പ്രിയദർശിനി രവിശങ്കർ. പ്രിയദർശിനി എന്നായിരുന്നു പേര്. വിവാഹം കഴിഞ്ഞത് മുതൽ പേര് മാറുകയായിരുന്നു. മാറ്റുകയായിരുന്നെന്ന് പറയുകയാണ് കൂടുതൽ ശരി. മറ്റൊരു പേര് സ്വന്തം പേരുമായി കൂട്ടിച്ചേർക്കപ്പെട്ടു. സ്വന്തമായി ഒരു പേര് പോലും ഇല്ലാത്ത അവസ്ഥ. സത്യത്തിൽ ഒട്ടും ഇഷ്ടമുണ്ടായിട്ടല്ല ഈ പേരുമാറ്റം. ചിലർക്ക് ഈ മാറ്റം മധുരകരമായി അനുഭവപ്പെടാം. മറ്റു ചിലർക്ക് കയ്പ്പും. മൊത്തത്തിൽ ഒരു മാറ്റം ഉണ്ടായിക്കൊണ്ടിരിക്കുന്നു. അഥവാ, മാറ്റങ്ങൾക്ക് കീഴ്പ്പെടാൻ ആരോ മനസ്സിനെ അടിച്ചും പരത്തിയും രൂപപ്പെടുത്തിയെടുത്തുകൊണ്ടിരിക്കുന്നു. എന്നിലെ പഴയ ഞാൻ അവസാനിക്കാൻ ഇനിയും ബാക്കിയുണ്ട്. പുതിയ എന്നിലേക്ക് ഇനിയുമെനിക്ക് എത്തിച്ചേരാൻ ആയിട്ടുമില്ലായിരുന്നു. പക്ഷേ, ഞാനതിന് ശ്രമിച്ചിരുന്നു. എന്നാൽ ഒരാഴ്ച മുൻപ് കവിളിൽ പതിഞ്ഞ അയാളുടെ കൈ എന്നെ പഴയ എന്നിലേക്കുതന്നെ എത്തിച്ചിരിക്കുന്നു. സത്യത്തിൽ ഇതായിരുന്നു ഞാൻ. കാലങ്ങളോളം മണ്ണിനടിയിൽ ദ്രവിക്കാതെ കിടക്കുന്ന കുപ്പിവളപ്പൊട്ടുപോലുള്ള ഞാൻ. ചാരത്തിനടിയിൽ ഇനിയും കെട്ടടങ്ങാത്ത കനൽപോലെയുള്ള ഞാൻ. മഞ്ഞിനടിയിൽപെട്ട് മരവിച്ച് നിറം മങ്ങിയിട്ടും ജീർണിക്കാത്ത പുൽനാമ്പുപോലെയുള്ള ഞാൻ. അയാളുടെ വിരൽപ്പാടുകൾ ഇപ്പോഴും എന്റെ മുഖത്ത് കിടപ്പുണ്ട്. അതിന് നിറം മങ്ങിയതുകൊണ്ട് മാത്രമാണിന്ന് പുരസ്‌കാരം ഏറ്റുവാങ്ങാൻ ഞാൻ പുറത്തിറങ്ങിയത്. മുഖത്തെ അടയാളങ്ങൾ മങ്ങിയെങ്കിലും ഇപ്പോഴുമത് മനസ്സിൽ ആഴത്തിൽത്തന്നെ കിടപ്പുണ്ട്. ജീവിതത്തിനിടയ്ക്കുവെച്ച് ഒരു വിവാഹബന്ധത്തിലൂടെ നമ്മൾ പുതിയതായി ഇഷ്ടപ്പെടുന്ന, അഥവാ ഇഷ്ടപ്പെടാൻ ശ്രമിക്കുന്നവന്റെ കയ്യിൽനിന്നുംതന്നെ അടി ഏറ്റുവാങ്ങുമ്പോൾ അതിന്റെ വേദന ഇരട്ടിയിൽ കൂടുതലായിരിക്കും. തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ അടി. ജീവിതത്തിൽ ആദ്യമായിട്ടും അവസാനമായിട്ടും ഒരുവനിൽനിന്ന് ഏറ്റുവാങ്ങിയ അടി. അവസാനമായിട്ട് എന്ന് പറയാൻ കഴിയില്ല. ജീവിതം മുന്നിൽ നീണ്ട് നിവർന്നു കിടക്കുകയാണ്. അതെങ്ങനെ ജീവിച്ചുതീർക്കണമെന്ന് ഇപ്പോഴും കൃത്യമായി അറിയില്ല.
ജില്ലയിലെ യുവ എഴുത്തുകാരിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങുമ്പോൾ എന്റെ മുഖത്ത് നോക്കിയിരുന്ന ക്യാമറക്കണ്ണുകളെ എനിക്ക് ഭയമായിരുന്നു. ഒരു മനുഷ്യന്റെ വിരലടയാളങ്ങളാണ് എന്റെ മുഖത്ത് കിടക്കുന്നത് എന്നവർ മനസ്സിലാക്കിയാൽ... അവർ പലതും ചോദിക്കും. നുണ പറയാൻ ഞാൻ കഷ്ടപ്പെടേണ്ടിവരും. ഭർത്താവിനെ മറ്റുള്ളവരുടെ മുന്നിൽ സംരക്ഷിക്കാൻ എനിക്ക് വേഷം കെട്ടേണ്ടിവരുമെന്നാണ് ഞാൻ ഉദ്ദേശിച്ചതെങ്കിൽ നിങ്ങൾക്ക് തെറ്റിപ്പോയി. സത്യം പറയാൻ എനിക്ക് മടിയില്ലായിരുന്നു. എന്നാൽ തിരികെ കിട്ടുന്നത് സഹതാപമാകുമോ? സഹതാപത്തെക്കാൾ വലിയ ശിക്ഷ സ്ത്രീക്ക് വേറെയെന്താണുള്ളത്? ചിലപ്പോൾ ഒരു അബലയായ സ്ത്രീയുടെ പ്രശ്നം സമൂഹം ഏറ്റെടുക്കും. ഞാൻ അബലയാണെന്ന് ഇതുവരെ എനിക്ക് തോന്നിയിട്ടില്ല. ഏറെ ക്ഷമിച്ചതുകൊണ്ടുള്ള ഗതികേടാണ് എനിക്ക് വന്നിട്ടുള്ളത്. അതിനർത്ഥം ഞാൻ അബലയാണെന്നല്ല. ഇനി അറിയാതെ അങ്ങനെയായിട്ടുണ്ടെങ്കിൽ അത് തിരുത്തേണ്ട സമയം വന്നിരി ക്കുന്നു. അതുകൊണ്ട് എന്റെ മുന്നിലുള്ള പ്രശ്നം ഞാൻതന്നെ പരിഹരിക്കാൻ തീരുമാനിക്കുകയാണ്. തീർപ്പുണ്ടാകണം എല്ലാറ്റിനും. അതിന് മുൻപ് അയാൾക്ക് എന്തെങ്കിലും പറയാനോ പ്രവ ർത്തിക്കാനോ ഉണ്ടോ എന്നറിയണം. പറയാനുണ്ടെങ്കിൽ കേൾക്കണം. പ്രവർത്തിക്കാനുണ്ടെങ്കിൽ തടയണം. ഒരിക്കൽ തല്ലിയവന് രണ്ടാമത് കൈവെക്കാൻ ഒട്ടും മടിയുണ്ടാവില്ല.
