ആയുസ്സിന്റെ പുസ്തകത്തിൽ എഴുതിയത്

World of Letters

ആയുസ്സിന്റെ പുസ്തകത്തിൽ എഴുതിയത്


മലയാള നോവലിൽ ആധുനികാനന്തര ഭാവുകത്വത്തിന് തുടക്കം കുറിച്ച കൃതിയാണ് "ആയുസ്സിന്റെ പുസ്തകം'. 1982-ൽ എഴുതി, 1983-ൽ ആഴ്ചതോറുമുള്ള വായനകൾക്കൊടുവിൽ, 1984-ൽ പുസ്തകരൂപത്തിൽ "ആയുസ്സിന്റെ പുസ്തകം' മലയാളിക്ക് ലഭിച്ചു. നോവൽ എന്ന സാഹിത്യസംവർഗത്തെക്കുറിച്ചുള്ള ഉന്നതബോധവും പുതിയ ലാവണ്യദർശനവും മനുഷ്യജീവിതത്തിന്റെ വിശിഷ്യ വ്യക്തിമനസ്സിന്റെ സങ്കീർണ്ണതകളെക്കുറിച്ചുള്ള തിരിച്ചറിവുകളും ഈ നോവൽ വായനക്കാർക്കു പകർന്നിട്ടുണ്ട്. ഉത്തരകേരളത്തിലെ ഒരു കുടിയേറ്റഗ്രാമമാണ് കഥാപരിസരമെങ്കിലും ഈ നോവൽ കുടിയേറ്റത്തെക്കുറിച്ചുള്ള രചനയല്ല. വായിക്കുന്നവർക്കെല്ലാം അവരവരുടേതായ ഭൂമിശാസ്ത്രവും ഭാവനാഭൂപടവും രൂപപ്പെടുത്താവുന്നൊരു ദേശസംസ്‌കൃതിയാണ്. ലോകത്തിൽ എല്ലായി​ടത്തുമുള്ള മനുഷ്യരും അനുഭവങ്ങളുമെന്നൊരു വലിയ ഭൂമികതന്നെ നോവലിനുണ്ട്.

മനുഷ്യന്റെ അദമ്യമായ കാമനകളും അടക്കിവെക്കാനാവാത്ത മോഹങ്ങളും ഇച്ഛകൾ പൂർത്തീകരിക്കാനാവാത്ത വ്യാകുലചിന്ത​കളും ഉൾച്ചേർന്ന അപരിമേയലോകം. വ്യസനങ്ങളും വേർപാടുകളും അതിനുമപ്പുറം ഏകാകിയായ പച്ചമനുഷ്യന്റെ നിലവിളിയു​മുയർന്നുകൊണ്ടിരിക്കുന്ന (‘അയ്യോ ഭൂമിയേ, എന്റെ രക്തം മൂട​രുതേ, എന്റെ നിലവിളി എങ്ങും തടഞ്ഞുപോകരുതേ...’) ദാർശനി​കമാനമുള്ള ഒരു നോവൽ. നഗ്നമായ ജീവിതത്തിനുനേരെ ക്യാമറ കൺതുറന്നവിധമുള്ള നൂറ്റിപ്പതിനഞ്ചു ഖണ്ഡങ്ങളായാണ് നോവ​ലിന്റെ ഘടന. നാല്പത്തിരണ്ട് വർഷം പിന്നിട്ടിട്ടും നവയൗവന ദീപ്തി​യോടെ വായന തുടരുന്ന "ആയുസ്സിന്റെ പുസ്തകം', വിധിക്ക് പുസ്തകമില്ലെങ്കിലും പുസ്തകത്തിന് വിധിയുണ്ടെന്ന് നിരന്തരം ഓർമ്മിപ്പിക്കുന്നു.

ഈ നോവൽ വായിച്ചവരെല്ലാം പ്രമേയം, ഭാഷ, ഭാവന, ആഖ്യാനം എന്നിവയിലെ പുതുമയും ദൃശ്യാത്മകലാവണ്യവും ചൂണ്ടി​ക്കാണിച്ചിട്ടുണ്ട്. നോവലിനെക്കുറിച്ച് അച്ചടിച്ചുവന്ന ആദ്യവിശകലനം ആഷാമേനോന്റെയായിരുന്നു. നാല്പതാം വാർഷികവേളയിൽ ഇ.വി. രാമകൃഷ്ണന്റെ പഠനവും വന്നു. ഇതിനിടയിൽ പത്ത്, ഇരുപത്, ഇരുപത്തഞ്ച്, മുപ്പത്–വാർഷികപ്പതിപ്പുകളിൽ പ്രസിദ്ധീകരിച്ചുവന്ന പഠനങ്ങളും പ്രശസ്ത കഥാകൃത്തുക്കളു​ടെയും മാധ്യമപ്രവർത്തകരുടെയും വായനാനുഭവങ്ങളും ഉൾപ്പെടെയുള്ള രചനകളിൽനിന്ന് തെരഞ്ഞെടുത്താണ് ‘ആയുസ്സിന്റെ പുസ്തകത്തിൽ എഴുതിയത്’ സമാഹരിച്ചിട്ടുള്ളത്.


Related Articles