പോലീസ് സർവീസിൽനിന്ന് വിരമിക്കുമ്പോൾ പത്രപ്രവർത്തകർ എന്നോട് ചോദിച്ചു: “താങ്കൾ സംതൃപ്തനാണോ?” കീഴ്വഴക്കം അനുസരിച്ച്, ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സേനയായ കേരള പോലീസിൽ പ്രവർത്തിച്ച് ഡി.ജി.പി. റാങ്കിൽ വിരമിക്കാൻ കഴിഞ്ഞതിലുള്ള സംതൃപ്തി രേഖപ്പെടുത്തുകയാണ് ‘ശരി' ഉത്തരം. വ്യക്തിപരമായ ഭൗതികനേട്ടങ്ങളാണ് സംതൃപ്തിയുടെ മാനദണ്ഡമെങ്കിൽ ആനന്ദിക്കാൻ വകയുണ്ട്. ഇന്ത്യയിൽ ഒന്നാമത് എന്ന വായ്ത്താരിക്കപ്പുറം സ്വതന്ത്ര ജനാധിപത്യ സമൂഹത്തിൽ പ്രവർത്തിച്ച പോലീസുദ്യോഗസ്ഥൻ എന്ന നിലയിൽ, അനുഭവങ്ങളുടെ വെളിച്ചത്തിൽ നോക്കുമ്പോൾ ഈ ഗ്രന്ഥത്തിൽ പരാമർശിച്ചിട്ടുള്ള മനുഷ്യരുടെ അവരർഹിക്കാത്ത വേദന അവഗണിക്കുക വയ്യ. നിശ്ചയമായും പോലീസിന് അഭിമാനകരമായ നേട്ടങ്ങളുണ്ട്, സംശയമില്ല. പക്ഷേ, എന്റെ ഉത്കണ്ഠ നീതി നിഷേധിക്കപ്പെടുന്ന മനുഷ്യനാണ്. അതുകൊണ്ടാണ് ഈ ഗ്രന്ഥം.
ജനാധിപത്യഭരണക്രമം എന്നത് നിയമവാഴ്ചയാണെന്നും നിയമം നിയമത്തിന്റെ വഴി പോകുമെന്നുമുള്ള തത്ത്വങ്ങൾക്ക് വിരുദ്ധമാണ് ഈ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുള്ള സംഭവങ്ങൾ. രാഷ്ട്രീയ–സാമ്പത്തിക–ഉദ്യോഗസ്ഥ സ്വാധീനമുള്ള സ്ത്രീപീഡകന്റെ മുന്നിൽ നിയമം നിശ്ചലമാകുന്നു; ദുർബലനായ മനുഷ്യൻ നിരപരാധിത്വം തെളിയിക്കാനാകാതെ നിയമക്കുരുക്കിൽ പെട്ട് പിടയുന്നു; നിയമം പ്രതിയുടെ വഴിയേ സഞ്ചരിക്കുമ്പോൾ നീതി നിഷേധിക്കപ്പെടുന്ന മനുഷ്യൻ നിസ്സഹായനായി നിൽക്കുന്നു; മുഖം നോക്കാതെ പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ അധികാരശക്തികളുടെ പ്രതികാരനടപടികൾക്കിരയാകുന്നു. ഇങ്ങനെയുള്ള ഒട്ടേറെ അനുഭവങ്ങൾ അവഗണിക്കുക വയ്യ. അപ്രിയ യാഥാർഥ്യങ്ങൾ മറന്നുകൊണ്ട് കേരള പോലീസ് എന്നു കേട്ട ഉടൻ തിളയ്ക്കുന്ന ചോര എന്റെ ഞരമ്പുകളിലോടുന്നില്ല.
