2025 ഒക്ടോബർ 5, ഉച്ചതിരിഞ്ഞ് 3.10-ന് ബംഗളൂരുവിലെ ഹെബ്ബാൾ വൈദ്യുതശ്മാശനത്തില്‍ റ്റി.ജെ.എസ്. ജോർജ് എരിഞ്ഞടങ്ങി. ആശുപത്രി മോർച്ചറിയിൽനിന്നും ഒന്നരയോടെ ചിര ശാന്തി ധാം വൈദ്യുതശ്മശാനത്തിന്റെ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് പൊതുദർശനത്തിനായി കിടത്തിയപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും പത്രപ്രവർത്തകരുമായ നൂറുകണക്കിന് ആളുകൾ അവസാനമായി കാണാനും അന്തിമോപചാരം അർപ്പിക്കാനും അവിടെ എത്തിച്ചേർന്നിരുന്നു. രാജ്യത്തിന്റെ പത്മഭൂഷൺ ബഹുമതി നേടിയ മഹാനായ ആ മാധ്യമ കുലപതിക്ക് ആദരമർപ്പിക്കാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എത്തി. പിന്നാലെ മാധ്യമസ്ഥാപനങ്ങളും വ്യക്തികളും തങ്ങളുടെ ആദരമർപ്പിച്ചു.
മലയാളം വാരികയാണ് മലയാള പത്രപ്രവർത്തന ജീവിതത്തില്‍ അദ്ദേഹത്തെ കൂട്ടിക്കെട്ടിയ പ്രധാനപ്പെട്ട പ്രസിദ്ധീകരണം. വാരികയുടെ തുടക്കം മുതല്‍ മരണംവരെ വാരികയുടെ ഭാഗമായിരുന്നു. കലാകൗമുദിയിൽനിന്നും രാജിവെച്ച് വിശ്രമജീവിതം നയിക്കുകയായിരുന്ന എസ്. ജയചന്ദ്രൻ നായരെ പ്രഥമ എഡിറ്ററാക്കി മലയാള പത്രപ്രവർത്തനലോകത്ത് അത്ഭുതം കാണിക്കാൻ നിലമൊരുക്കിയത് എം.പി. നാരായണപിള്ളയും റ്റി.ജെ.എസ്. ജോർജും ചേർന്നാണ്. അന്ന് അവർ തമ്മില്‍ നടത്തിയ കത്തിടപാടുകളില്‍ ഒന്നിങ്ങനെ. എം.പി. നാരായണപിള്ള റ്റി.ജെ.എസ്സിന് എഴുതിയ കത്താണിത്.
ശ്രീ ടി.ജെ.എസ്. ജോർജ്
ബാംഗളൂർ
05.03.96
സ്‌ത്രൈണമായ പേരുകൾ വാരികയ്ക്ക് പൈങ്കിളിഭാവം കൊടുക്കും. പാടില്ല. ശരാശരി വായനക്കാരന്റെ ആദ്യത്തെ സംശയം–നടക്കുമോ മുടങ്ങുമോ എന്നതാണ്. ആ ക്രെഡിബിലിറ്റി പേരില്‍ ഉണ്ടാക്കിയാല്‍ ഒരു കടമ്പ കടന്നു. Options വായിക്കുക.
1. ഇന്ത്യൻ എക്‌സ്പ്രസ്
മലയാളം വാരിക
2. സ്റ്റെർലിങ്
മലയാളം വാരിക
ഇതു രണ്ടും മലയാളനാടും കിട്ടിയില്ലെങ്കില്‍ പ്രയോഗിക്കാം
ജയചന്ദ്രൻ നായർ:–
ഫസ്റ്റ്ക്ലാസ് എഡിറ്റർ. പക്ഷേ, കുതന്ത്രം അറിയില്ല. അയാളെ പത്രാധിപരായി വയ്ക്കുമ്പോൾ ഭരണപരമായ കുതന്ത്രമാവശ്യമുള്ള കാര്യങ്ങൾ ഏല്പിക്കരുത്. മധ്യതിരുവിതാംകൂർ നസ്രാണിയായ നിങ്ങൾ മലബാറുകാരുടെ ഭാഷയില്‍ ജാത്യാ കള്ളനാണല്ലോ. നിങ്ങൾ ഏല്‍ക്കണം.
അതില്‍ത്തന്നെ hiring & firing policy.
കേരളത്തിന്റെ ശാപം ‘ശുപാർശയാണ്.’ വീഴരുത്. നമ്മളൊക്കെ വയസ്സന്മാരായതുകൊണ്ട് പത്രാധിപർ കഴിഞ്ഞാല്‍ താഴെ 22 വയസ്സിലധികമാകാത്ത കുട്ടികളുടെ ടീം ആണാവശ്യം. പന്ത്രണ്ടു മണിക്കൂർ ജോലി ചെയ്യുന്ന Asian Age പോലുള്ള team. ‘Trainee’ എന്ന നിലയില്‍ എത്രവേണമെങ്കിലും കേരളത്തില്‍ കിട്ടും–എഴുതാനറിയാവുന്നവർ. നമ്മുടെയൊക്കെ വാർദ്ധക്യത്തിന്റെ പോരായ്മ അവരുടെ യൗവനം തീർത്തോളും.
യുദ്ധം:–
ഏതെങ്കിലുമൊരു വിഷയത്തില്‍ ഭാഗം പിടിച്ച് യുദ്ധം ചെയ്യുന്ന പത്രം ‘സ്വന്തം’ എന്നു പറഞ്ഞ് വാങ്ങുന്ന ശീലം മലയാളികൾക്കുണ്ട്. യുദ്ധം നിരന്തരം–പഴയ നൂറ്റാണ്ടുയുദ്ധംപോലെ–ആകുമ്പോൾ മുടങ്ങാതെ വാങ്ങുന്ന ശീലം വന്നോളും. ശരിയും തെറ്റും സത്യം പറഞ്ഞാല്‍ അപ്രസക്തമാണ്. (ഇടതുയുദ്ധമാണ് വേണ്ടത്–നേരത്തേ പറഞ്ഞപോലെ).
തോന്നുന്നതപ്പോൾ എഴുതിവിടുന്നു. ശേഷം പിന്നാലെ.
സ്വന്തം
നാണപ്പൻ
