പൈവ
ഇനിയങ്ങോട്ട് കുത്തനെയുള്ള മൺപാതയാണ്. കാഴ്ചയിൽ മാത്രമാണ് അതങ്ങനെയെന്ന് പൈവയ്ക്കറിയാം. ജലമൊഴുകിയുണ്ടായ വഴിയാണ്. നിറയെ ഗർത്തങ്ങളാണ്. അവിടേക്ക് പോലീസ് ജീപ്പ് കയറുമ്പോൾ, എന്തോ മഹാകാര്യം ചെയ്യാൻപോകുന്ന പോലെ ഡ്രൈവർ സജ്ജനായി, ഒന്നു പിന്നിലേക്ക് ഞെളിഞ്ഞിരുന്നു. ചിരപരിചിതമായ വഴിയായതുകൊണ്ടുതന്നെ പൈവയ്ക്ക് ഭാവമാറ്റമൊന്നുമുണ്ടായില്ല. പൈവയ്ക്ക് മാത്രമല്ല ഒപ്പമുണ്ടായിരുന്ന ഹെഡ്കോൺസ്റ്റബിൾ ടൈറ്റസിനും.
പൈവയ്ക്ക് ഇപ്പോൾ 70 വയസ്സായി. അവർക്ക് ഓർമ്മവച്ച കാലം മുതൽക്കേ ഈ വഴി ഇങ്ങനെയാണ്. സമതലമാർന്ന തന്റെ ഗ്രാമം. അവിടെനിന്നും ഓടിയെത്താൻദൂരത്തിൽ ഈ കുന്നിൻചുവട്. കുന്നിനാകട്ടെ ആകാശത്തോളം പൊക്കവും. എന്നെങ്കിലുമൊരിക്കൽ ഇതു കയറാൻ കഴിയുമെന്ന് കുട്ടിക്കാലത്ത് വിചാരിച്ചിരുന്നില്ല. പക്ഷേ, ഇപ്പോൾ കുന്നുകയറ്റം പൈവയ്ക്ക് ചെയ്തു പഴകിയ ഒരു ശീലമായി. ഈയടുത്ത വർഷങ്ങളിൽ എത്രതവണയാണ് പോലീസ് ജീപ്പിൽ കുന്നുകയറിയത്!
ഈ കുന്നിന്റെ മറുവശം എവിടെയാണെന്ന് ഇന്നുമാർക്കും അറിയില്ല. കുന്നിന്റെ മുകളിലേക്ക് കയറിപ്പോയി മടങ്ങിവരാത്തവരെല്ലാം എങ്ങോട്ടേക്കാണ് പോകുന്നത്? പോകുന്നവരെ കണ്ടെത്താൻ കഴിയാതെവരുമ്പോൾ എപ്പോഴും സംശയമുന ഗ്രാമത്തിലുള്ളവർക്കുനേരെ മാത്രം നീളുന്നത് എന്താണ്? അതോർത്തപ്പോൾ മാത്രം പൈവയ്ക്ക് അമർഷം തോന്നി.
