്രതിനിധീകരിച്ചുകൊണ്ടാണദ്ദേഹം രാഷ്ട്രീയജീവിതം ആരംഭിച്ചത്. ഫുലെയുടെ പ്രസ്ഥാനത്തിലൂടെ മഹറുകൾ ഉൾക്കൊണ്ട് ബ്രാഹ്മണിസ്റ്റ് മതവിരുദ്ധതയെ സ്വാംശീകരിക്കാൻ കഴിഞ്ഞതിനാലും സൈനികപാരമ്പര്യത്തെ സമരബോധമാക്കി മാറ്റാൻ കഴിഞ്ഞതിനാലും അദ്ദേഹത്തിന് അധഃസ്ഥിതരുടെ മതേതരസമത്വാവകാശപ്രസ്ഥാനത്തെ ഉജ്ജ്വലമായി നയിക്കാൻ കഴിഞ്ഞു. മാത്രമല്ല, ഈ സമരത്തെ ബ്രിട്ടീഷിന്ത്യയിലുടനീളം നിലനിന്ന ഗോത്രവർഗ്ഗകലാപങ്ങളുമായി സമന്വയിപ്പിക്കാൻ കഴിഞ്ഞതുകൊണ്ട് ഇന്ത്യൻ ജനതയുടെ അഞ്ചിലൊന്നു ഭാഗത്തിന്റെ അനിഷേധ്യമായ നേതൃത്വവും വിശ്വാസവും ആർജ്ജിക്കാൻ കഴിഞ്ഞു. ഇതോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ജനാധിപത്യസമരങ്ങളുടെ സ്വഭാവം സൂക്ഷ്മമായി പഠിക്കാൻ കഴിഞ്ഞതുകൊണ്ട് ദേശീയ ന്യൂനപക്ഷങ്ങളുടെ ആദരവും അംഗീകാരവും പിടിച്ചുവാങ്ങി. ഇന്ത്യൻ സാമൂഹ്യസാഹചര്യങ്ങളിൽ ഇന്നും ഏറെ അധിക്ഷേപിക്കപ്പെടുന്ന സാമുദായിക പ്രാതിനിധ്യം എന്തുകൊണ്ടാണ് അദ്ദേഹം സ്വീകരിക്കാൻ നിർബന്ധിതനായത്? കാരണമാരായുമ്പോൾ, മഹാരാഷ്ട്രയിൽ കേന്ദ്രീകരിച്ചു നിലനിന്ന ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സവിശേഷതകളെയാണ് പരിശോധിക്കേണ്ടത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസ്ഥാനം ബാലഗംഗാധരതിലകന്റെ നേതൃത്വത്തിൽ ആയതോടെ വ്യക്‌തമായൊരു രൂപപരിണാമത്തിന് വിധേയമാകുകയായിരുന്നു. ആര്യൻമേധാവിത്വ സിദ്ധാന്തമാവിഷ്കരിച്ചും ഭഗവദ്‌ഗീതയെ വ്യാഖ്യാനിച്ചും ഗണേശോത്സവങ്ങൾ പുനഃസ്ഥാപിച്ചും തിലകനിലൂടെ കോൺഗ്രസ്സിന്റെ ദേശീയതയുടെ ഉള്ളടക്കം ഹൈന്ദവമൂല്യാധിഷ്‌ഠിതമാവുകയായിരുന്നു. ഈ ഹൈന്ദത്വമാകട്ടെ ബ്രാഹ്മണിസ്റ്റ് മേധാവിത്വവുമായിരുന്നു. ഇതിന്റെ ഭാഗമായി മുൻകാലങ്ങളിൽ കോൺഗ്രസ്സ് പുലർത്തിയിരുന്ന സാമൂഹ്യപരിഷ്‌കരണങ്ങളെ പാടെ ഉപേക്ഷിക്കുകയും രാഷ്ട്രീയപരിഷ്കരണങ്ങളെ അടിത്തറയാക്കുകയും ചെയ്തു. 1892–ൽ അലഹബാദിൽ ചേർന്ന നാഷണൽ കോൺഗ്രസ്സിന്റെ 8–ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡബ്ല്യു.സി. ബാനർജി ഈ പരിവർത്തനത്തെ ഇപ്രകാരം ചൂണ്ടിക്കാട്ടി: "നമ്മുടെ സാമൂഹ്യവ്യവസ്ഥയിൽ മാറ്റം വരുത്താതെ രാഷ്ട്രീയപരിഷ്കരണം വരുത്താൻ നാം യോഗ്യരല്ലെന്ന് പറയുന്നവരോട് സഹിഷ്ണുത കാണിക്കുവാൻ എനിക്കു സാധ്യമല്ല. അവ രണ്ടും തമ്മിൽ എന്താണ് ബന്ധം ഉള്ളതെന്ന് എനിക്കു മനസ്സിലാക്കാൻ കഴിയുന്നില്ല. നമ്മുടെ വിധവമാർ അവിവാഹിതരായി നില്ക്കുന്നതുകൊണ്ടും നമ്മുടെ പെൺകുട്ടികളെ മറ്റു രാജ്യങ്ങളിലുള്ള പെൺകുട്ടികളെക്കാൾ ചെറുപ്പത്തിൽതന്നെ വിവാഹം കഴിച്ചുകൊടുക്കുന്നതുകൊണ്ടും നമ്മോടൊപ്പം സ്നേഹിതന്മാരെ സന്ദർശിക്കാൻ പോകാത്തതുകൊണ്ടും നമ്മുടെ മക്കളെ കേംബ്രിഡ്‌ജിലും ഓക്സ്ഫോർഡിലും അയച്ച് വിദ്യാഭ്യാസം ചെയ്യിക്കാത്തതുകൊണ്ടും നാം രാഷ്ട്രീയപരിഷ്കരണത്തിന് അയോഗ്യരാണോ?’ ബാനർജി ചൂണ്ടിക്കാട്ടുന്ന ഹൈന്ദവകുടുംബത്തിന്റെ പരിഷ്‌കരണമായ ഈ സാമൂഹ്യപരിഷ്കരണത്തിന്റെ നിഷേധമായിരുന്നു തിലകന്റെയും പിന്നീട് ഗാന്ധിയുടെയും കോൺഗ്രസ്സിലെ ആധിപത്യത്തിനു കാരണമായത്.