ആധുനിക ജനാധിപത്യ സമൂഹത്തിൽ പോലീസ് ഒഴിവാക്കേണ്ടുന്ന ദുഷ്പ്രവണതകൾ എന്തുകൊണ്ട് കേരളത്തിൽ ഇന്നും നിലനിൽക്കുന്നു? പരമ്പരാഗതമായ ഉത്തരം ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ ഹാങ് ഓവർ, പരിശീലനത്തിന്റെ ന്യൂനതകൾ ഇങ്ങനെ പോകുന്നു. പ്രിയപ്പെട്ട വായനക്കാരാ, ഈ പുസ്തകത്തിൽ പങ്കുവെക്കുന്ന ഏതെങ്കിലും അനുഭവങ്ങൾ ഈ പരമ്പരാഗത യുക്തികൊണ്ട് വിശദീകരിക്കാനാകുമോ എന്ന് സ്വയം വിലയിരുത്തുക. സ്വതന്ത്ര ഭാരതത്തിലെ പോലീസ് സംവിധാനത്തിന്റെ ശക്തിദൗർബല്യങ്ങളെക്കുറിച്ച് നടന്നിട്ടുള്ള ഏറ്റവും സമഗ്രവും ആഴത്തിലുള്ളതുമായ പഠനം അടിയന്തരാവസ്ഥയ്ക്കുശേഷം 1977–ൽ നിയമിച്ച നാഷണൽ പോലീസ് കമ്മീഷന്റേതാണ്. കമ്മീഷന്റെ നിരീക്ഷണത്തിൽ സ്വാതന്ത്ര്യത്തെ തുടർന്ന്, സ്വാതന്ത്ര്യസമരത്തിന്റെ അനുഭവസമ്പത്തുമായി ജനാധിപത്യഭരണത്തിൽ അധികാരത്തിന്റെ ഉയരങ്ങളിൽ എത്തിയ ആദ്യകാല രാഷ്ട്രീയനേതാക്കളുടെ മൂല്യബോധം ഉദാത്തമായിരുന്നു. രാഷ്ട്രീയനേതൃത്വത്തിന്റെ സേവനമനോഭാവവും സത്യസന്ധതയും ഒരു പരിധിവരെ ഉദ്യോഗസ്ഥസമൂഹത്തിനെ നിയന്ത്രിക്കുന്നതിനും ശരിയായ ദിശയിൽ സഞ്ചരിക്കുന്നതിനുമുള്ള പ്രേരകശക്തിയായി പ്രവർത്തിച്ചു. കാലക്രമേണ രാഷ്ട്രീയത്തിന്റെ സ്വഭാവം മാറി, രാഷ്ട്രീയം മറ്റൊരു career (തൊഴിൽ) ആയി അധപ്പതിച്ചപ്പോൾ, രാഷ്ട്രീയത്തിലെയും താത്പര്യങ്ങൾ ഐക്യപ്പെട്ട് പ്രവർത്തിക്കാൻ തുടങ്ങി എന്നാണ് ഉദ്യോഗസ്ഥതലത്തിലെയും സ്ഥാപിത നാഷണൽ പോലീസ് കമ്മീഷൻ നിരീക്ഷിക്കുന്നത്. അധികാരത്തിന്റെ ആസക്തി ബാധിച്ച രാഷ്ട്രീയനേതാക്കളും പോലീസ് ഉദ്യോഗസ്ഥരും സ്വാർത്ഥലക്ഷ്യങ്ങൾക്കുവേണ്ടി ഒത്തുചേരുമ്പോൾ, നിയമം സങ്കുചിത താത്പര്യസംരക്ഷണത്തിനുള്ള ഉപകരണമായി മാറും. ആ അവസ്ഥയിൽ, നിയമവാഴ്ചയിൽ പണാധിപത്യത്തിന്റെ സ്വാധീനം വർദ്ധിക്കുന്നത് സ്വാഭാവികം മാത്രം.
സ്വാതന്ത്ര്യം നേടി ജനാധിപത്യഭരണക്രമത്തിൽ 30 വർഷത്തെ അനുഭവങ്ങൾ വിലയിരുത്തി നാഷണൽ പോലീസ് കമ്മിഷൻ എത്തിച്ചേർന്ന മുകളിൽ പരാമർശിച്ച നിഗമനത്തിന്റെ പ്രവചനസ്വഭാവം വെളിപ്പെടുത്തുന്നതാണ് ഇന്നത്തെ ഇന്ത്യയുടെയും കേരളത്തിന്റെയും പോലീസിന്റെ അവസ്ഥ. ദുരവസ്ഥയ്ക്കെതിരായ നിലപാടുകൾ കാലക്രമേണ വേഗത്തിൽ ദുർബലമായി വരുന്നതായാണ് കേരളത്തിൽ ഞാൻ കണ്ടത്. പോലീസ് സർവ്വീസിനുള്ളിൽ, നേതൃത്വപരമായ പങ്ക് വഹിക്കേണ്ടുന്ന ഐ.പി.എസ്. ഉദ്യോഗസ്ഥർക്ക് സമൂഹം പ്രതീക്ഷിക്കുന്നതുപോലെ മൂല്യാധിഷ്ഠിത നിലപാടുകൾ സ്വീകരിക്കാൻ കഴിയുന്നുണ്ടോ?
