ഒരൊറ്റ ദിവസത്തിൽ കുടുങ്ങിപ്പോയ ഒരു സ്ത്രീയുടെ അന്വേഷണം

World of Letters

ഒരൊറ്റ ദിവസത്തിൽ കുടുങ്ങിപ്പോയ ഒരു സ്ത്രീയുടെ അന്വേഷണം


നോവൽ ഇങ്ങനെയായിരിക്കണമെന്ന കാഴ്ചപ്പാടോടെ നാം ഒരുപുസ്തകം വായിക്കുമ്പോൾ കൃതിയെ ഒരുമുൻവിധിയുടെ ചട്ടക്കൂട്ടിലേക്കു ചുരുക്കുകയാണു ചെയ്യുന്നത്. നോവലിനുമാത്രമല്ല എല്ലാ കലാസൃഷ്ടികൾക്കും ഇതു ബാധകമാണെങ്കിലും രൂപപരവും ഭാവപരവുമായ പരിമിതികളെ ലംഘിക്കാനുള്ള ജനികതശേഷി ഏറ്റവും കൂടുതൽ നോവലിലാണ്.

ഇത്തരത്തിൽ, നിങ്ങളുടെ ലക്ഷണയുക്തികളെ അപ്രസക്തമാക്കുന്ന നോവലാണ്‌ ഡാനിഷ് എഴുത്തുകാരി സോൾവയ്‌ ബാലിന്റെ 'ഓൺ ദി കാൽക്കുലേഷൻ ഓഫ് വോള്യം'. സെപ്റ്റോളജിയായ ഇതിന്റെ ആദ്യ പുസ്തകമാണ് ബുക്കർ ഇന്റർനാഷനൽ പ്രൈസ്‌ പട്ടികയിലുള്ളത്. ഇംഗ്ലിഷ് പരിഭാഷ രണ്ടാം ഭാഗവും വന്നിട്ടുണ്ട്‌. മൂന്നാം ഭാഗം ഈ വർഷം പ്രസിദ്ധീകരിക്കും. ഡാനിഷ്‌ ഭാഷയിൽ ഇതിനകം അഞ്ച് പുസ്തകം വന്നു. ആറാമത്തേത്‌ എഴുതിക്കൊണ്ടിരിക്കുന്നു.

ഒരൊറ്റ ദിവസത്തിൽ കുടുങ്ങിപ്പോയ ഒരു സ്ത്രീയുടെ അന്വേഷണത്തിന്റെ കഥയാണ് ഓൺ ദി കാൽക്കുലേഷൻ ഓഫ് വോള്യം എന്ന് വേണമെങ്കിൽ ഒറ്റവാക്യത്തിൽ പറയാം. ആവർത്തിച്ചുകൊണ്ടിരിക്കുന്ന ആ ഒറ്റദിവസത്തിന്റെ തടവുകാരിയാണ് താരാ സെൽട്ടർ. ഉത്തര ഫ്രാൻസിലെ ക്ലയറോൻ സൂ ബുവാ എന്ന ചെറുപട്ടണത്തിൽ അവരും ഭർത്താവ് തോമസും ചേർന്ന് അപൂർവ പുസ്തകങ്ങളുടെ വിൽപന നടത്തുകയായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ ചിത്രകഥാപുസ്തകങ്ങളുടെ ലേലത്തിൽ പങ്കെടുക്കാൻ നവംബർ 17ന് ബോർദ്ദോ നഗരത്തിലേക്ക്‌ താര യാത്ര ചെയ്യുന്നു. അവിടെനിന്നു പാരിസിലേക്കുപോകുന്നു. അവിടെ അവരുടെ ചിരകാല സുഹൃത്ത്‌ ഒരു rarebook store നടത്തുന്നുണ്ട്‌. പിറ്റേന്ന് പാരിസ്‌ ഹോട്ടൽമുറിയിൽ ഉണരുമ്പോൾ ഈ വിചിത്രാവസ്ഥ–തലേദിവസം തന്നെ ആവർത്തിക്കുന്നത്– അവർ അറിയുന്നു. ഒന്നാം പുസ്തകം ആരംഭിക്കുമ്പോൾ, അവരെ നാം ആവർത്തിച്ചുകൊണ്ടിരിക്കുന്ന നവംബർ 17ന്റെ 121–ാം ദിവസത്തിലാണു കാണുന്നത്...


Related Articles