തിലകന്റെ കോൺഗ്രസ്സ് രാഷ്ട്രീയവും അതിനെത്തുടർന്ന് രൂപംകൊണ്ട ഗാന്ധിജിയുടെ രാമരാജ്യരാഷ്ട്രസങ്കല്പത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയ നേതൃത്വവും മഹാരാഷ്ട്രയിൽ ഹൈന്ദവവിരുദ്ധവും ബ്രാഹ്മണ വിരുദ്ധവുമായ രാഷ്ട്രീയധാരകൾക്ക് രൂപംകൊടുത്തു. ‘അണ്ടർസ്റ്റാൻഡിങ് ദി മുസ്‌ലിം മൈൻഡ്’ എന്ന കൃതിയിൽ രാജ്മോഹൻഗാന്ധി ഈ പരിവർത്തനത്തെ ചൂണ്ടിക്കാട്ടുന്നതിപ്രകാരമാണ്, 1906–ൽ സിംലയിലുള്ള മിന്റോ പ്രഭുവിന്റെ അടുക്കലേക്ക് ആഗാഖാൻ ഒരു മുസ്‌ലിം ദൗത്യസംഘത്തെ നയിച്ചു. ഇതിലൂടെ അവർ ആവശ്യപ്പെട്ടത് മുസ്‌ലിങ്ങൾക്ക് പ്രത്യേക നിയോജകമണ്ഡലങ്ങൾ വേണമെന്നായിരുന്നു. മുസ്‌ലിങ്ങളുടെ ജനസംഖ്യാപ്രാതിനിധ്യമായിരിക്കരുത്, മറിച്ച് രാജ്യത്തെ രക്ഷിക്കുവാനുള്ള അവരുടെ സംഭാവനകളെ അടിസ്ഥാനമുള്ളതാക്കിയായിരിക്കണമെന്നായിരുന്നു ആഗാഖാന്റെ വാദം. മിന്റോ ഈ വാദം അംഗീകരിച്ചു. 1909–ൽ മുസ്‌ലിങ്ങൾക്ക് മുസ്‌ലിം ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവകാശം ലഭിച്ചു. മുസ്‌ലിങ്ങൾക്ക് ലഭിച്ച സീറ്റുകൾ ഒരു അഖിലേന്ത്യാ മുസ്‌ലിം പാർട്ടിക്ക് രൂപംകൊടുത്തു. ഇപ്രകാരമാണ് ഡാക്കയിൽവച്ച് ആൾ ഇന്ത്യാ മുസ്‌ലിം ലീഗ് രൂപംകൊള്ളുന്നത്. ദേശീയ രാഷ്ട്രീയധാരയിൽനിന്നുള്ള മുസ്‌ലിങ്ങളുടെ വിട്ടുപോകലിനെ മുഹമ്മദലി ജിന്ന ഇപ്രകാരം ന്യായീകരിച്ചു. "ഇന്ത്യ ഒരു രാഷ്ട്രമോ ദേശമോ അല്ല; മറിച്ച് ദേശീയതകളുടെ സമുച്ചയമായ ഒരു ഉപഭൂഖണ്ഡമാണ്.' 1942–ഈ ദേശീയതാവീക്ഷണത്തെ അദ്ദേഹം ഇപ്രകാരം രാഷ്ട്രീയവൽക്കരിച്ചു: "ഹിന്ദുവും മുസ്‌ലിമുമായുള്ള അന്തരം ആഴമേറിയതും മായ്ച്ചുകളയാനാവാത്തതുമാണ്. നാം നമ്മുടേതായ പ്രത്യേക സംസ്കാരം, ഭാഷ, സാഹിത്യം, മൂല്യവിചാരബോധം, നിയമസംഹിതകൾ, സദാചാരസങ്കല്പങ്ങൾ, ചരിത്രം, പാരമ്പര്യം എന്നിവകൊണ്ട് പ്രത്യേക രാഷ്ട്രമായിരിക്കുന്നു.'
കോൺഗ്രസ്സിൽ ആധിപത്യം നേടിയ ഹിന്ദുമതാധിഷ്‌ഠിത രാഷ്ട്രീയത്തിനെതിരേ, ഇപ്രകാരം മുസ്‌ലിം മതാധിഷ്‌ഠിത രാഷ്ട്രീയം രൂപംകൊണ്ടതോടെ, ഹിന്ദുമതത്തിനുള്ളിലെ സാമുദായികഘടകങ്ങളും സംഘർഷത്തിനും വിഭജനത്തിനും വിധേയമായി. ഈ സംഘർഷത്തിൽ മുഖ്യം ആർ.എസ്.എസിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും രൂപീകരണമായിരുന്നു. 1920–കളിൽ തിലകന്റെ രാഷ്ട്രീയനിരയിലുണ്ടായിരുന്ന ഡോ. മുൻജെയാണ് ഇന്ത്യൻ ബ്രാഹ്മണരുടെ അധഃസ്ഥിതരോടും ന്യൂനപക്ഷങ്ങളോടും കാർഷികകലാപങ്ങളോടുമുള്ള ശത്രുത ആളിപ്പടർത്തിക്കൊണ്ട് ഡോ. ഹെഡ്‌ഗെവാർ, ഡോ. പരഞ്ജപ്പെ എന്നിവരോടൊപ്പം ബ്രാഹ്മണാധിപത്യമുള്ള ഹിന്ദുരാഷ്ട്രത്തിനുവേണ്ടി ആർ.എസ്. എസ്. രൂപീകരിച്ചത്. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊള്ളുന്നതാവട്ടെ, മഹാരാഷ്ട്രയുടെ സാമുദായികവും കാർഷികവുമായ ദേശീയ രാഷ്ട്രീയ ധ്രുവീകരണത്തിൽ മദ്ധ്യവർഗ്ഗ സാമൂഹ്യതാത്പര്യങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടായിരുന്നു. ഇത്തരമൊരു സാമൂഹ്യസാഹചര്യത്തിലാണ് ഹിന്ദുമതത്തിലുൾക്കൊള്ളാതിരുന്ന അധഃസ്ഥിതർക്ക്, അവരുടെ മുന്നണിയിൽ നിന്ന മഹാരാഷ്ട്രയിലെ മഹറുകൾക്ക് സ്വതന്ത്രമായൊരു രാഷ്ട്രീയാസ്തിത്വം അനിവാര്യമായത്. ഈ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാനാവാതെ, 