ഏതാണ്ട് 75 വർഷത്തെ ജനാധിപത്യ ഭരണാനുഭവമേ നമുക്കുള്ളൂ. പൗരാവകാശങ്ങളെക്കുറിച്ചുള്ള അവബോധം, വിദ്യാഭ്യാസനിലവാരം, സജീവമായ മാദ്ധ്യമപ്രവർത്തനം, വിദ്യാർത്ഥികൾ മുതൽ മുതിർന്ന പൗരന്മാർവരെ ഉള്ളവരുടെ സംഘടനകൾ, മനുഷ്യാവകാശ പ്രവർത്തനം എന്നീ മേഖലകളിലെല്ലാംതന്നെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെക്കാളും കേരളം ഏറെ മുന്നിലാണ്. ഈ അനുകൂല സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി കേരളത്തിലെ പോലീസിന് ഇനിയും ഏറെ മുന്നോട്ടു പോകാൻ കഴിയും. നമ്മെക്കാൾ ദീർഘമായ ജനാധിപത്യ ഭരണാനുഭവമുള്ള ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ രാഷ്ട്രീയþസാമ്പത്തിക ശക്തികൾക്ക് കീഴ്പ്പെടാതെ പ്രൊഫഷണലിസത്തിന്റെ പാതയിൽ മുന്നേറുവാൻ പോലീസിന് കഴിയുന്നുണ്ട്. ഈ പുസ്തകത്തിൽ വിവരിച്ചതുപോലുള്ള പ്രവണതകൾ വലിയൊരളവിൽ ഇല്ലാതാക്കാനും അവിടങ്ങളിൽ കഴിഞ്ഞിട്ടുമുണ്ട്. ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് എന്ന അലസചിന്ത വെടിഞ്ഞ്, അപ്രിയസത്യങ്ങളും അഭിമുഖീകരിച്ച് പോലീസ് പരിഷ്കരണശ്രമങ്ങൾ കേരളത്തിൽ ശക്തമാക്കണം. ജനാധിപത്യഭരണത്തിന്റെ മെച്ചപ്പെട്ട മാതൃകകളിൽനിന്ന് കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും മറ്റും പുതിയ പാഠങ്ങൾ ഉൾക്കൊള്ളാൻ കഴിയണം.
നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ പറയുന്നതുപോലെ ഓരോ പൗരനും നീതി ഉറപ്പാക്കുന്ന, മനുഷ്യന്റെ അന്തസ്സിനെ മാനിക്കുന്ന പോലീസ് സംവിധാനം കേരളീയ സമൂഹം അർഹിക്കുന്നുണ്ട്. അത് നേടുന്നതിന്, നമ്മുടെ ന്യൂനതകൾകൂടി മനസ്സിലാക്കി അവ പരിഹരിക്കുന്നതിന് ശക്തമായ സാമൂഹികസമ്മർദ്ദവും വളർത്തിയെടുക്കേണ്ടതുണ്ട്. ആ ദിശയിലേക്കുള്ള എളിയ ശ്രമം കൂടിയാണ് ഈ ഗ്രന്ഥം. അതിന് ഡി സി ബുക്സ് എന്ന മഹത്തായ സ്ഥാപനം നൽകുന്ന വലിയ പിന്തുണയ്ക്ക് മുന്നിൽ ഞാൻ നമിക്കുന്നു.
Summary: Introduction to A Hemchandran IPS's book, Adhikarathinte Vazhi, Aneethiyudeyum
