ആഴിയും ആകാശവും: ആമുഖം

World of Letters

ആഴിയും ആകാശവും: ആമുഖം


കഥയെക്കാൾ മുൻപ് കഥാപാത്രം തലമണ്ടയിൽ കയറിക്കൂടുകയും പിന്നീട് അയാൾ എന്നെ കൊണ്ടുപോയി വിട്ട തീരങ്ങളിലിരുന്ന് ഞാൻ എഴുതി പൂർത്തിയാക്കുകയും ചെയ്ത പുസ്തകമാണിത്. രണ്ട് വർഷമായി എന്നോട് സംവദിക്കുവാൻ ഇയാൾ നിരന്തരം ശ്രമിക്കുന്നുണ്ടായിരുന്നുവെങ്കിലും ഞാനതിന് ശ്രദ്ധയെറിഞ്ഞിരുന്നില്ല. ആദ്യപുസ്തകമായ "വെള്ളപൂക്കൾ' എഴുതി പൂർത്തിയാക്കി വെറുതേ ഇരിക്കുന്ന കാലഘട്ടത്തിലാണ് അതിലെ മുഖ്യ കഥാപാത്രത്തോട് അങ്ങിങ്ങായി സാമ്യമുണ്ടെന്ന വിചിത്രവാദവുമായി ഇയാൾ വീണ്ടും വലിഞ്ഞുകയറി വരുന്നത്. അപ്പോഴും കാര്യമാക്കിയില്ലെങ്കിലും അപ്രതീക്ഷിതമായി സംഭവിച്ച ഒരു ആലപ്പാട് യാത്രയിൽ എനിക്ക് അയാളെ കേട്ടിരിക്കേണ്ടതായിത്തന്നെ വന്നു. മഴ പെയ്യാൻ മുട്ടിനിൽക്കുന്ന ഒരു വൈകുന്നേരത്തിൽ മടിച്ചിയിലിരുന്ന് ഞാൻ അയാളുടെ കഥയ്ക്ക് ചെവികൊടുത്തു. പിന്നെ പേനയെടുത്ത് ആ ജീവിതം കടലാസിലേക്ക് പകർത്തിയിട്ടു.

മരണംപോലെ പെട്ടെന്നവസാനിച്ചു പോകുന്ന വായനയാണിത്. ഒരിത്തിരി ജീവിതത്തിന്റെ പാകപ്പിഴകളും പ്രായശ്ചിത്തങ്ങളും പ്രണയപ്പാടുകളും ഇതിൽ സമന്വയിച്ചിരിക്കുന്നു. ആകാശ് എന്ന കഥാപാത്രത്തിൽനിന്നും അയാളിലേക്ക് കയറി വരുന്ന മൂന്ന് സ്ത്രീകളിലേക്കും അക്ഷരങ്ങൾ വ്യാപിക്കുന്നു. അയാളുടെ ആകാശങ്ങളിൽ ഉദിച്ച മൂന്ന് നക്ഷത്രങ്ങളായി അവരെ സങ്കല്പിച്ചിരിക്കുകയാണ്.

ആകാശിന്റെതന്നെ ചിന്തകളുമായി അയാൾ നിരന്തരം കലഹിക്കുന്നതും മറ്റൊരാളോടെന്നപോലെ സ്വയം ചോദ്യം ചെയ്യലുകൾ നടത്തുന്നതും സംസാരിക്കുന്നതും നിങ്ങളിൽ പോലും ചിലപ്പോൾ ഒരു സംശയം സൃഷ്ടിക്കുവാൻ സാധ്യതയുണ്ട്. രണ്ടും രണ്ടല്ല, ഒന്നുതന്നെയാണെന്ന ബോധ്യത്തിൽ വായിക്കണമെന്ന് ഇപ്പോൾതന്നെ മുന്നറിയിപ്പു നൽകട്ടെ.


Related Articles