1928–ൽ ഗാന്ധിജി അയിത്തോച്ചാടനത്തിലൂടെയും ഹരിജനോദ്ധാരണത്തിലൂടെയും കോൺഗ്രസ്സിൽ അധഃസ്ഥിതരെ ജാതീയവും മതപരവുമായി ഐക്യപ്പെടുത്തുകയായിരുന്നു. ഈ കോൺഗ്രസ്സ് നയത്തിനെതിരേ ജാതിവിരുദ്ധവും മതേതരവുമായ ദേശീയ രാഷ്ട്രീയ പ്രതിരോധത്തെയാണ് ഡോ. അംബേദ്കർ പ്രതിനിധീകരിച്ചത്. തന്മൂലം, കോൺഗ്രസ്സ് കൈയൊഴിച്ച സാമൂഹ്യപരിഷ്കരണത്തെ ജാതിനശീകരണമായും മുസ്‌ലിങ്ങളടക്കമുള്ള മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ന്യൂനപക്ഷ രാഷ്ട്രീയാവകാശങ്ങളാക്കാനും കാർഷിക–തൊഴിലാളി വിഭാഗങ്ങളുമായുള്ള ഐക്യത്തെ നിയമപരിഷ്കാരങ്ങളിലൂടെയും അദ്ദേഹം മുന്നോട്ടുവച്ചു. തന്റെ ദൗത്യത്തെക്കുറിച്ച് 1950–ൽ മുൽക്ക് രാജ് ആനന്ദുമായുള്ള അഭിമുഖസംഭാഷണത്തിൽ അദ്ദേഹം ഇങ്ങനെ വിവരിച്ചു: "നമ്മുടെ ഭരണഘടനയിൽ നാമൊരു മതേതര ജനാധിപത്യ സോഷ്യലിസത്തിനുവേണ്ടിയുള്ള സങ്കല്പനം മുന്നോട്ടു വച്ചിട്ടുണ്ട്. ഓരോരുത്തർക്കും സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിൽ പണിചെയ്യാനുള്ള അവകാശം ഉറപ്പുചെയ്യപ്പെടുകയാണെങ്കിൽ, അവിടെ തുല്യത ഉറപ്പുചെയ്യപ്പെടുകയും ചൂഷണത്തിന് സ്ഥാനമില്ലാതാകുകയും ചെയ്യുന്നു. ഇപ്പോൾ അയിത്തജനതകൾക്കും ഭൂരിപക്ഷക്കാരായ അവർണ്ണഹിന്ദുക്കൾക്കും മുസ്‌ലിങ്ങൾക്കും ഭൂമിയുടെമേലുള്ള ഉടമാവകാശം നിലനില്ക്കുന്നില്ല. ഈ ഭൂരഹിതകർഷകർ ഒന്നുമില്ലാത്തവരാണ്. സ്വന്തം ജീവിതകാലത്തുടനീളം ഗാന്ധിജിയെയും കോൺഗ്രസ്സിനെയും വിട്ടുവീഴ്ചയില്ലാതെയും ആയാസരഹിതനായും എതിർക്കാൻ അദ്ദേഹത്തെ പ്രാപ്‌തനാക്കിയത് ഇന്ത്യയ്ക്കുള്ളിൽ നിലവിൽവരേണ്ട രാഷ്ട്രസങ്കല്പംകൊണ്ടായിരുന്നു. ആ രാഷ്ട്രസങ്കല്പം അദ്ദേഹം വിവരിക്കുന്നതിപ്രകാരമാണ്:
‘സ്വാതന്ത്ര്യവും കീർത്തിയും മഹത്ത്വവും തെളിയിച്ചുകാട്ടിയൊരു കാലഘട്ടം മാത്രമേ ഇന്ത്യാചരിത്രത്തിലുള്ളൂ. മൗര്യസാമ്രാജ്യത്വത്തിന്റെ കാലഘട്ടമാണത്. ചാതുർവർണ്ണ്യത്തെ ഉന്മൂലനാശം വരുത്തിയ ഒരു കാലഘട്ടമായിരുന്നു മൗര്യകാലം. സാമാന്യജനതയായിരുന്ന ശൂദ്രർ സ്വന്തം അവകാശം വീണ്ടെടുത്ത് രാജ്യത്തിന്റെ ഭരണാധികാരികളായിത്തീർന്ന സുവർണ്ണകാലഘട്ടമാണിത്. രാജ്യത്തിന്റെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ നിത്യനാശത്തിലേക്കു വഴിതെളിച്ചുകൊണ്ട് ചാതുർവർണ്ണ്യം തഴച്ചുവളർന്ന കാലഘട്ടമാണ് പരാജയത്തിന്റെയും അന്ധകാരത്തിന്റെയും കാലഘട്ടം.’ 1956–ൽ ആകാശവാണിയിലൂടെ നടത്തിയ ഒരു പ്രക്ഷേപണപ്രസംഗത്തിൽ സ്വന്തം ആദർശമായ ‘സമത്വം, സ്വാതന്ത്ര്യം’ എന്നിവ ബുദ്ധമതത്തിൽനിന്നും സ്വീകരിച്ചതാണെന്നദ്ദേഹം പറഞ്ഞു. മതനവോത്ഥാനങ്ങളുടെ പശ്ചാത്തലമുള്ള ഈ ആദർശങ്ങളെ സാക്ഷാൽക്കരിക്കാനുള്ള സ്വന്തം രാഷ്ട്രീയേച്ഛയെ അദ്ദേഹം വിവരിച്ചു. "പോപ്പിന്റെ മുഖത്ത് നോക്കി വാദിക്കാനും അദ്ദേഹം അപ്രമാദിതനല്ലെന്ന് തുറന്നുപറയാനും ധൈര്യപ്പെടുന്ന വിപ്ലവകാരികളോട് ഈ ലോകം വളരെയധികം കടപ്പെട്ടിരിക്കുന്നു.’ ഈ അവബോധത്തെ രാഷ്ട്രീയവൽക്കരിച്ചുകൊണ്ടദ്ദേഹം എഴുതി: "തങ്ങളെ വിധേയപ്പെടുത്തിയ സാമൂഹ്യതിന്മകളെ ജനങ്ങൾ വച്ചുപൊറുപ്പിച്ചതെന്തുകൊണ്ടാണ്? ലോകത്തുള്ള മറ്റു രാജ്യങ്ങളിൽ സാമൂഹ്യവിപ്ലവങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ഇന്ത്യയിൽ സാമൂഹ്യവിപ്ലവങ്ങൾ ഉണ്ടാകാതെ പോയതെന്നത് എന്നെ നിരന്തരം അസ്വസ്ഥനാക്കിയ ഒരു കാര്യമാണ്.’ ഈ ദാർശനിക രാഷ്ട്രീയ ഔന്നത്യംകൊണ്ടാണദ്ദേഹം ജീവിതത്തിലുടനീളം നിന്ദിതരുടെയും ചവിട്ടിമെതിക്കപ്പെടുന്നവരുടെയും പക്ഷം ചേർന്നതും എല്ലാ വിധത്തിലുള്ള അധിക്ഷേപിക്കലിനും അപമാനിക്കപ്പെടലിനും വിധേയനായത്. 1936–ൽ സ്വന്തം അവസ്ഥയെക്കുറിച്ച് അദ്ദേഹമെഴുതി: ‘പൊതുജീവിതം മുഴുവൻ പാവപ്പെട്ടവരുടെയും മർദ്ദിതരുടെയും സ്വാതന്ത്ര്യത്തിനുവേണ്ടി തുടർച്ചയായി സമരം ചെയ്തതിന് അപവാദവും അധിക്ഷേപവും മാത്രം ലഭിച്ച ഒരാളുടെ വാക്കുകളാണിത്. സ്വേച്ഛാധിപതിയുടെ സ്വർണ്ണംകൊണ്ടും സമ്പന്നന്റെ ധനംകൊണ്ടും പാവപ്പെട്ടവരെയും മർദ്ദിതരെയും ഉദ്ധരിക്കാൻ കഴിയുമെന്ന ദേശീയനേതാക്കളുടെയും ദേശീയപത്രങ്ങളുടെയും വഞ്ചനാപരമായ പ്രസ്‌താവനകളോടും പ്രചരണങ്ങളോടും യോജിക്കാൻ വിസമ്മതിച്ചതുകൊണ്ടാണ് അവരിൽനിന്നും ഈ അപവാദങ്ങളും ആക്ഷേപങ്ങളും എനിക്കു സഹിക്കേണ്ടിവന്നത്.’
ഇപ്രകാരം വ്യത്യസ്തമായൊരു ദാർശനികവീക്ഷണത്തോടും അനുഭവത്തോടുംകൂടി ഇന്ത്യൻ രാഷ്ട്രീയവേദിയിൽ, ഒരു രാഷ്ട്രതന്ത്രജ്ഞനായാണ് അംബേദ്കർ നിലനിന്നത്. 1917-ൽ മൊണ്ടേഗു ചെംസ് ഫോർഡ് ഭരണപരിഷ്കാരകമ്മിറ്റിയുടെ ആഗമനത്തോടെ ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യസമരഘട്ടത്തിൽ ദേശീയ ഗവൺമെന്റിനുവേണ്ടിയുള്ള വാദം ശക്തിപ്പെട്ടു. ബ്രിട്ടീഷുകാരിൽനിന്നും രാഷ്ട്രീയാധികാരം കോൺഗ്രസ്സിലൂടെ ദേശീയവാദികളിലേക്കു കൈമാറ്റം ചെയ്യപ്പെടുകയാണെങ്കിൽ അത് സവർണ്ണമേധാവിത്വത്തിൽ നിക്ഷിപ്‌തമാകുമെന്ന തിരിച്ചറിവാണ് അധഃസ്ഥിതരുടെയും മതഭാഷാന്യൂനപക്ഷങ്ങളുടെയും രാഷ്ട്രീയപ്രക്ഷോഭണത്തിനടിത്തറയായി വർത്തിച്ചത്. ഈ യാഥാർത്ഥ്യം മുസ്‌ലിങ്ങളെപ്പോലെ തിരിച്ചറിഞ്ഞ ഡോ. അംബേദ്കർ 1924 മാർച്ച് 9-ന് അധഃസ്ഥിതവിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ ബോംബെയിലൊരു സമ്മേളനം വിളിച്ചുകൂട്ടി. ജൂലൈ 20-ന് ‘അസോസിയേഷൻ ഫോർ ദി വെൽഫയർ ഓഫ് ദി ഡിപ്രസ്‌ഡ് ക്ലാസസ്’ എന്ന സംഘടന രൂപീകരിച്ചു. അതേവർഷം ബോംബെയിലെ ലജിസ്ലേച്ചർ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1927–ൽ കോൺഗ്രസ്സിന്റെ എതിർപ്പുകളെ ചെറുത്തുതോൽപ്പിച്ചുകൊണ്ട് സൈമൺ കമ്മീഷനെ സ്വാഗതം ചെയ്യുകയും വട്ടമേശസമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തു. 1928–ൽ രൂപീകൃതമായ ഭരണഘടനാ നിർമ്മാണസഭയിൽ അംഗമായ അദ്ദേഹം 1930 നവംബർ 20-ന് ഭരണഘടനാ നിർമ്മാണസഭയിൽ ചെയ്ത പ്രസംഗത്തിൽ പറഞ്ഞു: ‘അധഃസ്ഥിതരുടെ പ്രശ്നം ഒരു സാമൂഹ്യപ്രശ്‌നം മാത്രമാണെന്നും അതിന്റെ പരിഹാരം രാഷ്ട്രീയേതരമാണെന്നും നമ്മുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ പലപ്പോഴായി ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഞങ്ങൾ ഈ വീക്ഷണത്തോട് ശക്തിയായി വിയോജിക്കുന്നു. രാഷ്ട്രീയാധികാരം അധഃസ്ഥിതരുടെ കൈകളിൽ എത്തുന്നതുവരെ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയില്ലെന്ന് ഞങ്ങൾ ഉറപ്പിച്ചുപറയുന്നു. ഇതാണ് യാഥാർത്ഥ്യമെങ്കിൽ–മറിച്ചാണെന്ന് പറയാൻ എനിക്കു തോന്നുന്നില്ല–അധഃസ്ഥിതരുടെ പ്രശ്നം ഗൗരവതരമായൊരു രാഷ്ട്രീയപ്രശ്നമാണ്. അതിനാൽ അത് രാഷ്ട്രീയമായിത്തന്നെയാണ് കൈകാര്യം ചെയ്യേണ്ടത്. 