നാഗരുകാവിലെ കൽവിളക്കുകൾ ഇരുളിലും കൺചിമ്മിനിന്നു, നാഗലോകത്തുനിന്ന് പൊഴിയുന്ന സർപ്പഗന്ധികൾ നാഗരാജന്റെ കഥകൾ പറയുന്നത് കേൾക്കാനെന്നപോലെ. കഥകൾക്ക് ഒക്കെയും ചെമ്പകവാസനയാണ്, അമ്പാട്ടുകാവിലും ചെമ്പകം പൂത്തുനില്പുണ്ട്; നല്ല സ്വർണ്ണനിറത്തിൽ. കാവ് നന്നേ ചെറുതാണ്. കാവിന്റെ ചാലുകീറി നടന്നാലക്കരെ വല്യേടത്തുകാവിലെത്താം. അവിടുത്തെ പ്രതിഷ്ഠ നാഗരാജൻ വാസുകിയാണ്. അതേ ചൈതന്യംതന്നെയാണ് അമ്പാട്ടും.
വല്യേടത്തുകാവ്, അതൊരു നിഗൂഢതകൾ നിറഞ്ഞ വനമാണ്. പുനർനിർമ്മാണത്തിനുള്ള ശ്രമങ്ങൾ നടത്തിവരുമ്പോൾ ദേവപ്രശ്നത്തിൽ ദേവന്റെ ഹിതം മറ്റൊന്നായിരിക്കും, അതുകൊണ്ട് തന്നെ പൊട്ടിപ്പൊളിഞ്ഞ പടിക്കെട്ടും കാടുപിടിച്ച സാലഭഞ്ജികകളും കാവിന്റെ ഇരുളിൽ ഭയപ്പെടുത്തുന്ന കിംപുരുഷരൂപവും വർഷങ്ങൾ പഴക്കമുള്ള ക്ഷേത്രവും കാവും വല്യേടത്തുവീടും ഇന്നും നിഗൂഢതകൾ നിറഞ്ഞ കഥകളും പേറിനിൽക്കുന്നു. ആ കഥകളിൽ കൂടുതലും നിറഞ്ഞുനിന്നത് ബാലയാണ്. അവർ ദുർമരണപ്പെടുകയായിരുന്നു, അതും നിറവയറോടെയിരിക്കുമ്പോൾ... വല്യേടത്തുള്ളവരെ സർപ്പം തീണ്ടാറില്ല. പക്ഷേ, ബാലയുടെ മരണം വിഷം തീണ്ടിയായിരുന്നു. അവരെക്കുറിച്ച് പല കഥകളും ആ നാട്ടിൽ പറഞ്ഞുവരുന്നുണ്ട്–അതിലൊന്നാണ് ബാലയും നാഗരാജനുമായുള്ള പ്രണയകഥ.
കാവുംഭാഗത്തെ വിഷചികിത്സയ്ക്കു പേരുകേട്ടിടമായിരുന്നു വല്യേടത്തുവീട്. അവിടുത്തെ അവസാനത്തെ അമ്മയായിരുന്നു ബാല. അവരുടെ മരണത്തോടെ വല്യേടത്തിടം അന്യാധീനപ്പെടുകയും കാവും ക്ഷേത്രവും മറ്റു വകകളും ട്രസ്റ്റിന്റെ കീഴിലാവുകയും ചെയ്തു. ഒരിക്കൽ ആളും ബഹളവുമായിരുന്നവിടം ഇന്നിപ്പോ ഒഴിഞ്ഞുകിടക്കുന്നു.
