അധഃസ്ഥിതജനത അതിജീവിക്കേണ്ട വെല്ലുവിളികൾ

World of Letters

അധഃസ്ഥിതജനത അതിജീവിക്കേണ്ട വെല്ലുവിളികൾ


കേരളത്തിലെ അധഃസ്ഥിതജനത അവരുടെ ഭൂതകാലത്തിലേക്കാണ് തിരിഞ്ഞുനോക്കേണ്ടത്. വർത്തമാനകാലത്തിന്റെ ഉത്തരവാദിത്വങ്ങളേറ്റെടുക്കാൻ, സ്വന്തം ജീവിതാവസ്ഥയെ തിരിച്ചറിയുന്നതോടൊപ്പം വിമർശനപരമായ ഒരു കണ്ടെത്തൽകൂടി അനിവാര്യമാണ്. ഈ യാഥാര്‍ത്ഥ്യ​ത്തിലൂടെ കർമ്മബദ്ധരായി ചരിത്രത്തിൽ ജീവിക്കാനും ചരിത്രം സൃഷ്ടിക്കാനും അവർക്കു കഴിയണം. മുൻകാലങ്ങളിൽ ഇരമ്പിക്കടന്ന സാമൂഹ്യ​പരിഷ്‌കരണപ്രസ്ഥാനങ്ങൾ, അവകാശസമരങ്ങളുടെ വേലിയേറ്റങ്ങൾ, നിരന്തരമായ പ്രക്ഷോഭണങ്ങളിലൂടെ അധഃസ്ഥിതജനത കൈവരിച്ച നേട്ടങ്ങൾ വിലയിരുത്തുമ്പോൾ ഭാവിസമരങ്ങൾക്കു ശരിയായൊരു ദിശാബോധവും നേതൃത്വവും ലഭിക്കുന്നു. ഇതൊരു അനിവാര്യതയായി മാറുന്നതെന്തുകൊണ്ടാണ്? അധഃസ്ഥിതജനതയുടെ പ്രക്ഷോഭണങ്ങൾ സമൂഹത്തിന്റെ വിപ്ലവകരമായ സാമൂഹ്യ–ധാർമ്മിക സമസ്യകളെ അതി​ലംഘിക്കാത്തവിധം പ്രായോഗികമായിരിക്കേണ്ടതും അതിന്റെ നേതൃത്വവും പ്രചോദനവുമായി മാറേണ്ടതുമാണ്. ഇക്കാര്യത്തിൽ അധഃസ്ഥിത​ജനതയ്ക്ക് സ്വീകരിക്കാവുന്ന ഏകമാനദണ്ഡം തങ്ങളുടെ ഉയിർത്തെഴുന്നേൽപ്പും ഉയർച്ചയും സമൂഹത്തിന്റെ പൊതുവായ വികസോന്മുഖത​യാക്കുകയാണ്. അതായത് അവരുടെ വികാസത്തിനും വിമോചന​ത്തിനും​വേണ്ടിയുള്ള പോരാട്ടങ്ങൾ വിഭാഗീയാവബോധത്തിനുപരി ഒരു പീഡിത കാർഷിക–കൈത്തൊഴിൽ വിഭാഗത്തിന്റെ സാമൂഹ്യമുന്നേറ്റസ്വഭാവം കൈവരിക്കുകയാണ്. എങ്കിൽ മാത്രമേ സമൂഹത്തിലെ ജനാധി​പത്യവിശ്വാസികൾ, ദേശീയവാദികൾ, മനുഷ്യസ്നേഹികൾ എന്നിവരുടെ പിന്തുണ ആർജ്ജിക്കുകയുള്ളൂ.

അധഃസ്ഥിത മുന്നേറ്റത്തിന്റെ പ്രാരംഭം

കേരളത്തിലെ അധഃസ്ഥിതജനതയുടെ ഉണർവ്വിന്റെ പ്രാരംഭഘട്ടമായി ക്രിസ്ത്യൻ മിഷണറിപ്രവർത്തനങ്ങളെയാണ് വിലയിരുത്താറുള്ളത്. ചരിത്രപരമായി പരിശോധിക്കുമ്പോൾ കേരളത്തിന്റെ പൊതുവായ നവോത്ഥാനത്തിന് ക്രിസ്ത്യൻ മിഷണറിമാരുടെ സംഭാവനകൾ വിലപ്പെട്ടതാണ്. എന്നാൽ, അധഃസ്ഥിതരെ സംബന്ധിച്ചിടത്തോളം അതു നിർണ്ണായകമല്ല. ഇതിന്റെ മുഖ്യമായ കാരണം കേരളത്തിന്റെ ജാത്യാചാരഘടനയെ തകർക്കുവാൻ മിഷണറിപ്രവർത്തനങ്ങൾക്കു കഴിഞ്ഞില്ലെന്നു മാത്രമല്ല, സമുദായത്തിലെ ജാത്യാചാരഘടന ക്രിസ്തീയസഭയ്ക്കുള്ളിൽ നിലനിൽക്കുകകൂടിയായിരുന്നുവെന്നാണ്.


Related Articles