ഇടിയും മഴയുമുള്ള അന്ന്, രാത്രി 12നു ശേഷം...

World of Letters

ഇടിയും മഴയുമുള്ള അന്ന്, രാത്രി 12നു ശേഷം...


‘രാത്രി 12നു ശേഷം’ എന്റെ നാലാമത്തെ നോവലാണ്. മറ്റു മൂന്നു നോവലുകളും കഥയിലും പരിചരണത്തിലും മൂന്നു തരത്തിലുള്ളതായിരുന്നു. ഇത് നാലാമതൊരു തരത്തിലുള്ള നോവലാണ്. നാലു വർഷത്തോളമായി ഞാൻ ഈ നോവലിൽ ചുറ്റിത്തി​രിയുകയാണ്. കാരണം, നാലു വർഷങ്ങൾക്കു മുമ്പേ ഈ കഥ ഞാൻ എഴുതിക്കഴിഞ്ഞിരുന്നു. സോഷ്യൽ മീഡിയ അക്കൗണ്ടു​കളിലൂടെ അന്നുതന്നെ നോവൽ അനൗൺസ് ചെയ്തതുമാണ്. അക്കാലത്താണ് നോവലുമായി സാദൃശ്യം അവകാശപ്പെടാവുന്ന ഒരു വെബ് സീരീസ് റിലീസായത്. അതെനിക്ക് വലിയ ആഘാതമാണ് നൽകിയത്. പിന്നെ ഓർത്തു, എനിക്ക് ഈ വിഷയം എഴുതാൻ വിധിയില്ലായിരിക്കുമെന്ന്. അങ്ങനെ വളരെ​യധികം വിഷമത്തോടെ നോവൽ ഞാൻ ഉപേക്ഷിച്ചു.

പിന്നീട് പുതിയ ഒരു നോവൽ എഴുതാൻ ശ്രമിച്ചെങ്കിലും ഇതിലെ കഥാപാത്രങ്ങളും സംഭവങ്ങളും മനസ്സിൽനിന്ന് പോയില്ല. രാത്രികാലങ്ങളിൽ ഉറക്കംപോലും നഷ്ടപ്പെട്ടു. മാനസികാരോഗ്യത്തെ കാര്യങ്ങൾ ബാധിക്കുന്നു എന്ന് കണ്ടപ്പോൾ ഉപേക്ഷിച്ച കഥ ഞാൻ വീണ്ടും പൊടിതട്ടിയെടുത്തു. ക്ഷമയോടെ കുറേ സമയമെടുത്ത് പൂർണ്ണമായും കഥ മാറ്റിയെഴുതി. അപ്പോ​ഴതാ ഇതേ വിഷയത്തിൽ മറ്റൊരു സിനിമ വന്നിരിക്കുന്നു. എന്റെ അതേ ക്ലൈമാക്സ്. വീണ്ടും നിരാശ. കഥ ഉപേക്ഷിക്കാൻ ഞാൻ ഒരുക്കമായിരുന്നില്ല. നോവൽ വീണ്ടും വീണ്ടും മാറ്റിയെഴുതി.

ഇനി ഈ പുസ്തകത്തെക്കുറിച്ച് പറയാം. പ്ലസ്ടു കഴിഞ്ഞശേഷം തല്‍ക്കാലം പഠനം തുടരണ്ട എന്നൊരു തീരുമാനം എടുക്കേണ്ടിവന്നു. പഠനം അല്ലെങ്കില്‍ ജോലി എന്ന സാധാരണ കീഴ്വഴക്കമാണ് ഞങ്ങളുടെ ഗ്രാമത്തില്‍. അങ്ങനെ​യാണ് ആലപ്പുഴ പാതിരപ്പള്ളിയില്‍നിന്നും എറണാകുളം കളമ​ശ്ശേരിയിലെ ഒരു കേക്ക് ഫാക്ടറിയിലേക്ക് ഞാന്‍ ജോലിക്ക് പോകുന്നത്. അന്നവിടെ ആരോടും സംസാരിക്കാത്ത ഒരു ചേട്ടന്‍ ഉണ്ടായിരുന്നു. ഒഴിവുസമയത്ത് റസ്റ്റ്‌ റൂമിലെ തമാശകള്‍ കേള്‍ക്കുന്നതല്ലാതെ ആരോടും ഒന്നും സംസാരിക്കില്ല. ജോലിക്കു ചെന്ന ആദ്യദിവസങ്ങളില്‍ ഞാന്‍ കരുതിയത് അദ്ദേഹത്തിന് സംസാരശേഷി ഉണ്ടായിരിക്കില്ല എന്നായിരുന്നു. പക്ഷേ, തുടര്‍ന്നു​ള്ളൊരു ദിവസം പ്ലാന്റിൽനിന്നും ചൂടുള്ള കേക്കുകഷണം ഞാന്‍ എടുത്തുകഴിച്ചു. അന്ന് അറിയില്ല ചൂട് കേക്ക് അതേപടി കഴി​ക്കാന്‍ പാടില്ലെന്ന്. അതോടെ വയറുകേടായ എനിക്ക് കുറച്ചേറെ ദിവസങ്ങള്‍ ജോലിക്കു പോവാനാവാതെ മുറിയിലിരിക്കേണ്ടിവന്നു. അന്നാണ് സമീപത്തെ ഒറ്റമുറിവീട്ടില്‍ തനിച്ച് താമസിച്ചിരുന്ന ആ ചേട്ടന്‍ എന്നെ കാണാന്‍ വന്നത്. കുറച്ചുനേരം ക്ഷേമാ​ന്വേഷണം നടത്തി, പോയി. ആരോടും അധികം സംസാരിക്കാത്ത, ലീവ് എടുക്കാത്ത, കൃത്യമായ ചിട്ടയോടെ കാര്യങ്ങള്‍ ചെയ്യുന്ന ആ ഒരു കഥാപാത്രത്തെ അന്നേ ഞാന്‍ എടുത്തുവച്ചതാണ്. പിന്നീട് വയനാട്ടിൽ ഒരിക്കൽ യാത്ര പോയപ്പോൾ കേട്ട ഒരു സംഭവകഥയും കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയിലെ അതേ കേക്ക് ഫാക്ടറി​യുടെ മറ്റൊരു ശാഖയില്‍ ജോലിചെയ്തപ്പോള്‍ കിട്ടിയ കുറേ കഥകളും കൂട്ടിച്ചേര്‍ത്ത് വികസിപ്പിച്ചതാണ് ഇങ്ങനെയൊരു സാങ്കല്പിക കഥ.


Related Articles