എന്റെ ഓർമ്മകളിൽ ഞാൻ വായിച്ചതും കേട്ടതുമായ ഐതിഹ്യങ്ങളെ, യാത്രയിൽ ഞാൻ അനുഭവിച്ചറിഞ്ഞ ചില യാഥാർത്ഥ്യങ്ങളിൽ കൊരുത്ത്, അതിനു മുകളിൽ ഭാവനാലോകത്ത് സൃഷ്ടിച്ചതാണ് ‘ഉടൽച്ചിരാത്’ എന്ന ഈ നോവൽ. ഈ നോവലിന്റെ കഥാപരിസരം വാരാണസിയാണ്. മരണത്തിനും ജീവിതത്തിനുമിടയിലെ നേർത്തൊരു രേഖയിൽ സ്ഥിതി ചെയ്യുന്ന പുണ്യപുരാതന നഗരി. ലോകമവസാനിച്ചാലും നശിക്കാതെ ബാക്കിയാകുമെന്ന് വിശ്വസിക്കപ്പെടുന്ന ഒരേയൊരിടം. ആ ഇടത്തിന് കാലം അടയാളപ്പെടുത്തിയ പേരുകൾ പലതായിരുന്നു.
കാശി–ബനാറസ്–വാരാണസി. പേര് ഏതായാലും, ഈ നഗരത്തിന് പറയാനുള്ളത് ഒരേയൊരു കഥ മാത്രമാണ്, അന്ത്യമില്ലാത്ത തുടർച്ചയുടെ കഥ. മനുഷ്യനെന്ന അഹന്തയ്ക്ക് ഒരു പുൽക്കൊടിയുടെ വിലപോലുമില്ലെന്ന് ഓരോ നിമിഷവും ബോധ്യപ്പെടുത്തുന്ന ഗംഗാതീരത്തെ മായാവലയം, അതായിരുന്നു എന്റെ കാഴ്ചയിൽ പതിഞ്ഞ കാശി. ആ കാഴ്ചകളിലേക്കാണ് ഒരിക്കൽ എന്റെ തീവണ്ടി യാത്ര ചെന്നുനിന്നത്. ആ യാത്രയിലുടനീളം ജീവിതവും മരണവും ഒരേ നാണയത്തിനിരുവശമെന്നപോലെ എനിക്കു മുന്നിൽ കറങ്ങിത്തിരിഞ്ഞു വീണുകൊണ്ടേയിരുന്നു. ഒരുവശത്ത് അത് വർണ്ണാഭമായ ആഘോഷങ്ങളായി പടരുമ്പോൾ, തൊട്ടപ്പുറത്തുള്ള മണികർണ്ണികാ ഘാട്ടിൽ ചിതകൾ ഒരിക്കലും അണയാതെ എരിഞ്ഞുകൊണ്ടേയിരുന്നു.
‘കാശിയെന്ന നഗരത്തിലേക്ക് അത്ര എളുപ്പത്തിൽ ആർക്കും എത്തിപ്പെടുവാനാകില്ല, അതിന് കാശി നമ്മെ വിളിക്കുക തന്നെ വേണം.’ ഞാൻ കാശിയിൽ പോയെന്നറിഞ്ഞപ്പോൾ എന്റെ പല സുഹൃത്തുക്കളും പറഞ്ഞ വാചകം ഇതായിരുന്നു. ആ വാക്കുകളിൽനിന്നായിരുന്നു ഈ നോവലിന്റെ ഉറവിടവും. വാരാണസിക്കാഴ്ചകൾ നേരിട്ടുകാണുമ്പോൾ ആ വാക്കുകൾ വെറുതെയല്ലെന്ന് തോന്നിപ്പോയെന്നത് വാസ്തവം. എന്തൊക്കെയോ ഒരു മായാജാലം സഹസ്രാബ്ദങ്ങളുടെ ഐതിഹ്യം പേറുന്ന ആ മണ്ണിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് പലവുരു എന്റെ തോന്നലുകളിൽ കുടിയേറി. ആ മണ്ണിനെയാണ് ഞാൻ കുറേയേറെ ദിവസങ്ങൾ നടന്നും കണ്ടും കേട്ടും അറിഞ്ഞത്. ആ മായാവലയത്തിൽ ഭാവനയുടെ മേമ്പൊടി കൂടി ചാലിച്ച്, കേട്ടതും കണ്ടതുമായ കുറച്ച് കാര്യങ്ങൾകൂടി കോർത്തിണക്കി സത്യത്തിനും മിഥ്യയ്ക്കുമിടയിൽ അവതരിപ്പിക്കുവാനുള്ള എന്റെ എളിയ ശ്രമമാണ് ഈ നോവൽ.
