കഥ എവിടെനിന്ന് തുടങ്ങണം, എങ്ങനെ തുടങ്ങണം എന്ന് അറിയില്ല. അഗ്രഹാരസമാനമായ ഈ എട്ടു വീടുകളിൽനിന്ന് തുടങ്ങണോ അതോ പഠിച്ച വിദ്യാലയത്തിന്റെ ഇടനാഴിയിൽ നിന്നോ? അറിയില്ല. എങ്കിലും എഴുതണം. എഴുതിയേ പറ്റൂ. മനസ്സിനെ ഒരുപാട് വർഷങ്ങൾക്ക് പിറകിലേക്ക് തെളിക്കണം. ഇനിയുള്ള ഓരോ ദിവസങ്ങളും ഓരോ വർഷങ്ങളായി കരുതണം. അങ്ങനെ ആയിരക്കണക്കിന് വർഷങ്ങൾ എനിക്ക് ജീവിക്കണം. ഇതുവരെയുള്ള ജീവിതം ജീവിതമേ അല്ലായിരുന്നു. ഞാൻ എഴുതി തുടങ്ങുന്നു.
കറുകനെല്ലൂർ ഗ്രാമത്തെക്കുറിച്ചും അവിടെയുള്ള നാട്ടുജീവി തവും ഞാൻ എഴുതി. കാവും പാടവും വിദ്യാലയവും പിന്നെ ഈ എട്ടു വീടുകളും. എല്ലാം എഴുതി. അതിലേക്ക് ആദിയും ശ്രീക്കുട്ടിയും കടന്നുവന്നു.
“പ്രിയക്കുട്ടീ...”
അവന്റെ ശബ്ദം എന്റെ കാതുകളിൽ വീണ്ടും വന്നലച്ചു. പെൺ കുട്ടികൾ മാത്രമുണ്ടായിരുന്ന ഞങ്ങളുടെ എട്ടു വീട്ടിലേക്ക് കണ്ണുപൊത്തി കളിക്കാൻ വന്ന ഏക ആൺതരി. കൂടെ അവന്റെ അനുജത്തി ശ്രീക്കുട്ടിയും. ഞാൻ അവന്റെ കണ്ണുപൊത്തുമ്പോഴെല്ലാം അവൻ എന്നെ തിരിച്ചറിയും. “പ്രിയക്കുട്ടിയല്ലേ...”
ഞാൻ അത്ഭുതപ്പെടും. എന്റെ കൈവിരലുകൾ അവൻ എത്രവേഗമാണ് മനസ്സിലാക്കുന്നത്! ഒരിക്കൽ അവൻ പറഞ്ഞു.
“പ്രിയക്കുട്ടിയുടെ കൈകൾ നല്ല തണുപ്പാണ്. പിന്നെ പ്രിയക്കുട്ടീടെ അച്ഛൻ ഗുജറാത്തിൽനിന്ന് കൊണ്ടുവന്ന സ്പ്രേയുടെ മണോം എനിക്ക് പെട്ടെന്നറിയാം.''
ഞാൻ എന്റെ വിദ്യാലയത്തെക്കുറിച്ചെഴുതി. വിദ്യാലയത്തിന്റെ ഇടനാഴിയോട് ചേർന്ന് നിൽക്കുന്ന മൂവാണ്ടൻമാവ്. അതിൽ നിന്ന് പൊഴിയുന്ന കണ്ണിമാങ്ങകൾ. ഓടുമേഞ്ഞ വിദ്യാലയത്തിന്റെ മേൽക്കൂരയിൽനിന്ന് പാത്തിയിലൂടെ ഒഴുകിവരുന്ന മഴവെള്ളം. താഴെ ഒഴുകിയിരുന്ന കടലാസുവഞ്ചികൾ. എന്നാൽ ഒരു വിവരണംകൊണ്ട് മാത്രം ഒരു കഥ ജനിക്കുന്നില്ല. കഥയ്ക്ക് ജീവൻ വെക്കുന്നത് അതിലേക്ക് കഥാപാത്രങ്ങൾ രംഗപ്രവേശം ചെയ്യുമ്പോഴാണ്. ഞാനും ആദിയും ശ്രീക്കുട്ടിയുംകൂടി നേരം വൈകി സ്കൂളിൽ വന്ന ദിവസം ഞാൻ ഓർത്തു. നേരം വൈകി വരുന്ന കുട്ടികളെ ഒരു ദാക്ഷിണ്യവുമില്ലാതെ ഹെഡ്മാഷ് പ്രദിമാഷ് ചൂരൽകൊണ്ട് കൈയിൽ തലങ്ങും വിലങ്ങും തല്ലിയിരുന്നു. അടികൊണ്ട വിദ്യാർത്ഥികൾ കരഞ്ഞുകൊണ്ടായിരിക്കും ക്ലാസ്മുറിയിലേക്ക് പോകുക. ഹെഡ്മാഷ് തല്ലിയെന്ന് മനസ്സിലാക്കിയ അധ്യാപകർ അന്ന് അവരോട് എന്തിനാണ് കരയുന്നത് എന്നുപോലും ചോദിക്കാറില്ല. ഇന്ന് അടിവാങ്ങാൻ പോകുന്നത് ഞങ്ങളാണ്. ഞാനും ആദിയും ശ്രീക്കുട്ടിയും സ്കൂൾ എത്താറായപ്പോൾ ദേശഭക്തിഗാനം കേട്ടു. ആദ്യമായി ദേശഭക്തിഗാനം കേട്ട് എന്റെ നെഞ്ച് പടപടാ മിടിക്കാൻ തുടങ്ങി. കാലുകൾ വിറച്ചു. തിരികെ വീട്ടിലേക്ക് പോയാൽ വീട്ടുകാരിൽനിന്ന് നല്ല തല്ലുകിട്ടും. പ്രത്യേകിച്ച് ആദിക്കും ശ്രീക്കുട്ടിക്കും. അവരുടെ അമ്മ ഈവക കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്ത സ്ത്രീയാണ്.
ആദി എന്റെയും ശ്രീക്കുട്ടിയുടെയും കൈപിടിച്ചുകൊണ്ട് സ്കൂളിന്റെ പിറകുവശത്തേക്ക് കൊണ്ടുപോയി. സ്കൂളിന്റെ ചുറ്റുമതിലിന്റെ ചെറിയൊരു ഭാഗം പിറകുവശത്ത് പൊളിഞ്ഞുകിടപ്പുണ്ട്. അതിലൂടെ മൂത്രപ്പുര വഴി ഞങ്ങൾ സ്കൂളിൽ കടന്നു. ക്ലാസ്മുറികളുടെ പിറകിലൂടെ പതുങ്ങി മൂന്നുപേരും നടന്നു. അന്നാദ്യമായി സ്കൂളിൽ നേരം വൈകിവരുന്ന കുട്ടികളുടെ കരച്ചിൽ മറ്റുള്ള കുട്ടികൾ കണ്ടില്ല, കേട്ടില്ല. എന്നാൽ ഞങ്ങളുടെ മുഖത്ത് വല്ലാത്ത പരിഭ്രമം ഉണ്ടായിരുന്നു. പിടിക്കപ്പെട്ടാൽ ശിക്ഷ അതി കഠിനമായിരിക്കും. വീട്ടുകാർ ആരും അന്ന് അധ്യാപകരെ ചോദ്യം ചെയ്യാൻ സ്കൂളിൽ വരില്ല. വരണമെങ്കിൽ അധ്യാപകർ അവരെ വിളിപ്പിക്കേണ്ടിവരും. ഞാനും ആദിയും ക്ലാസിലേക്ക് കയറി.