1931–ലെ രണ്ടാം വട്ടമേശ സമ്മേളനത്തിൽ മുസ്‌ലിങ്ങൾക്കൊപ്പം അധഃസ്ഥിതർക്കും പ്രത്യേക നിയോജകമണ്ഡലങ്ങൾക്കുവേണ്ടിയുള്ള വാദം അംബേദ്കർ ഉയർത്തി. 1932-ൽ പ്രത്യേക നിയോജകമണ്ഡലങ്ങൾ ബ്രിട്ടീഷ് പ്രധാനമന്ത്രി മക്‌ഡൊണാൾഡ് കമ്മ്യൂണൽ അവാർഡായി പ്രഖ്യാപിച്ചതോടെ ഹിന്ദുസമുദായത്തെ വെട്ടിമുറിക്കുന്നതിനെതിരേ ഗാന്ധിജി പൂനയിലെ യർവാദാ ജയിലിൽ മരണംവരെ നിരാഹാരസമരം ആരംഭിച്ചു. അംബേദ്കർ പറഞ്ഞു: "മഹാത്മാക്കൾ ധാരാളം പൊടി പറത്തിക്കൊണ്ട് പായുന്ന ഭൂതങ്ങളെപ്പോലെയാണ്. പക്ഷേ, പ്രശ്നം, ആരാണ് താഴ്.വാരത്തെ മുകളിലേക്കുയർത്തുന്നതെന്നാണ്.’ 1932 സെപ്തംബർ 24-ന് ഇന്ത്യാചരിത്രത്തിലും കോൺഗ്രസ്സിന്റെ ചരിത്രത്തിലും ഏറ്റവും വിക്ഷുബ്ധ മുഹൂർത്തങ്ങൾ സൃഷ്‌ടിച്ച ഗാന്ധി–അംബേദ്കർ സമരം കമ്മ്യൂണൽ അവാർഡ് പിൻവലിച്ചുകൊണ്ടുള്ള ‘പൂനകരാറി’ലൂടെ സംവരണമായി സന്ധി ചെയ്യപ്പെടുകയും 1935–ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്‌ടിൽ ഉൾക്കൊള്ളിക്കുകയും ചെയ്തു. ഇപ്രകാരം ദേശീയ ന്യൂനപക്ഷ ജനതകളുടെ രാഷ്ട്രീയാവകാശങ്ങൾക്കുവേണ്ടി പോരാടിയ അദ്ദേഹം 1933-ൽ ‘മനുസ്‌മൃതി’ ചുട്ടെരിച്ചുകൊണ്ട് ഹിന്ദുമതവുമായുള്ള സാമുദായികവേർപെടൽ പ്രഖ്യാപിച്ചു. 1935–ൽ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ ചേർന്ന മഹാസമ്മേളനത്തിൽ വച്ച്, തന്റെ സമരത്തിന്റെയും സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെയും മതനവോത്ഥാനദൗത്യത്തിന്റെയും ഭാഗമായി ബുദ്ധമതത്തിലേക്ക് പരിവർത്തനപ്പെടാനുള്ള തീരുമാനം പ്രഖ്യാപിച്ചു. കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും ഐക്യപ്പെട്ടുകൊണ്ട് നിരവധി കാർഷിക–തൊഴിലാളിസമരങ്ങൾ നയിച്ച അംബേദ്കർ 1937 സെപ്‌തംബർ 7-ന് ‘ഘോട്ടി’ സമ്പ്രദായം അവസാനിപ്പിക്കാനും സെപ്‌തംബർ 17-ന് ‘വാദൻ’ സമ്പ്രദായം അവസാനിപ്പിക്കാനും ബോംബെ ലെജിസ്ലേറ്റീവ് കൗൺസിലിൽ ബില്ലവതരിപ്പിച്ചു. 1938–ൽ ബോംബെ നിയമസഭയിൽ ഇൻഡസ്ട്രിയൽ ഡിസ്‌പ്യൂട്ട് ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി വാദിച്ചു.
ദേശീയ സ്വാതന്ത്ര്യസമരത്തിലെ ഇതര രാഷ്ട്രീയധാരകളെക്കാൾ ശക്തമായൊരു ദേശീയ പ്രതിരോധമാകാൻ എന്തുകൊണ്ടാണ് അംബേദ്കർ പ്രസ്ഥാനത്തിനു കഴിഞ്ഞത്? കാരണങ്ങൾ ആരായുമ്പോൾ മുഖ്യമായും വിലയിരുത്തപ്പെടേണ്ടത് അദ്ദേഹത്തിന്റെ സാമ്പത്തിക വീക്ഷണവും ദേശീയപ്രശ്നങ്ങളോടുള്ള സമീപനവുമായിരുന്നു. ഭൂവുടമസ്ഥതയെ സംബന്ധിച്ചിടത്തോളം ചെറുകിട കൈവശാവകാശങ്ങൾ ഉന്മൂലനം ചെയ്ത് ഭൂമിയെ സർക്കാർ ഉടമസ്ഥതയിലും ഭക്ഷ്യോത്പാദനം ഗവൺമെന്റിന്റെ കൈയിലുമാക്കണമെന്നദ്ദേഹം നിഷ്‌കർഷിച്ചു. ഭൂവുടമസ്ഥതയിലെ ഈ ചെറുകിട ഭൂവുടമസ്ഥതയുടെ നിർമ്മാർജ്ജനത്തെക്കുറിച്ചുള്ള അംബേദ്കറിന്റെ വീക്ഷണമാണ് പ്രസിദ്ധമായ അംബേദ്കർ–കമ്മ്യൂണിസ്റ്റ് ശത്രുതയ്ക്കടിസ്ഥാനം. വ്യാവസായികമേഖലയിലാവട്ടെ, മൂലധനവിനിയോഗം ഗവൺമെന്റിൽ നിക്ഷിപ്തമാക്കി പ്രാദേശിക മൂലധനത്തെ (Provincial Finance) ദുർബലപ്പെടുത്താനും ദേശീയസമ്പത്തായി വിനിയോഗിക്കപ്പെടുന്ന മൂലധനം സാമൂഹ്യവികസനത്തിനുപയുക്തമാകുന്ന വിധം സ്റ്റേറ്റ് നിർവഹിക്കണമെന്നുമുള്ള വാദം അദ്ദേഹം മുന്നോട്ടുവച്ചു. ഈ സാമ്പത്തികവീക്ഷണം മൂലമാണ് ഇന്ത്യയെ ദുർബലപ്പെടുത്തുന്ന ഭാഷാപരവും പ്രദേശപരവുമായ സ്റ്റേറ്റുകളുടെ അയഞ്ഞ ഫെഡറൽ സംവിധാനത്തിന് പകരം ശക്തമായ കേന്ദ്രാധികാരത്താൽ നയിക്കപ്പെടുന്ന സ്റ്റേറ്റുകളുടെ ഫെഡറേഷനുകളുൾപ്പെടുന്ന കേന്ദ്രഭരണ നിർവഹണത്തിനുവേണ്ടി അദ്ദേഹം വാദിച്ചത്. സ്വന്തം ദേശീയവീക്ഷണത്തെക്കുറിച്ച് അദേഹം പറഞ്ഞു: "ഇന്ത്യക്കാർ ഒരു ദേശമല്ലെന്നും അരൂപസ്ഥിതിയിലുള്ള ഒരു ജനസഞ്ചയമാണെന്നും സമ്മതിക്കാൻ സ്വന്തം മിഥ്യാഭിമാനം പല ഇന്ത്യക്കാരെയും അനുവദിക്കുന്നില്ല. ഹിന്ദുക്കളുടെ ഇടയിൽ പ്രത്യക്ഷമായി കാണുന്ന നാനാത്വത്തിൽ അടിസ്ഥാനപരമായ ഒരേകത്വം അന്തർലീനമായിരിക്കുന്നുണ്ടെന്നാണ് ഇക്കൂട്ടർ ശഠിക്കുന്നത്. ഇന്ത്യാവൻകരയിൽ എല്ലായിടത്തും ശീലങ്ങളിലും ആചാരങ്ങളിലും വിശ്വാസങ്ങളിലും ചിന്തകളിലും സാദൃശ്യമുണ്ടെന്നത് ശരിതന്നെ. അതുകൊണ്ടുതന്നെ ഹിന്ദുക്കൾ ഒരു സമുദായമായിത്തീരുന്നുവെന്ന നിഗമനം അംഗീകരിക്കാൻ നിവൃത്തിയില്ല. ഒരു സമുദായനിർമ്മിതിക്കുള്ള മൂലതത്ത്വങ്ങളെ തെറ്റിദ്ധരിക്കുന്നതിന്റെ ഫലമായിട്ടാണ് അവരീ നിഗമനത്തിലെത്തിച്ചേരുന്നത്.’ ഗാന്ധിജിയുടെ രാമരാജ്യത്തിൽ ഏകോപിക്കപ്പെട്ട നെഹ്റുവിന്റെ ‘നാനാത്വത്തിലെ ഏകത്വത്തെ’ നിഷേധിച്ച ഈ ദേശീയതാസങ്കല്പം ജിന്നയുടേതിൽനിന്നും വ്യത്യസ്തമായിരുന്നു, അംബേദ്കർ പറഞ്ഞു: "വിഭിന്നമായ വർഗ്ഗങ്ങൾക്കും സമുദായങ്ങൾക്കും അവരവരുടെ ജനസംഖ്യാനുപാതികമായ രാഷ്ട്രീയാവകാശം ഉറപ്പുചെയ്യപ്പെട്ട കമ്മ്യൂണൽ അവാർഡ് എന്താണ് തെളിയിക്കുന്നത്? ഒരു രാജ്യത്തിന്റെ രാഷ്ട്രീയഭരണഘടന നിർമ്മിക്കേണ്ടത് ആ രാജ്യത്ത് നിലനില്ക്കുന്ന സാമൂഹ്യവ്യവസ്ഥയുടെ യാഥാർത്ഥ്യം കണക്കിലെടുത്തുകൊണ്ടുവേണം എന്നാണ് ഇത് തെളിയിക്കുന്നത്. ഇന്ത്യയിൽ നിലനില്ക്കുന്ന സാമൂഹ്യപ്രശ്നങ്ങൾക്ക് രാഷ്ട്രീയപ്രശ്നങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് വാദിച്ച രാഷ്ട്രീയനേതാക്കൾക്ക് അവസാനം ഭരണഘടന ആസൂത്രണം ചെയ്യേണ്ടിവന്നപ്പോൾ നിലവിലുള്ള സാമൂഹ്യവ്യവസ്ഥ കണക്കിലെടുക്കേണ്ടിവന്നുവെന്ന ഭൗതികസത്യമാണ് ഇത് തെളിയിക്കുന്നത്. സാമൂഹ്യപരിഷ്‌കരണത്തിനെതിരേ കൈക്കൊണ്ട അനാസ്ഥയുടെയും അവഗണനയുടെയും ഫലമായുണ്ടായ പ്രതികാരനീതിയാണ് കമ്മ്യൂണൽ അവാർഡ്.’
അധഃസ്ഥിതരുടെയും മതന്യൂനപക്ഷങ്ങൾ ഉൾപ്പെടുന്ന ദേശീയ ന്യൂനപക്ഷങ്ങളുടെയും രാഷ്ട്രീയാധികാരം അംഗീകരിക്കപ്പെടുന്നത്, രാഷ്ട്രശിഥിലീകരണത്തെ ചെറുക്കാനും മതേതര സാമുദായിക ഐക്യത്തിന്റെ രൂപീകരണത്തിനുമായിരുന്നു. ദേശീയന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയാധികാരലബ്‌ധിയുടെ ലക്ഷ്യങ്ങളെ ഒരഭിമുഖസംഭാഷണത്തിൽ അംബേദ്‌കർ ഇപ്രകാരം വിവരിച്ചു: ‘ഒരിക്കൽ സോഷ്യലിസ്റ്റുകൾക്ക് ഭൂരിപക്ഷം ലഭിക്കും. അന്ന് സാമ്പത്തിക–സാമൂഹ്യ പുനഃസംഘടന അനിവാര്യമാകും. എങ്ങനെയായായാലും ഇന്ന് അയിത്തജാതിക്കാരും ഗോത്രവർഗ്ഗക്കാരും പട്ടികജാതിക്കാരായിട്ടുണ്ട്. അവരുടെ വികാസത്തിനായി സംവരണം, സ്കൂൾ കോളേജ് പ്രവേശനത്തിനുള്ള പരിരക്ഷകൾ നിലനില്ക്കുന്നുണ്ട്.’
ഈ മതേതര ജനാധിപത്യത്തിന്റെ മുന്നുപാധി മതവിമർശനമാണെന്ന് മാർക്സിനെപ്പോലെ അദ്ദേഹം കരുതി. കാൾ മാർക്സ് പറയുകയുണ്ടായി: "മതത്തെ സംബന്ധിച്ച വിമർശനം ചെന്നെത്തുന്നത്, മനുഷ്യൻതന്നെയാണ് മനുഷ്യന്റെ ഏറ്റവും ശേഷ്ഠമായ അന്തസ്സത്ത എന്ന ബോധത്തിലാണ്. അതുകൊണ്ട് മനുഷ്യനെ അധഃപതിപ്പിക്കുകയും അടിമപ്പെടുത്തുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന എല്ലാ ബന്ധങ്ങളെയും തൂത്തെറിയേണ്ടത് അസന്ദിഗ്‌ധമായ ഒരാവശ്യകടമയാണ്.’ ഇന്ത്യയിൽ ഈ മതവിമർശനത്തിന്റെ ഉള്ളടക്കം ശുദ്ധൻ, അശുദ്ധൻ, താണവൻ, ഉയർന്നവൻ എന്നിങ്ങനെയുള്ള മുൻവിധികളെ ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്ന അവസ്ഥയുടെ ഭേദനമാണ്. തന്മൂലം ജാതിനശീകരണസമരത്തിന് മതേതരത്വത്തിനുവേണ്ടിയുള്ളതാകാൻ കഴിയുമെന്നദ്ദേഹം അഭിപ്രായപ്പെട്ടു. ഇതാകട്ടെ ഹിന്ദുമതത്തിനെതിരായ സമരവുമാണ്. ആ മതം നിയമത്തെയോ നിയമപ്രാബല്യമുള്ള വർഗ്ഗ സദാചാരത്തെയോ പ്രതിനിധീകരിക്കുന്നില്ല. അംബേദ്കർ പറഞ്ഞു: "പ്രഥമവും പ്രധാനവുമായി നാം അംഗീകരിക്കേണ്ട ഒരു കാര്യം ഹിന്ദുസമുദായമെന്നത് ഒരു മിത്താണ്. ഹിന്ദുവെന്ന പേരുതന്നെ ഒരു വിദേശീയപ്പേരാണ്. തങ്ങളെ തിരിച്ചറിയുന്നതിനുവേണ്ടി മുഹമ്മദീയർ കൊടുത്ത പേരാണത്. മുഹമ്മദീയരുടെ ആക്രമണത്തിന് മുമ്പുള്ള യാതൊരു സംസ്കൃതഗ്രന്ഥത്തിലും ഹിന്ദു എന്ന പേര് കാണുന്നില്ല. പൊതുവായൊരു പേരിന്റെ ആവശ്യമുണ്ടെന്ന് ഹിന്ദുക്കൾക്ക് തോന്നിയിരുന്നില്ല. കാരണം, ഒറ്റക്കെട്ടായൊരു സമുദായമായി സംഘടിച്ച് നില്ക്കണമെന്ന ബോധം അവർക്കുണ്ടായിരുന്നില്ല. അതിനാൽ ഹിന്ദു സമുദായം ഒരു സമുദായമെന്ന നിലയിൽ ഇവിടെ നിലനില്ക്കുന്നില്ല. അത് ജാതികളുടെ ഒരു സമാഹാരമാണ്.’ ആരോഹണക്രമത്തിൽ കുലീനത്വവും അവരോഹണക്രമത്തിൽ അധഃസ്ഥിതത്വവും അടിച്ചേൽപ്പിക്കുന്ന ജാതീയക്രമത്തിനുള്ളിൽ ജനാധിപത്യത്തിന്റെ മൗലികതത്ത്വമായ ‘സമത്വം’ ‘സാഹോദര്യം,’ ‘സ്വാതന്ത്ര്യം’ എന്നിവ സ്ഥാപിക്കുക സാദ്ധ്യമല്ല. കാരണം. വ്യക്തിയെ സമുദായത്തിന്റെ സംഘടിതമായ പ്രവർത്തനങ്ങളിലെ പങ്കാളിയും സഹപ്രവർത്തകനുമാക്കി മാറ്റാൻ ജാതിവ്യവസ്ഥ തടസ്സമാകുന്നു. തന്മൂലം ജാതിവ്യവസ്ഥയുടെ ഉന്മൂലനം മതവിരുദ്ധസമരമായി മാറുന്നു. ഇതിനായി അംബേദ്കർ പറഞ്ഞു: "ജാതിവ്യവസ്ഥയ്ക്ക് ഒരു പിളർപ്പുണ്ടാക്കാൻ യുഗങ്ങൾതന്നെ വേണ്ടിവന്നേക്കാം. ജാതി ഉന്മൂലനത്തിന് ദീർഘകാലം വേണ്ടിവന്നാലും ഇല്ലെങ്കിലും യുക്തിക്കും സദാചാരത്തിനും യാതൊരു വിലയും കല്പിക്കാത്ത വേദശാസ്ത്രങ്ങളെ പാടെ നശിപ്പിക്കുന്നതിനായി നിങ്ങൾ ഒരു ഡൈനാമിറ്റ് പൊട്ടിക്കേണ്ടിയിരിക്കുന്നു. എങ്കിൽ മാത്രമേ ജാതിവ്യവസ്ഥയിൽ ഒരു പിളർപ്പുണ്ടാക്കാൻ കഴിയുകയുള്ളൂ, ശ്രുതികളുടെയും സ്മൃതികളുടെയും മതത്തെ നിങ്ങൾ തകർത്ത് തരിപ്പണമാക്കണം. മറ്റൊരു മാർഗ്ഗവും പ്രയോജനപ്പെടുകയില്ല. ഈ കാര്യത്തിൽ എന്റെ സുചിന്തിതമായ അഭിപ്രായം ഇതാണ്, "ഈ മതേതര ജനാധിപത്യവൽക്കരണത്തിന്റെ അനിഷേധ്യ ഭാഗമായാണ്; അതിനെ സോഷ്യലിസ്റ്റ് സാമൂഹ്യാവബോധത്തിലേക്കു വികസിപ്പിക്കാനുള്ള രാഷ്ട്രീയേച്ഛയായാണ് അധഃസ്ഥിതരുടെയും ന്യൂനപക്ഷങ്ങളുടെയും രാഷ്ട്രീയാധികാര സ്ഥാപനത്തെ അദ്ദേഹം കണ്ടത്തുന്നത്.’ അംബേദ്കർ പറഞ്ഞു: "നാം സ്വയം സംഘടിതരാകേണ്ടിയിരിക്കുന്നു. എല്ലാ നിഷേധാത്മക പാരമ്പര്യങ്ങൾക്കുമെതിരേ സമരം ചെയ്യണം. ജാതിഹിന്ദുക്കളെക്കാൾ ജനസംഖ്യയിൽ ഭൂരിപക്ഷമാണ് പിന്നണിജാതികൾ. ജാതിഹിന്ദുക്കൾ അയിത്തക്കാരാക്കിയിരിക്കുന്ന മുസ്‌ലിങ്ങളെയും ഗോത്രവർഗ്ഗക്കാരെയും ഈ ഗണത്തിലേക്കു കൂട്ടിച്ചേർക്കുകയാണെങ്കിൽ സോഷ്യലിസ്റ്റുകൾക്ക് സ്വകാര്യസ്വത്തുടമസ്ഥത നിർമ്മാർജ്ജനം ചെയ്യാനാവും. കാർഷിക അടിയാളന്മാരുണ്ടാവുകയില്ല. ഭൂരഹിതകർഷകരുണ്ടാവുകയില്ല.’ വിമോചനത്തിനുവേണ്ടിയുള്ള സമരം തുടരാൻ അധഃസ്ഥിതരോട് ആഹ്വാനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘രാഷ്ട്രീയാവകാശങ്ങളിൽ എല്ലാം സമർപ്പിക്കാനാവില്ല. അവ ഒരിക്കൽ ഇല്ലാതാവും. ബ്രിട്ടീഷ് ഗവൺമെന്റിന്റെ കമ്മ്യൂണൽ അവാർഡ് പ്രകാരം നമുക്കുള്ള രാഷ്ട്രീയപരിരക്ഷകൾ ഇരുപത് വർഷത്തേക്കു മാത്രമാണ്. പൂനാകരാർ പ്രകാരം പരിരക്ഷകൾക്ക് പരിധിയില്ലെങ്കിലും അവ ശാശ്വതമാണെന്ന് ഒരാൾക്കും പറയാനാവില്ല. ഈ പരിരക്ഷകൾ പിൻവലിക്കപ്പെട്ടാൽ എന്തു സംഭവിക്കുമെന്ന്, ഇവ അനുഭവിക്കുന്നവർ ചിന്തിക്കേണ്ടതുണ്ട്. എന്റെ അഭിപ്രായത്തിൽ നാമാശ്രയിക്കേണ്ടത് നമ്മുടെ സംഘടിതശക്തിയിലാണ്.’ ഇതേസമയം തന്നെ ഭരണഘടന മാറ്റാനുമദ്ദേഹം ആഹ്വാനം ചെയ്യുന്നു. "പുതിയ തലമുറ സമരം തുടരണം; അവർക്ക് ഭരണഘടന മാറ്റാനാവും.’ ഇപ്രകാരം, ദേശീയരാഷ്ട്രവൽക്കരണത്തിലും സമുദായത്തിന്റെ ആകമാനമായ ജനാധിപത്യവൽക്കരണത്തിലും മറ്റേതൊരു രാഷ്ട്രീയദർശനത്തെക്കാൾ അംബേദ്കറിന്റെ ചിന്തകൾ പ്രസക്‌തമാവുന്നുണ്ട്. ഫ്രാൻസിന്റെ വിപ്ലവപാരമ്പര്യത്തിൽ ചില ഫ്രഞ്ചു സോഷ്യലിസ്റ്റുകാർക്കുണ്ടായിരുന്ന ഗർവും ജർമ്മൻകാരനായ മാർക്സിൽനിന്നും വിപ്ലവസിദ്ധാന്തം സ്വീകരിക്കാനുള്ള വിമുഖതയും മനസ്സിലാക്കിയ ഏംഗൽസ് ബേൺഷ്ടൈന് ഇപ്രകാരമെഴുതി: ‘ലോകത്തിന് ഫ്രാൻസ് ആശയങ്ങൾ നൽകുകയും ആശയങ്ങളുടെമേൽ കുത്തക പുലർത്തുകയും ചെയ്ത ജനതയ്ക്ക്, ലോകത്തിന്റെ വഴികാട്ടിയായ പാരീസിന്, ഇപ്പോഴിതാ ജർമ്മൻകാരനായ മാർക‌്സിൽനിന്നും മുൻകൂട്ടി ആവിഷ്‌കരിക്കപ്പെട്ട ആശയങ്ങൾ സ്വീകരിക്കേണ്ടിവരുന്നുവെന്ന് ഓർക്കുമ്പോൾ ഫ്രഞ്ചുസോഷ്യലിസ്റ്റുകാരിൽ ഭൂരിഭാഗവും ഞെട്ടുന്നു. എന്നിരിക്കിലും വസ്തുതകളുടെ യഥാർത്ഥസ്ഥിതി അങ്ങനെതന്നെയാണ്. മാത്രമല്ല, പ്രതിഭാശക്തികൊണ്ടും മിക്കവാറും അമിതമായ ശാസ്ത്രീയ സത്യസന്ധതയാലും അവിശ്വസനീയമായ പാണ്ഡിത്യത്താലും മാർക്‌സ് നമ്മളെക്കാളെല്ലാം ഉൽക്കൃഷ്ടനാണെന്നതിനാൽ അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളെ വിമർശിക്കാൻ തുനിയുന്നവർ തോറ്റു പിൻവാങ്ങേണ്ടിവരും. പ്രതിഭ, വളരെ അപൂർവ്വമായ ഒരു സിദ്ധിയാണ്. ആ സിദ്ധിയാൽ അനുഗൃഹീതരല്ലാത്ത നമുക്ക് അത് അപ്രാപ്യമാണെന്ന് മുൻകൂട്ടിത്തന്നെ അറിയാം. എന്നാൽ പ്രതിഭയിൽ അസൂയ കൊള്ളാൻ നിസ്സാരന്മാരിൽ നിസ്സാരനു മാത്രമേ കഴിയൂ.’ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നമ്മുടെ സാമൂഹ്യരാഷ്ട്രീയ നേതൃത്വങ്ങൾ അംബേദ്കറിനെ കണ്ടെത്തുന്നതിൽ നിസ്സാരന്മാരായതാണ് ഇന്ത്യയുടെ ദുരന്തത്ത സുദീർഘമാക്കിയത്.
1992–ൽ പ്രസിദ്ധീകരിച്ച അംബേദ്കർ–ജീവിതവും ദൗത്യവും എന്ന ലേഖനസമാഹാരത്തിനെഴുതിയ ആമുഖപഠനം
(ഡിസി ബുക്സ് പ്രസിദ്ധീകരിച്ച കെ.കെ കൊച്ചിന്റെ തിരഞ്ഞെടുത്ത ലേഖനങ്ങൾ എന്ന പുസ്തകത്തിൽ നിന്നും)
